ആലുവ :ദൈവദാസി മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട നുബന്ധിച്ച് സിടിസി സെൻ്റ് ജോസഫ് പ്രൊവിൻസ് മദർ ഏലീശ്വാ പ്രത്യാശയുടെ ദീപശിഖ എന്ന പേരിൽസംഘടിപ്പിച്ച ഏകദിന പഠനശിബിരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് ശക്തമായ മുന്നേറ്റമുണ്ടായത് മദർ ഏലീശ്വായുടെ സാമൂഹ്യ ഇടപെടലുകൾ കൊണ്ടാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ചരിത്രം മദർ ഏലീശ്വായോട് വേണ്ടത്ര നീതി പുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. മദർ തുടക്കം കുറിച്ച സന്യാസ സഭയുടെ നേതൃത്വത്തിൽ ഇന്ന് ലോകമെമ്പാടും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽവിലമതിക്കാനാവാത്ത സംഭാവനകൾ നൽകാൻ സി.റ്റി.സി സന്യാസികൾക്ക് സാധിക്കുന്നുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലുവ സെൻ്റ് സേവ്യേയേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സെൻ്റ് സേവ്യേഴ്സ് കോളേജ് മാനേജർ സിസ്റ്റർ ചാൾസ് സിടിസി അധ്യക്ഷത വഹിച്ചു. സി.റ്റി. സി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ സിസ്റ്റർ പേഴ്സി സിടിസി, കിഫ്ബി വൈസ് ചെയർപേഴ്സൺ മിനി ആന്റണി,കവയത്രി മോളി ജോസഫ്,പ്രൊവിൻഷ്യൽ കൗൺസിലർ , സിസ്റ്റർ ഷാരിൻ സിടിസി എന്നിവർ പ്രസംഗിച്ചു.
കേരള സാമൂഹിക നവോത്ഥാനവും മദർ ഏലീശ്വായും എന്ന വിഷയത്തിൽ നടത്തിയ ആദ്യ സെഷനിൽ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ മുൻ ദേശീയ പ്രസിഡൻ്റ് ജോയ് ഗോതുരുത്തും,ദൈവ കരങ്ങളിലെ സുവർണ്ണ തൂലിക – മദർ ഏലീശ്വായുടെ ജീവിതവും പ്രവർത്തന വഴികളും എന്ന വിഷയത്തിൽ എഴുത്തുകാരിയും സെൻ്റ് സേവ്യേഴ്സ് കോളേജ് മുൻ പ്രൊഫസറുമായ ഡോ.രതി മേനോനും മദർ ഏലീശ്വ, പ്രത്യാശയുടെ തീർത്ഥാടക : എന്ന വിഷയത്തിൽ സിടിസി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഡോ.ശാലിനി സിടി സിയും വിഷയങ്ങൾ അവതരിപ്പിച്ചു.
കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി ജോർജ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ് എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ,എറണാകുളം സെൻ്റ് തെരേസാസ് കോളേജ് മുൻ പ്രൊഫസർ ഡോ.ഗ്ലാഡിസ് തമ്പി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രതികരണങ്ങൾ നടത്തി.ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജ് പ്രതിനിധികളും വിവിധ സഭാ സാമൂഹിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും ഏകദിന പഠന ശിബിരത്തിൽ പങ്കെടുത്തു.