എറണാകുളം: പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ സ്ത്രീസമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് മലയാളക്കരയില്‍ സ്ത്രീസന്ന്യാസസമര്പ്പണത്തിന്റെ ആദ്യ മാതൃക രൂപപ്പെടുത്തിയ ധന്യയായ മദര്‍ ഏലീശ്വയുടെ പുണ്യജീവിതത്തിന്റെ മഹിമ അതിന്റെ ചരിത്രഭൂമികയില്‍ കൂടുതല്‍ മിഴിവോടെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ എംപിയും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് പ്രസിഡന്റുമായ ഡോ. ചാള്‍സ് ഡയസ് പറഞ്ഞു.
കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മലീത്താ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപികയുമായ മദര്‍ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, മദര്‍ തന്റെ സമര്‍പ്പിത ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ 23 വര്‍ഷം ജീവിക്കുകയും സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്ത, തെരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ (സിടിസി) മാതൃഭവനമായ വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റില്‍ സംഘടിപ്പിച്ച ‘എലിഷേവ 2025’ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവം നിയോഗിച്ച വഴിയിലൂടെ നടന്ന മദര്‍ ഏലീശ്വ സ്ഥാപിച്ച പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) എന്ന സന്ന്യാസിനീ സമൂഹത്തില്‍ നിന്ന് ഉടലെടുത്ത രണ്ട് പ്രേഷിതസമൂഹങ്ങള് ഇന്ന് ലോകത്തിനു പകര്‍ന്നുകൊടുക്കുന്ന നന്മകളും സംഭാവനകളും വിലയിരുത്തുമ്പോള്‍ ചെന്നെത്തുക ആ പുണ്യജീവിതത്തിന് ദൈവത്തിന്റെയും പൊതുസമൂഹത്തിന്റെയും അംഗീകാരമായ വിശുദ്ധപദത്തിലേക്കു തന്നെയാണ്.
തന്റെ മകളോടും അനുജത്തിയോടുമൊപ്പം മദര്‍ ഏലീശ്വ തുടങ്ങിവച്ച വലിയ പ്രസ്ഥാനം ചരിത്രത്തില്‍ ഒരു മഹാസംഭവമായി അടയാളപ്പെടുത്തേണ്ടതുതന്നെയാണ്. വരാപ്പുഴ വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന ആര്‍ച്ച്ബിഷപ് ബെര്ണദീന് ബച്ചിനെല്ലി മദര്‍ ഏലീശ്വയ്ക്ക് ഏല്‍പ്പിച്ചുകൊടുത്തത് സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന വലിയ ദൗത്യമാണ്. അത് ചൈതന്യപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് മദര്‍ ഏലീശ്വാ കൂനമ്മാവിലും പിന്നീട് വരാപ്പുഴയിലും പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്കൂളും ബോര്‍ഡിങ്ങും അഗതിമന്ദിരവും ഗാര്‍ഹിക കരവിരുത് പരിശീലനകേന്ദ്രവും ആരംഭിച്ചു.
ഇന്ന് സിടിസി സമൂഹം 11 പ്രൊവിന്‍സുകളിലായി, 77 രൂപതകളിലായി, 223 കോണ്‍വെന്റുകളിലായി, 1400-ലേറെ സന്ന്യാസിനിമാര്‍ ഉള്‍ക്കൊള്ളുന്ന വലിയ പ്രസ്ഥാനമായി വളര്ന്നുപന്തലിച്ചുനില്ക്കുമ്പോള്, മദര്‍ ഏലീശ്വയുടെ ജീവിതം എത്ര ധന്യമായിരുന്നു എന്ന് നമുക്കു കാണുവാന്‍ കഴിയും. ജാതിവിവേചനത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും കാലത്താണ് സ്ത്രീവിദ്യാഭ്യാസമെന്ന വലിയ ദൗത്യത്തിന് മദര്‍ ഇറങ്ങിപുറപ്പെട്ടത്. ഇന്ന് രാജ്യത്തിനകത്തും പുറത്തും സുവിശേഷപ്രഘോഷത്തിനു മാത്രമല്ല, സാമൂഹിക ഉദ്ധാരണം ലക്ഷ്യംവച്ചുകൊണ്ട് ഏറ്റവും ദുര്‍ബലരായവര്‍ക്കിടയില്‍ കാരുണ്യശുശ്രൂഷയ്ക്കും വിദ്യാദാനത്തിനും നേതൃത്വം നല്‍കുകയും, സ്ത്രീതടവുകാരുടെയും പലതരത്തിലുമുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സന്ന്യാസിനീസമൂഹത്തിന്റെ മഹത്തായ സേവനദൗത്യത്തെ ഇന്ന് ലോകം മുഴുവന്‍ ആദരിക്കുന്നുണ്ട്. ഈ വലിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മദര്‍ ഏലീശ്വായെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്കു കടക്കുമ്പോള്‍ സഭയും ദൈവജനവും പൊതുസമൂഹവും കൃതജ്ഞതാഭരിതരാണെന്ന് ഡോ. ചാള്‍സ് ഡയസ് അനുസ്മരിച്ചു.
ഏലീശ്വാമ്മ സമൂഹത്തിനു പകര്‍ന്നു നല്കിയ മൂല്യങ്ങളുടെ സവിശേഷത
ആഴത്തില്‍ വിലയിരുത്തണം-ഡോ. അഗസ്റ്റിന് മുള്ളൂര്‍
ദാമ്പത്യം, മാതൃത്വം, വൈധവ്യം എന്നിങ്ങനെ പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഏലീശ്വാമ്മ സന്ന്യാസജീവിത ശൈലി രൂപപ്പെടുത്തിയപ്പോള്‍ സമൂഹത്തിനു പകര്‍ന്നു നല്കിയ മൂല്യങ്ങളുടെ സവിശേഷത ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ടെന്ന് നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തിരുകര്‍മ ആഘോഷത്തിനായി വരാപ്പുഴ അതിരൂപതയില്‍ രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിയുടെ അധ്യക്ഷനുമായ റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.
മദര്‍ ഏലിശ്വായുടെ ആത്മീയ വ്യക്തിത്വത്തെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിത നവീകരണത്തിനുള്ള പ്രവര്‍ത്തന മാതൃകകള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. വ്യാഖ്യാനം ഒരു അന്തര്‍ സാംസ്കാരിക സംഭാഷണമാണ്. ഇത് ഒരു എത്തിച്ചേരലിന്റെ നിമിഷമല്ല, ഒരു തുടക്കത്തിന്റെ നിമിഷമാണ്. ഏലീശ്വാമ്മയുടെ സംസ്കാരവും നമ്മുടെ ഇന്നത്തെ സംസ്കാരവും തമ്മിലുള്ള ഒരു സംഭാഷണത്തിലൂടെ പ്രകാശിതമാകുന്നത് നമ്മള് തന്നെ ഏറ്റെടുക്കേണ്ട ജീവിതശൈലിയുടെ, അതിന്റെ ഫലമായി സമൂഹത്തിന് നമ്മുടെ ജീവിതത്തിലൂടെ ധന്യമായ സംഭാവനകള്‍ കൊടുക്കുന്നതിനുള്ള പ്രചോദനമാണ്.
ഏലീശ്വാമ്മയുടെ ജീവിതത്തെ ചൂഴ്ന്നുനിന്നിരുന്നത് കര്‍മലീത്താ ആത്മീയതയുടെ സംസ്കാരമാണ്. മലയാളക്കരയില്‍ 1657-ല്‍ തുടങ്ങുന്ന 300 വര്‍ഷത്തെ കര്‍മലീത്താ മിഷനറിമാരുടെ അജപാലന, അനുരഞ്ജന ശുശ്രൂഷയുടെ ആത്മീയ, സാംസ്കാരിക, സാമൂഹിക നവോത്ഥാന ഫലങ്ങള്‍ ഓച്ചംതുരുത്തിലും കൂനമ്മാവിലും വരാപ്പുഴയിലും നിറഞ്ഞുനിന്നിരുന്നു. കോട്ടാര്‍ മുതല്‍ മംഗലാപുരം വരെയുള്ള അന്നത്തെ കേരളസഭയുടെ മുഖ്യകാര്യാലയം വരാപ്പുഴയിലാണ്. കൂനമ്മാവില്‍ അന്ന് കര്‍മലീത്താ സന്ന്യാസശൈലിയെക്കുറിച്ചു മാത്രമേ ഏലീശ്വായ്ക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് ഒരു യാഥാര്‍ഥ്യമാണ്.
യേശുവിന്റെ ഉറ്റ സ്നേഹിതരായി, തെരേസ്യന്‍ കര്‍മലീത്താ ജീവിതശൈലി അനുസരിച്ച് പ്രാര്‍ഥനയിലൂടെ ദൈവിക രഹസ്യങ്ങള്‍ അറിയുന്നവരായി, സാഹോദര്യത്തില്‍ മുഴുകി, സമൂഹത്തില്‍ ജീവിക്കുന്നവരായി, അതോടൊപ്പം സഭയിലെ പ്രേഷിതരും പ്രവാചകരുമായി ജീവിക്കുന്ന ഒരുകൂട്ടം സാധ്വികളുടെ സമൂഹം. അങ്ങനെയുള്ള കര്‍മലീത്താ ജീവിതശൈലി അനുസരിച്ച് ഒരു സന്ന്യാസ സമൂഹത്തിന് രൂപം കൊടുത്തപ്പോള്‍, ഏലീശ്വാമ്മയ്ക്കു മാത്രം സഹജമായിരുന്ന, ദൈവം പ്രത്യേകം ഒരുക്കിക്കൊടുത്ത മൂന്ന് കാര്യങ്ങളുണ്ട്: ദാമ്പത്യജീവിതം, മാതൃത്വം, വൈധവ്യം എന്നിങ്ങനെ പച്ചയായ മനുഷ്യജീവിതത്തിന്റെ അനുഭവങ്ങള്‍. ഉത്തമ കുടുംബജീവിതം നയിച്ചവളാണ് ഏലീശ്വ. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹനീയമാണ് മാതൃത്വം. മാതൃത്വത്തിന്റെ അനുഭവം സന്ന്യാസ ജീവിതശൈലിക്ക് രൂപം കൊടുത്തപ്പോള്‍ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. വൈധവ്യത്തിന്റെ അഴലുകളും ആന്തരിക വ്യാകുലതകളും ദൈവാശ്രയത്തിലേക്കു നയിക്കുന്നതിനുള്ള നിമിത്തമാണ്. ഈ മൂന്നു കാര്യങ്ങള്‍ സാധാരണ ഒരു സഭാ സ്ഥാപികയ്ക്ക് കിട്ടുന്ന ജീവിതാനുഭവമല്ല.
ഈ അമ്മ എപ്രകാരമാണ് കര്‍മലീത്താ സിദ്ധിയെ പുനര്‍വ്യാഖ്യാനം ചെയ്ത്, നമ്മുടെ ഈ മണ്ണിന്റെ സാഹചര്യത്തില്‍ സഭയ്ക്ക് ആത്മീയ പുഷ്ടി നല്കുന്ന ടിഒസിഡി എന്ന സമൂഹത്തിനും പിന്നീട് സിടിസി, സിഎംസി എന്നിവയ്ക്കും അടിസ്ഥാനമായ സന്ന്യാസജീവിതശൈലിയുടെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയതെന്ന് ആഴത്തില്‍ വിചിന്തനം ചെയ്യേണ്ടതുണ്ട്.
ഇതോടൊപ്പം രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്: സാധുത്വവും, എല്ലാം ഉണ്ടായിരുന്നപ്പോഴും ദൈവത്തില്‍ മാത്രം ആശ്രയിക്കുന്ന ഒരു ശൈലിയും. മറ്റുള്ളതെല്ലാം വിട്ടിട്ട് ദൈവത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ട് ചുറ്റുമുള്ള സാധുക്കളായ വ്യക്തികളുടെ ജീവിതസാഹചര്യങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവച്ച് അവയെ വരിച്ച്, അതൊക്കെ സ്വന്തം അനുഭവമാക്കി ജീവിക്കുന്ന വ്യക്തിത്വം. പ്രാര്‍ഥനയുടെ മനോഭാവവും യേശുവുമായിട്ടുള്ള ബന്ധവും മദര്‍ ഏലീശ്വയുടെ ആധ്യാത്മികതയെ ധന്യമാക്കിയതങ്ങനെയാണെന്ന് ഫാ. മുള്ളൂര്‍ എടുത്തുകാട്ടി.