തുംദേഗി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ തുംദേഗിയിലുള്ള സെന്റ് ജോസഫ് പള്ളിയിൽ മുഖംമൂടി ധരിച്ച കൊള്ള സംഘം അതിക്രമിച്ചു കയറി വൈദികരെ ശാരീരികമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു.
ആക്രമണത്തില്‍ രണ്ട് വൈദികർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരിന്നു സംഭവം.ഫാ. ഡീൻ തോമസ് സോറെങ്ങിനും യുവജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ഇമ്മാനുവൽ ബാഗ്വാറിനുമാണ് പരിക്കേറ്റത്.
ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം മോഷണമാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ കേന്ദ്രത്തെ മനഃപൂർവ്വം ലക്ഷ്യംവെയ്ക്കുന്നത് സാമുദായിക ഐക്യത്തെയും പൊതു സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നും ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി ആക്രമികളെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഫാ. പത്രാസ് മാർക്കി പറഞ്ഞു.
അക്രമത്തെ പ്രാദേശിക കത്തോലിക്കാ സഭാനേതൃത്വം അപലപിച്ചു. കുറ്റവാളികളെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഇരകൾക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുന്നതിനും ഭരണപരമായ നടപടികൾ സ്വീകരിക്കണമെന്ന് വിശ്വാസി സമൂഹം അഭ്യർത്ഥിച്ചു. ഏതാനും ദിവസം മുന്‍പ് ജാര്‍ഖണ്ഡിൽ വത്തിക്കാൻ സിറ്റി മാതൃകയില്‍ ദുര്‍ഗാപൂജ പന്തലുണ്ടാക്കിയ തീവ്രഹിന്ദുത്വ സംഘടനകളുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.