കവർ സ്റ്റോറി / ജെക്കോബി
വിശുദ്ധഗ്രന്ഥവായനയെയും ആരാധനക്രമത്തെയും പ്രാര്ഥനയെയും തങ്ങള്‍ പച്ചയ്ക്കു ജീവിക്കുന്ന ജീവിതവുമായി ബന്ധപ്പെടുത്തി സാധാരണക്കാര്‍ സ്വയം പുനര്‍നിര്‍വചിക്കുന്ന, ക്രൈസ്തവ സന്ദേശത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും സാമൂഹിക നീതിക്കുമായുള്ള രാഷ് ട്രീയ പോരാട്ടത്തിന്റെ മൂലമന്ത്രവും മുദ്രാവാക്യവുമാക്കുന്ന പാവപ്പെട്ട അല്മായരുടെ ചെറുസംഘങ്ങള്‍, വ്യവസ്ഥാപിത സഭാശ്രേണികള്ക്ക് ഗ്രഹിക്കാനാവാത്ത ഉണര്‍വിന്റെയും അഭിഷേകത്തിന്റെയും ആത്മനവീകരണത്തിന്റെയും കൂട്ടായ്മയില്‍ വളരുന്ന ലാറ്റിന്‍ അമേരിക്കയിലെ ‘കൊമ്യൂണിദാദെസ് എക്ളേസിയാലെസ് ദെ ബാസെ’ എന്ന അടിസ്ഥാന ക്രൈസ്തവ സഭാ സമൂഹങ്ങളില്‍ വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയില്‍ നിന്നുള്ള ഫാ. വര്‍ഗീസ് എടത്തില്‍ ആകൃഷ്ടനായത് ബാംഗളൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ തത്ത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാനോന്‍ നിയമത്തില്‍ മാസ്റ്റേഴ്സ് പഠനകാലത്താണ്.

ഫാ. വര്‍ഗീസ് എടത്തില്‍ സ്പെയിനിലെ അലികാന്തെ രൂപതയിലെ തന്റെ ഇടവകജനങ്ങളുടെ പ്രതിനിധികളോടൊപ്പം.
ഭൂമുഖത്തെ ഏറ്റവും പുഷ്കലമായ, തീക്ഷ്ണതയേറിയ ക്രൈസ്തവസാക്ഷ്യത്തിന്റെ അരുളും പൊരുളും നേരിട്ട് അനുഭവിക്കാനും വീണ്ടെടുപ്പിന്റെ സുവിശേഷ വിപ്ലവത്തില്‍ പങ്കുചേരാനുമുള്ള ആഗ്രഹം അദമ്യമായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ പ്രേഷിതദൗത്യത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുമ്പോള്‍, മധ്യ അമേരിക്കയിലെ പാനമ സിറ്റിയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ നയതന്ത്രജ്ഞനായി സേവനം ചെയ്തിരുന്ന, വരാപ്പുഴ അതിരൂപതയില്‍ തന്നോടൊപ്പം പൗരോഹിത്യം സ്വീകരിച്ച മോണ്‍. ജയിന് മെന്‍ഡസ് നിര്‍ദേശിച്ചതാണ് പാനമയിലെ മിഷന് ദൗത്യം.
ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്തോ ദൊമിങ്കോയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറിലെ കോണ്സലറായിരിക്കെ, ഇക്കഴിഞ്ഞ മാസം യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പെര്‍മനന്റ് ഒബ്സര്‍വറായി ലെയോ പാപ്പാ നിയമിച്ച മോണ്‍. ജെയിന് മെന്‍ഡസ് അന്ന് പാനമയിലെ കൊളോണ്‍-കൂനയാല രൂപതയുടെ കാര്യം പറഞ്ഞു. അവിടത്തെ മെത്രാന് കത്തെഴുതി. തന്നെ സ്വീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.
‘സ്വന്തം റിസ്ക്കില്‍’ പോകാന്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡാനിയല്‍ അച്ചാരുപറമ്പില്‍ അനുമതി നല്കി. യുഎസ് വിസയ്ക്കായി അപേക്ഷിച്ചപ്പോള്‍, ഇന്റര്‍വ്യൂവില്‍ സ്പാനിഷ് ഭാഷ അറിയാമോ എന്ന ചോദ്യം വന്നു. സ്പാനിഷ് അറിയാതെ പാനമയില്‍ എന്തു സഭാപ്രവര്‍ത്തനം നടത്താനാണ് എന്ന് യുഎസ് കോണ്‍സുലര്‍ ഉദ്യോഗസ്ഥന് ചോദിച്ചു. ആദ്യത്തെ കടമ്പ ഭാഷയുടേതായിരുന്നു.
വിസ കിട്ടിയപ്പോഴേക്കും, പാനമയില്‍ ആകെയുണ്ടായിരുന്ന കോണ്ടാക്റ്റ് പേഴ്സണ്‍, മോണ്‍. മെന്‍ഡസ്, ഉറുഗ്വായിലെ വത്തിക്കാന്‍ എംബസിയിലേക്ക് സ്ഥലംമാറിപ്പോയിരുന്നു.
സ്വീകരിക്കാന്‍ എംസി സിസ്റ്റര്‍
2002 ഫെബ്രുവരി 27-നാണ് ഫാ. വര്‍ഗീസ് ‘നമ്മുടെ ഈ ഭൂഗോളത്തിന്റെ നേരെ മറുവശത്തേക്ക്,’ ഭൂഖണ്ഡങ്ങള്‍ കടന്ന്, ആംസ്റ്റര്‍ഡാം, കരാക്കസ് വഴി 36 മണിക്കൂര്‍ യാത്ര ചെയ്ത് പാനമ സിറ്റിയിലെത്തിയത്. ”സന്ധ്യാനേരത്ത് വിമാനമിറങ്ങുമ്പോള്‍, അവിടെ ആരെങ്കിലും സ്വീകരിക്കാനുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ ദൈവനിയോഗം പോലെ, വിമാനത്താവളത്തില്‍ നമ്മുടെ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ നീലക്കരയുള്ള വെള്ളസാരിയണിഞ്ഞ ഒരു സിസ്റ്ററെ കണ്ടു. കോസ്റ്റ റീക്കയില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത് പാനമയില്‍ തിരിച്ചെത്തിയതാണ് സിസ്റ്റര്‍ ആന്‍ റോസ്. കേരളത്തില്‍ നിന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന പുതിയൊരു ചാപ്ലിന് എംസി സിസ്റ്റേഴ്സിനും അവരുടെ വയോജനകേന്ദ്രത്തിനുമായി വരുന്നുണ്ടെന്ന് ബിഷപ് അവരോട് പറഞ്ഞിരുന്നു. പാനമ സിറ്റിയില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയുള്ള കൊളോണിലേക്ക് സിസ്റ്റര്‍ കൊണ്ടുപോയി.”
തെക്കേ അമേരിക്ക, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന, അറ്റ്ലാന്റിക് സമുദ്രത്തിനും (കരീബിയന്‍ കടല്‍) പസഫിക് സമുദ്രത്തിനും (പാനമ ഉള്‍ക്കടല്‍) ഇടയില്‍, കോസ്റ്റ റീക്കയില്‍ നിന്ന് കൊളംബിയ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ ഇസ്മസ് കരഭാഗത്താണ് പാനമ എന്ന ചെറുരാജ്യം.

പാനമ കനാലിന്റെ ഒരു ദൃശ്യം
ഇവിടെയാണ് അറ്റ്ലാന്റിക്-പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന എന്‍ജിനിയറിങ് വിസ്മയമായ ഷോര്‍ട്ട്കട്ട്, 82 കിലോമീറ്റര്‍ നീളമുള്ള മനുഷ്യനിര്‍മിതമായ പാനമ കനാല്‍ സ്ഥിതിചെയ്യുന്നത്. ഈ കനാല്‍ വരുന്നതിനു മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തിലെ ന്യൂയോര്‍ക്കില്‍ നിന്ന് പസഫിക് സമുദ്രത്തിലെ സാന്‍ ഫ്രാന്സിസ്കോയിലെത്താന് ഒരു കപ്പല്‍ തെക്കേ അമേരിക്ക ചുറ്റി 22,500 കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. എന്നാല്‍ പാനമ കനാലിലൂടെ കടന്ന് ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ ഫ്രാന്സിസ്കോയിലെത്താന് 9,500 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. ലോക്ക്ഗേറ്റുള്ള ചേംബറുകളില്‍ ഘട്ടംഘട്ടമായി വെള്ളംനിറച്ച് കപ്പലുകളെ സമുദ്രനിരപ്പില്‍ നിന്ന് 26 മീറ്റര്‍ വരെ ഉയര്‍ത്തിയാണ് ഗത്തൂണ് തടാകത്തിലൂടെ കടത്തിവിടുന്നത്. അതിശയപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഈ ക്രോസിങ്.
പാനമയില്‍ അറ്റ്ലാന്റിക് തീരത്ത് ക്രിസ്റ്റഫര്‍ കൊളംബസിന്റെ പേരിലുള്ള തുറമുഖ പട്ടണമാണ് കൊളോണ്‍. കനാലിനു കിഴക്കുഭാഗത്തായി മലകളിലും പുഴയോരങ്ങളിലുമായി ജീവിക്കുന്ന റെഡ് ഇന്ത്യന്‍ വംശജര്‍, പടിഞ്ഞാറുഭാഗത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപസമൂഹങ്ങളില്‍ കഴിഞ്ഞിരുന്ന കൂനാസ് ഗോത്രവര്‍ഗക്കാര്‍, ഇതിനു മധ്യത്തിലായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന നാഗരികര്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കായി 1988-ല്‍ സ്ഥാപിതമായതാണ് കൊളോണ്‍-കൂനയാല രൂപത.
പാനമയിലെ സ്പാനിഷ് സംസാരഭാഷ പഠിക്കാനും പ്രാദേശിക അജപാലന കാര്യങ്ങള്‍ മനസിലാക്കാനും പോര്ത്തൊബെലോയ്ക്ക് അടുത്തുള്ള ഇടവകയില്‍ നാട്ടുകാരനായ ഒരു വൈദികനോടൊപ്പം താമസിക്കാന്‍ ബിഷപ് നിര്‍ദേശം നല്കി. ഒപ്പം മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ ചാപ്ലിന് എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനമേഖലയും കഷ്ടപ്പാടുകളും പ്രേഷിതസമര്‍പ്പണത്തിന്റെ ആഴവും നേരിട്ടു കണ്ടു. ”എന്റെതന്നെ ദൈവവിളിയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഇത് വളരെ സഹായകമായി.”
പാനമ കനാലിന്റെ അറ്റ്ലാന്റിക് ഭാഗത്തെ ഗത്തൂണ് തടാകത്തിലെ ലോക്കുകള്ക്കടുത്ത് അമേരിക്കന്‍ മിലിറ്ററി സോണിലെ ചാപ്പലിലും, കരീബിയനില്‍ നിന്നുള്ള കുടിയേറ്റക്കാരും ഇതര ദരിദ്രവിഭാഗങ്ങളും താമസിച്ചിരുന്ന മേഖലകളിലെ കപ്പേളകളിലും ശുശ്രൂഷ ചെയ്തു. വര്‍ണവിവേചനം, സാമ്പത്തിക അസമത്വം, പലതരത്തിലുള്ള ചൂഷണങ്ങള്‍, അക്രമം, കുടുംബശൈഥില്യം എന്നിങ്ങനെ സാമൂഹിക ജീവിതയാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി, പാവപ്പെട്ടവര്‍ക്കൊപ്പം, അവരുടെ വേദനകളിലും ഇല്ലായ്മയിലും പങ്കുചേര്‍ന്ന് ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍, പുതിയൊരു ഇടവക സമൂഹത്തിലേക്ക് ശുശ്രൂഷാ മേഖല വികസിപ്പിക്കണമെന്ന ആഗ്രഹം ഉടലെടുത്തു.

ഫാ. വര്‍ഗീസ് എടത്തില്‍
വിയ അലോന്ത്രയിലേക്ക്
പതിനാല് ഇടവകകളും 18 വൈദികരും മാത്രമുള്ള രൂപതയില്‍, പുതിയൊരു ഇടവക സ്ഥാപിക്കുക എന്ന ആശയം ബിഷപ്പിനെ ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല. രണ്ട് ഇടവകകള്ക്കിടയില് 27 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വിയ അലോന്ത്ര പ്രദേശത്തെ വിശ്വാസികള്‍ക്ക് ഒരു കപ്പേളയുണ്ടായിരുന്നുവെങ്കിലും തിരുകര്‍മങ്ങള്‍ക്കും കൂദാശകള്‍ക്കും വേണ്ടി അവര്‍ ദീര്‍ഘനാള്‍ കാത്തിരിക്കണമായിരുന്നു.
വൈദികനു താമസിക്കാനുള്ള ഇടവും ദേവാലയശുശ്രൂഷയ്‍ക്കുള്ള സ്ഥിരം സംവിധാനവും ഒരുക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്കും സ്വന്തമായി വഴികണ്ടെത്തണം എന്ന വ്യവസ്ഥയോടെയാണ് ബിഷപ് ഇടവക രൂപീകരണത്തിനു സമ്മതിച്ചത്.
ഒരു സ്റ്റോളും ഏതാനും പഴയ മെഴുകുതിരിക്കാലുകളുമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. പള്ളിയും പട്ടക്കാരനും വേണമെന്ന് താല്പര്യമുള്ളവര്ക്ക് അതിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു. സാഞ്ചസ് എന്ന ഒരു പെയിന്റര്‍ സന്നദ്ധസേവനത്തിന് സഹായിയായി എത്തി. ”ജനലുകള്‍ ഉള്‍പ്പെടെ ഞാന്‍ ഡിസൈന്‍ ചെയ്യുന്നത് അയാള്‍ കൊത്തിയെടുത്തു. പ്ലാന്‍ വരയ്ക്കല്‍, മരപ്പണി, കല്‍പ്പണി, ടൈല്‍ വിരിക്കല്‍ തുടങ്ങി എല്ലാ പണിയും സ്വന്തമായി ചെയ്യാന്‍ പഠിച്ചു. ഒരു മുറി പണിതീര്‍ത്ത് സ്ഥിരതാമസം തുടങ്ങി. കാച്ചിലും കപ്പയും ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റും കളിപ്പാട്ടങ്ങളും മറ്റും കിട്ടുമെന്നായപ്പോള്‍ മറ്റു ചിലരും സഹകരിക്കാന്‍ തയ്യാറായി.” 2003 ഓഗസ്റ്റ് മൂന്നാം തീയതി വിയ അലോന്ത്രയിലെ പഴയ കപ്പേള കേന്ദ്രീകരിച്ച് പുതിയ ഇടവക സ്ഥാപിച്ചു. ആ മേഖലയിലെ ആറു കപ്പേളകളും പുതിയ ഇടവകയുടെ ഭാഗമായി.
വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇംഗ്ലീഷ് സംസാരിച്ചിരുന്നത്. മറ്റുള്ളവരെല്ലാം സ്പാനിഷും. ആധ്യാത്മിക കാര്യങ്ങളില്‍ അത്രകണ്ട് താല്പര്യമില്ലാത്തവരും പതിയെ അടുക്കാന്‍ തുടങ്ങി. തകര്‍ന്ന കുടുംബങ്ങളില്‍, ലഹരിമരുന്നും തോക്കും ഗുണ്ടായിസവുമായി നടക്കുന്ന യുവാക്കള്‍ക്കിടയില്‍, പട്ടിണിയും രോഗങ്ങളുമായി കഴിയുന്നവര്‍ക്കിടയില്‍ ദൈവകാരുണ്യത്തിന്റെയും ക്രിസ്തുവിന്റെ അനുകമ്പയുടെയും പൊറുതിയുടെയും സന്ദേശം എത്തിക്കുന്നതിന്റെ ഫലം പലപ്പോഴും നേരിട്ട് കാണാന്‍ കഴിഞ്ഞു.
ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയും മറ്റുമായി ബന്ധപ്പെട്ട് പാനമയിലും കൊളോണിലും ബിസിനസ് കേന്ദ്രങ്ങളുള്ള ഗുജറാത്ത് വംശജനായ സുരേഷ് പര്‍വാനി എന്ന സാമൂഹിക പ്രവര്ത്തകന് വിയ അലോന്ത്രയിലെ സാധാരണക്കാര്‍ക്കിടയില്‍ താന്‍ ചെയ്യുന്ന സേവനങ്ങള്‍ കണ്ട്, ഭക്ഷ്യവസ്തുക്കളും മറ്റു സാമഗ്രികളും എത്തിച്ചിരുന്നത് ഫാ. വര്‍ഗീസ് അനുസ്മരിക്കുന്നു.
വര്‍ഷങ്ങളോളം വൈദികന് ഇല്ലാതിരുന്നതിനാല്‍ കൂദാശകള്‍ സ്വീകരിക്കാത്തവരായി ധാരാളം പേരുണ്ടായിരുന്നു. ആ ഇടവകയില്‍ പുതിയ പള്ളി നിര്‍മിച്ച് നിത്യവും ദിവ്യബലിയര്‍പ്പിച്ചും മറ്റ് ആരാധനകള്‍ നടത്തിയും കൂടുതല്‍ ആളുകളെ വിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ സാധിച്ചു. അവിടെ സേവനം ചെയ്ത ഏഴുവര്‍ഷത്തിനിടെ 560 ജ്ഞാനസ്നാനവും ഏതാണ്ട് 700 സ്ഥൈര്യലേപനവും നല്‍കാനുള്ള കൃപയുണ്ടായി. ഇതില്‍ അധികവും അന്‍പതു വയസ് പിന്നിട്ടവരായിരുന്നു.
തോക്കിന് ഇരയാകുന്നവര്‍
പാനമ മിഷനിലെ എട്ടര വര്‍ഷക്കാലം, മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരുടെ മൃതസംസ്കാരകര്‍മം നടത്തേണ്ടിവന്നു. ലഹരിമരുന്നുകടത്തും അക്രമിസംഘങ്ങളുമായുള്ള സംഘട്ടനവും പൊലീസുമായുള്ള ഏറ്റുമുട്ടലുമൊക്കെ അവിടെ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. പുറത്തേക്കിറങ്ങുമ്പോള്‍ വൈദികന്റെ കോളര്‍ ധരിക്കുന്നതായിരുന്നു ഏറ്റവും നല്ല കവചം. തോക്കേന്തിയ യുവാക്കള്‍ പോലും ചിലപ്പോള്‍ മുന്നറിയിപ്പു നല്‍കും, ”ഫാദര്‍ അങ്ങോട്ടു പോകേണ്ട, അവിടെ കാര്യങ്ങള്‍ വഷളാണ്.”
അമേരിക്കയുടെ സിഐഎ ചാരനില്‍ നിന്ന് പാനമയിലെ സമഗ്രാധിപതിയായ സൈനിക മേധാവിയായി വളര്‍ന്ന മാനുവല്‍ അന്റോണിയോ നൊറിയേഗയുടെ വാഴ്ചക്കാലത്ത് കണ്ടെയ്നര്‍ കണക്കിന് തോക്കുകളും ലഹരിമരുന്നും എത്തുന്ന ഇടത്താവളമായി പാനമ മാറിയിരുന്നു. പിടിച്ചാല്‍കിട്ടാത്ത നിലയിലെത്തിയപ്പോഴാണ് നൊറിയേഗയെ തളയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് തീരുമാനിച്ചത്. പാനമ സിറ്റിയിലെ വത്തിക്കാന്‍ എംബസിയില്‍ അഭയം തേടിയ നൊറിയേഗയെ പുകച്ചുപുറത്തുചാടിച്ച് 30 വര്‍ഷം ജയിലില്‍ അടച്ചു. കുട്ടികള്‍ പോലും തോക്കേന്തി ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പാരമ്പര്യം പതിറ്റാണ്ടുകളായി അവിടെ നിലനില്‍ക്കുന്നതാണ്.
”റത്തോള് (കുഞ്ഞെലി) എന്നു വിളിപ്പേരുള്ള പതിനേഴുകാരനായ ഒരു വാടകക്കൊലയാളിയുടെ വീരഗാഥ അവിടത്തെ ചെറുപ്പക്കാര്‍ക്ക് വലിയ ആവേശമായിരുന്നു. 14 കൊലക്കേസുകളില്‍ പ്രതിയായിരുന്നു അവന്. പരസ്പരം പോരടിക്കുന്ന സംഘങ്ങള്‍ ആരെയെങ്കിലും വകവരുത്താനുണ്ടെങ്കില് റത്തോളിന് പണംകൊടുത്ത് കാര്യം സാധിക്കും. അനാഥനായപ്പോള്‍ അമ്മൂമ്മയാണ് യുഎസിലേക്കു കൊണ്ടുപോയി അവനെ വളര്‍ത്തിയത്. എന്നാല്‍ പാനമയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് അവനെ ആവശ്യമുണ്ടായിരുന്നു. തടവറയില്‍ കയറി അവനോടു പകരംവീട്ടാന്‍ ചില കൊലയാളിസംഘങ്ങള്‍ വല്ലാതെ പാടുപെട്ടു.”
കരീബിയനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും മാത്രമല്ല ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെയുള്ള അഭയാര്‍ഥികളും കുടിയേറ്റക്കാരും മെക്സിക്കോ-യുഎസ് അതിര്‍ത്തിയിലെത്തുന്നതിന് തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റൂട്ട്, ഡരിയന് ഗ്യാപ് ക്രോസിങ്, കൊളംബിയയ്ക്കും പാനമയ്ക്കും ഇടയ്ക്കുള്ള 60 മൈല്‍ വരുന്ന കൊടുങ്കാടാണ്. ഇരുണ്ട മഴക്കാടും ഉയരമുള്ള മലയും കാട്ടരുവിയും ചതുപ്പും നിറഞ്ഞ ആ പ്രദേശം പലര്‍ക്കും മരണക്കെണിയാണ്. അലാസ്കയില്‍ നിന്ന് അര്‍ജന്റീനയുടെ തെക്കെ അറ്റം വരെ നീണ്ടുകിടക്കുന്ന പാന്‍-അമേരിക്കന്‍ ഹൈവേയില്‍ മുറിഞ്ഞുകിടക്കുന്ന ഭാഗമാണിത്. 2023-ല്‍ 520,000 കുടിയേറ്റക്കാര്‍ ഡരിയന് ഗ്യാപ് താണ്ടിയതായി പാനമ ഗവണ്മെന്റ് സ്ഥിരീകരിക്കുന്നു. കൊളംബിയയില്‍ നിന്നുള്ള ലഹരിക്കടത്തു സംഘങ്ങളുടെ ഭീഷണിയും ഈ മേഖലയില്‍ നിലനില്ക്കുന്നു.
ചെഗ്വേര കണക് ഷന്
ലാറ്റിന്‍ അമേരിക്കയില്‍ പ്രേഷിതവേല ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ജന്റീനയിലെ ലാ പ്ലാത്ത രൂപതയില്‍ ഏതാനും ആഴ്ച ചെലവഴിക്കാന്‍ ഫാ. വര്‍ഗീസിന് അവസരം ലഭിച്ചു. ചെഗുവേര കുട്ടിക്കാലത്ത് താമസിച്ചിരുന്ന അര്‍ജന്റീനയിലെ കൊര്‍ദോബ നഗരത്തിലെ പഴയ വീടും അക്കൂട്ടത്തില്‍ സന്ദര്‍ശിച്ചു. ആസ്തമയ്ക്കു ശമനം കിട്ടാനുള്ള കാലാവസ്ഥ മുന്‍നിര്‍ത്തിയാണ് ചെഗുവേരയെ കൊര്ദോബയിലേക്ക് വീട്ടുകാര്‍ കൊണ്ടുപോയത്. ആ വീട് ഇപ്പോള്‍ ഒരു മ്യൂസിയമാണ്. ചെഗുവേരയുടെ കുട്ടിക്കാലത്തെ പല കൗതുകവസ്തുക്കളും കൗമാരപ്രായക്കാരനായ ചെഗുവേര സൗത്ത് അമേരിക്ക മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ഉപയോഗിച്ചിരുന്ന ബൈക്കും ടൈപ്പ്റൈറ്ററും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ട്. കൊര്‍ദോബയിലെ ചെഗുവേരയുടെ പഴയൊരു കൂട്ടുകാരന്, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ ബാലറ്റിലൂടെ ഭരണത്തിലേറിയ നാടായ കേരളത്തെക്കുറിച്ച് നല്ല മതിപ്പു പ്രകടിപ്പിച്ചത് ഫാ. വര്‍ഗീസ് ഓര്‍ക്കുന്നു.
സ്പെയിനിലേക്ക്
പാനമയില്‍ മിഷനറിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്നേഹിതനാണ് ഫാ. വര്‍ഗീസിനെ സ്പെയിനിലെ ഓറിഹ്വേല-അലികാന്തെ രൂപതയില്‍ അജപാലന ദൗത്യം ഏറ്റെടുക്കാന്‍ ക്ഷണിച്ചത്. ഫോര്മെന്തേരെ ദെല്‍ സെഗൂരയില് ലാ പുരിസിമ എന്ന അമലോദ്ഭവ മാതാവിന്റെ ദേവാലയത്തില്‍ വികാരിയായി പത്തുവര്‍ഷം ശുശ്രൂഷ ചെയ്ത ഫാ. വര്‍ഗീസിനെ ഏതാനും ദിവസം മുന്‍പാണ് മെഡിറ്ററേനിയന്‍ തീരത്തെ വിഖ്യാത ടൂറിസ്റ്റ് കേന്ദ്രമായ വിയഹൊയോസയിലെ നുയെസ്ത്രാ സെനോര ദെല്‍ കാര്‍മെന്‍, സാന്‍ അന്തോണിയോ അബാദ് എന്നീ ഇടവകകളുടെ വികാരിയായി നിയമിച്ചത്. സ്പെയിനില്‍ കടലുമായി ബന്ധപ്പെട്ടവരുടെ മധ്യസ്ഥയാണ് പരിശുദ്ധ കര്‍മലമാതാവ്.
പുരാതന നഗരമായ വിയഹൊയോസയിലെ കര്മലമാതാവിന്റെ ദേവാലയം പ്രസിദ്ധമാണ്. ഒരു ആശുപത്രിയുടെയും വൃദ്ധജനങ്ങള്ക്കുവേണ്ടിയുള്ള മറ്റൊരു കേന്ദ്രത്തിന്റെയും ചാപ്ലിന് കൂടിയാണ് സ്പെയിനില്‍ ‘ഹൊര്‍ഹെ’ (ജോര്‍ജിന്റെയും വര്‍ഗീസിന്റെയും സ്പാനിഷ് രൂപം) എന്ന് ഇടവകക്കാര് വിളിക്കുന്ന ഫാ. വര്‍ഗീസ്. ഏതാണ്ട് 15,000 വിശ്വാസികളുടെ അജപാലന ചുമതലയാണ് വിയഹൊയോസയില് അദ്ദേഹത്തിനുള്ളത്. സ്പെയിനിലെ പ്രധാന ചോക്ലേറ്റ് ഫാക്ടറികളുടെ കേന്ദ്രം കൂടിയാണ് വിയഹൊയോസ. ഈ മെഡിറ്ററേനിയന്‍ തുറമുഖത്ത് അടുക്കുന്ന കപ്പലുകള്‍ മിക്കതും കൊക്കോയുമായാണ് എത്തുന്നത്!
”ഒരുകാലത്ത് സ്പെയിനില്‍ നിന്നു നമ്മുടെ നാട്ടില്‍ വന്ന മിഷനറിമാര്‍ വിതച്ച വചനമല്ലേ ഇന്നു നാം കൊയ്യുന്നത്! ഇപ്പോള്‍ സ്പെയിനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വചനം വിതയ്ക്കാന്‍ നാം വിളിക്കപ്പെടുന്നു – ഇത് ദൈവത്തിന്റെ അനന്തകൃപയല്ലാതെ മറ്റെന്താണ്?”
ഓറിഹ്വേല-അലികാന്തെ രൂപതയിലെ ബിഷപ് ഹൊസെ ഇഞ്ഞാസിയോ മുനിയ, ഇന്നത്തെ യൂറോപ്യന്‍ സമൂഹം നേരിടുന്ന ധാര്‍മിക, സാമൂഹിക, ആധ്യാത്മിക പ്രതിസന്ധികളില്‍ സഭയുടെ പരമ്പരാഗത മൂല്യങ്ങളും അലംഘനീയമായ വിശ്വാസപ്രമാണങ്ങളും ഉയര്‍ത്തിപ്പിടിച്ച് യൂറോപ്പിലെ പുരോഗമനവാദികളെ നിരന്തരം വെല്ലുവിളിക്കുന്ന ദാര്‍ശനികനും മികച്ച കമ്യൂണിക്കേറ്ററുമാണ്. സിക്സ്ത്ത് കോണ്ടിനന്റ് (സെക്സ്തോ കോന്തിനെന്തെ) എന്ന അദ്ദേഹത്തിന്റെ റേഡിയോ മരിയ സ്പെയിന് സംപ്രേഷണം പലപ്പോഴും ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ട്.