പുസ്തകം / ഗീത വിന്‍സെന്റ്
സാബു പുളിക്കത്തറയുടെ ‘നിലാവു കാണുന്ന പെണ്‍കുട്ടി’യെ വായിക്കുമ്പോള്‍ ചെറിയ കഥകളുടെ ഒരു ചെറുകഥാ സമാഹാരം എന്നതിനപ്പുറം ആസ്വാദനത്തിന്റെ ഒരു വലിയ ലോകം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. സാബു സൃഷ്ടിക്കുന്ന മായിക ലോകം ഓരോ കഥകളിലും ഭ്രമാത്മകമായ ഒരു ‘മാക്കൊണ്ട’ എന്ന പോലെ ( ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ സൃഷ്ടിച്ച സാങ്കല്പിക ഭൂമി ) തുരുത്തിനെ ഒരേസമയം പ്രാചീനവല്‍ക്കരിക്കുകയും സമകാലീന കഥാപരിസരങ്ങളില്‍ തളച്ചിടുകയും ചെയ്യുന്നു.
സാഹിത്യകാരന് പലപ്പോഴും ചരിത്രകാരന് കൂടിയായി മാറുന്നു. താന്‍ ജീവിക്കുന്ന കാലം, ദേശം അതിന്റെ ചരിത്രം എന്നിവ എഴുത്തുകാരന്റെ രചനകളിലും കടന്നുകൂടാറുണ്ട്. ‘…. പണ്ടാറടങ്ങ്യ വെള്ളപ്പൊക്കത്തില്‍ പൊന്തിവന്ന കരാണെടാ സന്ത്യാവേ ഇത്. ആ കരേല് പുല്ലു മൊളച്ച് കാടായി. ആ കാട്ടിലോട്ട്, പുഴുക്കളെപ്പോലെ എങ്ങാണ്ടുന്നും ഞൊളച്ച് വന്നതാണ് ഇവടത്തെ ആദ്യത്തെ മനുഷ്യന്മാര്…..’ ‘ഇരുട്ടുകുത്തി’ എന്ന കഥയില്‍ കൊച്ചൂള ചേട്ടന്റെ സംഭാഷണത്തിലൂടെ തുരുത്തിന്റെ വംശാവലിയുടെ ചരിത്രം തുരുത്തിന്റെ വാമൊഴിയില്‍ സാബു അവതരിപ്പിക്കുന്നു. ‘ സത്യം പറഞ്ഞാ ഈ മണ്ണ് ആരിടെം സ്വന്തൊല്ല സന്ത്യാവേ ഇത് കടലിന്റെണ്.. കാക്കടേണ്, പുല്ലിന്റേം പഴുതാരടേമാണ്…’ ഈ ഭൂമി മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടേതും കൂടിയാണെന്ന വിശാലമായ ബഷീറിയന്‍ ചിന്ത (ഭൂമിയുടെ അവകാശികള്‍) ഇവിടെ കടന്നു വരുന്നുണ്ട്.

സാബു പുളിക്കത്തറ
തള്ള എന്ന കഥയില്‍ വര്‍ഗ്ഗ ജാതി വര്‍ണ്ണ ചിന്തകളുടെ അധഃസ്ഥിതിയില്‍ അകപ്പെട്ടു കിടക്കുന്ന ചങ്ങന് എന്ന കഥാപാത്രം തന്റെ വംശാവലിയുടെ പിന്നോക്കാവസ്ഥയുടെ കഥ പറയുന്ന കാളിതള്ളയെ അടപടലം പ്രാകി ജീവിക്കുന്ന സ്വത്വം മറന്നവനാണ്. ചങ്ങന്റെ മകള്‍ ചിരുതയാകട്ടെ മുത്തിയമ്മയില്‍ നിന്നും കഥകള്‍ കേട്ട് അതിന്റെ അംശമായി മാറിയവളാണ്. ചിരുത പെണ്ണ് പറയുന്നുണ്ട് ‘അങ്ങനെ ഞങ്ങ കാര്ന്നോമാരായിട്ടു കറുത്തിട്ടാണ്… ഇതൊക്ക എനിക്ക് എന്റെ മുത്തിയമ്മ പറഞ്ഞു തന്ന കഥേ ലുള്ളതാണ്…എന്റെ അച്ഛന് പക്ഷേ കഥേന്നും ഇഷ്ടമല്ലാട്ട പേട്യാണ്. എന്തിനാണ് കഥകളെ പേടിക്കണേല്ലേ. നമ്മുടെ ഓര്‍മ്മകളല്ലേ… നമ്മുടെ കഥ…. ഓര്‍മ്മകളെ മറന്നാപ്പിന്ന നമ്മുടെ ജീവിതം നടുക്കടലില്‍ തൊഴയില്ലാത്ത വഞ്ചി പോലെണ്…. ‘ നമ്മുടെ സ്വത്വം നഷ്ടപ്പെട്ടാല്‍ നമ്മള് ഒന്നുമല്ലാതാവും എന്ന വലിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഇതിലൂടെ കഥാകാരന് നമുക്ക് നല്‍കുന്നത്.
‘സ്വരം ‘എന്ന കഥയില്‍ പാരാപ്ലീജിക് ആയ നായകന് തന്റെ വീട്ടില്‍ ഫാന്‍ നന്നാക്കാന്‍ വരുന്ന സതീര്‍ത്ഥ്യന്റെ മുന്നില്‍ ഓര്‍മ്മകളുടെ മാക്കാപച്ചയായ പ്രീഡിഗ്രിക്കാലം പങ്കുവയ്ക്കുന്നു. ആത്മാവാണോ ഇറച്ചിയാണോ ആദ്യം ഉണ്ടായത് ആത്മാവിന് ചുറ്റും ഇറച്ചി വളര്‍ന്നുവന്നതാണോ അതോ ഇറച്ചിക്കുള്ളിലേക്ക് ആത്മാവ് കയറിയതാണോ ഇത്തരത്തിലുള്ള താത്വിക ചിന്തകള്‍ കഥാപാത്രമായ സുബിയുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ട്. ശരീരം പുഴുത്തു നാറിയാലും ആത്മാവിന് ഒന്നും സംഭവിക്കില്ല. അത് അപ്പോഴും കഥ പറഞ്ഞു കൊണ്ടേയിരിക്കും. ഇവിടെയൊക്കെ കഥ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് നാം കാണുന്നത്
സാബുവിന്റെ കഥകള്‍ പലതും വല്ലാത്ത ഒരു മാനസിക സംഘര്‍ഷത്തില്‍ നമ്മെ കുരുക്കി ഇടുന്നുണ്ട്.
ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേക്കും ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്കും നീങ്ങാനാവാത്ത വിധം ഒരു ദുഃഖം നമ്മള് അനുഭവിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ്’ ‘നിലാവ് കാണുന്ന പെണ്‍കുട്ടി’ എന്ന കഥയും ആ കഥയിലെ ആന്മേരി എന്ന കഥാപാത്രവും. നിലാവ് പോലെ സുന്ദരമായ ഒരു ജീവിതം സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധി മാത്രമാണ വള്.’പൊതി ‘ എന്ന കഥയില്‍ പൊതിച്ചോറിനായി കൈനീട്ടി തീര്‍ന്നു പോയി എന്നറിയുമ്പോള്‍ അഭിനന്ദിക്കാനായി എത്തിയതാണെന്ന് പറഞ്ഞു ചമ്മല് മറയ്ക്കുന്ന സാഹിത്യകാരനും ‘ഒഴിമുറി ‘എന്ന കഥയില്‍ അപ്പന്റെ മരണത്തിനായി കാത്തിരുന്ന് ഒടുവില്‍ രംഗബോധമില്ലാത്ത കോമാളിയായ മരണം കവര്‍ന്നെടുക്കുന്ന മകനും നമ്മുടെ മനസ്സില്‍ വേദന നിറയ്ക്കുന്ന കഥാപാത്രങ്ങളാണ്.

ഗീത വിന്‍സെന്റ്
ജീവനില്ലാത്ത പാവകള്‍ക്ക് ജീവനുള്ള മനുഷ്യരേക്കാള്‍ അലിവും ആര്‍ദ്രതയും ഉണ്ടെന്ന് വരച്ചു കാണിക്കുന്നു ‘പാവകളുടെ നഗരം ‘എന്ന കഥയില്‍. മാറിവരുന്ന ദാമ്പത്യ സങ്കല്‍പ്പവും അതിന്റെ ജീര്‍ണ്ണതയും ഈ കഥയില്‍ തുറന്നു കാണിക്കുന്നുമുണ്ട്. ബൈബിള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘സ്നേഹിതന് ‘എന്ന കഥയില്‍ സ്നേഹത്തിന്റെ പ്രതീകമായ യേശുദേവനെ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ അവസാനമില്ലാത്ത തൃഷ്ണകളുടെ അറപ്പുരകള്‍ പുതുക്കി പണിയാന്‍ നെട്ടോട്ടമോടുന്ന മൂഢനായ മനുഷ്യന്റെ നേര്‍ചിത്രം കൂടി കാണിച്ചുകൊണ്ട് മുപ്പതു വെള്ളി കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ കൂടി സാബു അവതരിപ്പിക്കുന്നു.
തുരുത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍വെട്ടമാണ് ‘ചരക്ക്’ എന്ന കഥയിലൂടെ ദൃശ്യമാകുന്നത്. ‘ കഥേം കവിതേക്ക കുട്ടികളിട മനസ്സീന്ന് പോയപ്പിന്ന ഇരുട്ടല്ലേ മക്കളെ…’ ‘തുരുത്തില പലചരക്ക് കടകളില്‍ ചരക്കു മാത്രോല്ലല്ലാ വെളിച്ചം കൂടി ഇണ്ടാര്ന്നല്ലാ മനുഷ്യത്വത്തിന്റെ വെളിച്ചം’. തനിക്ക് പൈതൃകമായി ലഭിച്ച പലചരക്ക് കട നിലനിറുത്താന്‍ ശ്രമിക്കുന്ന, പരിപ്പിനൊപ്പം പഴങ്കഥകളും നല്‍കിയിരുന്ന അല്ലേശു കാരണവരും പാശ്ചാത്യ ലോകത്തിരുന്നു കൊണ്ട് റിമോട്ട് കണ്ട്രോളിലൂടെ മാതാപിതാക്കളെ നിയന്ത്രിക്കുന്ന മകനും രണ്ടു തലമുറകളുടെ സാംസ്കാരിക വൈജാത്യങ്ങളുടെ നേര്‍കാഴ്ച്ചയാണ്.
ഭാഷ കൊണ്ട് അനുഗ്രഹീതനായ ഈ കഥാകാരന് ഗോതുരുത്തിന്റെ ചരിത്രം, ജീവിതം, കഥകള്‍ എന്നിവ ഗോതുരുത്തിന്റെ വാമൊഴിയില്‍ ഒഴുക്കോടെ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന് അത് അനായാസമായി ആസ്വദിക്കാന്‍ സാധിക്കുന്നു. ലളിത മധുരമായി കഥകളെ ആവിഷ്ക്കരിക്കുന്നതിലൂടെയാണ് സാബു അനുവാചകരുടെ മനസ്സില്‍ ഇടം നേടുന്നത്. മലയാള സാഹിത്യ ലോകത്തിലെ പുത്തന്‍ പ്രതിഭാശാലികളുടെ ശ്രേണിയിലേക്ക് സാബു പുളിക്കത്തറയും എത്തും എന്നതില്‍ യാതൊരു സംശയവുമില്ല.