പുരാണം / ജെയിംസ് അഗസ്റ്റിന്
അന്ധനു കാഴ്ച്ച നല്കിയ വചനമേ
സന്തതമരുളുക ഒരു വചനം
മാരകമാമെന്റെ ആത്മാവിനന്ധത
ദൂരെയകറ്റി നീ സുഖമാക്കൂ
നിന്മധുവാണികള് കേള്ക്കുവാനായെന്റെ
ബധിരത സദയം നീക്കുക നീ
താവക കരുണകള്‍ പാടുവാനായെന്റെ
നാവിന്റെ കുരുക്കുകള്‍ അഴിക്കുക നീ
പാപത്തിന് ഘോരമാം ഭാരത്തില്‍ അമരും
ലോകത്തിന് അഭയം നിന് വചനമല്ലോ
നിത്യപിതാവിന്റ സ്നേഹത്തിന് വചനമേ
നിത്യവും നീയെന്നെ വിളിക്കേണമേ…
നമ്മുടെ ദിവ്യബലികളില്‍ സുവിശേഷഗീതമായി 1976 മുതല്‍ ആലപിച്ചു വരുന്ന ഗാനമാണിത്. ‘ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ്’ എന്ന പേരിലെ എല്‍.പി.റെക്കോര്‍ഡിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്. ഫാ.മൈക്കിള്‍ പനക്കലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ഇ. മാനുവലാണ്. ജോളി എബ്രഹാമായിരുന്നു ഗായകന്. എല്‍.പി.റെക്കോര്‍ഡുകളില്‍ ഒരു വശത്തു പാട്ടുകള്‍ ചേര്‍ക്കുന്നതിന് 23 മിനിറ്റ് സമയം മാത്രമാണ് ലഭിക്കുക. അത് കൊണ്ട് പാട്ടുകളുടെ ദൈര്‍ഘ്യം കുറവായിരിക്കും. ഈ ഗാനം മൂന്നു മിനിറ്റു പതിനേഴു സെക്കന്റില്‍ തീരും.

ഫാ.മൈക്കിള്‍ പനക്കൽ
വരാപ്പുഴ അതിരൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെയും സി.എ.സി.യുടെയും അമരക്കാരനായിരുന്നു ഫാ.മൈക്കിള്‍ പനക്കല്‍. നല്ലൊരു ചിത്രകാരനുമായിരുന്നു അദ്ദേഹം. തീര്‍ഥാടനകേന്ദ്രമായ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയത്തില്‍ ഫാ.മൈക്കിള്‍ പനക്കല്‍ വരച്ച കുരിശിന്റ വഴിയുടെ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫാ.മൈക്കിള്‍ എഴുതിയ അനേകം ഗാനങ്ങള്‍ നമ്മുടെ ആരാധനാക്രമ ത്തിന്റെ ഭാഗമാണ്. ഇന്ന് അറിയപ്പെടുന്ന പല പ്രതിഭകളേയും കലാലോകത്തേക്കു കൈപിടിച്ചു കൊണ്ടുവന്ന ഗുരു കൂടിയാണ് ഫാ.മൈക്കിള്‍ പനക്കല്‍. മിന്മിനി എന്ന ഇന്ത്യയുടെ പ്രിയഗായികയെ കലാലോകത്തിനു നല്കുന്നതില് ഫാ.മൈക്കിള്‍ പനക്കല്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

എം.ഇ.മാനുവല്‍
തന്റെ ഓര്‍ക്കസ്ട്ര ടീമിനെ നയിച്ചിരുന്ന എം.ഇ.മാനുവേലിനെ സംഗീതസംവിധായകനാക്കി ഉയര്‍ത്തിയതും ഫാ. മൈക്കിളായിരുന്നു. സംഗീതസംവിധായകനായതിനെക്കുറിച്ചും ഈ ഗാനത്തിനു ഈണമിട്ടതിനെപ്പറ്റിയും മുന്‍പൊരിക്കല്‍ എം.ഇ.മാനുവല്‍ പറഞ്ഞത് ചേര്‍ക്കുന്നു.
‘ഞങ്ങളുടെ സംഗമകേന്ദ്രമായിരുന്നു അന്ന് സി.എ.സി. മൈക്കിളച്ചന്റെ മുറിയിലിരുന്ന് മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിക്കും. എല്ലാവരെയും ചിരിപ്പിക്കാനും ആവശ്യമെങ്കില്‍ നര്മഭാഷണത്തിലൂടെ വിമര്‍ശിക്കാനും അദ്ദേഹത്തിനു വൈഭവമുണ്ടായിരുന്നു. കലയും സാഹിത്യവും സംഗീതവും നാടകവുമെല്ലാം ചര്‍ച്ചകളില്‍ കടന്നു വരും. ചിലപ്പോള്‍ അച്ചന് എഴുതിയ പാട്ടുകളെക്കുറിച്ചു പറയും.അങ്ങനെ ഒരു ദിവസം മുറിയിലേക്കു ചെന്നപ്പോള്‍ ഒരു പേപ്പര്‍ എന്റെ കയ്യിലേക്ക് തന്നിട്ടു പറഞ്ഞു. ഈ വരികള്‍ക്ക് മാനുവല്‍ സംഗീതം നല്‍കണം. ഞാന്‍ അന്ന് അധികം പാട്ടുകള്‍ക്കൊന്നും സംഗീതം നല്‍കിയിട്ടില്ല. അച്ചന് ഏല്‍പ്പിച്ചതല്ലേ. സന്തോഷത്തോടെ അവിടെ വച്ചു തന്നെ ഒരു ഈണം നല്കി അച്ചനെ കേള്‍പ്പിച്ചു. അദ്ദേഹത്തിനതു ഇഷ്ടമായി. പിന്നീട് കുറച്ചു നാളുകള്‍ക്കു ശേഷം ഇറങ്ങിയ ഒരു എല്‍.പി. റെക്കോര്‍ഡില്‍ ഈ ഗാനം ചേര്‍ക്കുകയായിരുന്നു.

ജോളി എബ്രഹാം
ഫാ.മൈക്കിള്‍ പനക്കല്‍ എഴുതി എം.ഇ.മാനുവല്‍ സംഗീതം നല്കിയ മറ്റൊരു ഗാനം കൂടി ഇതേ ആല്‍ബത്തില്‍ ചേര്‍ത്തിട്ടുണ്ട്. ‘മധുരപ്രതീക്ഷകള്‍ പൂവണിയും സ്വപ്നമനോഹരവേളയിതാ സ്നേഹസ്വരൂപന് എഴുന്നരുളും മംഗളദായക നിമിഷമിതാ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് യേശുദാസായിരുന്നു. അങ്ങനെ സംഗീതസംവിധാനം തുടങ്ങിയ എം.ഇ.മാനുവല്‍ യേശുദാസിന്റെ സംഘത്തിലെത്തി. യേശുദാസിന്റെ സംഗീതസംഘത്തിന്റെയും തരംഗിണി സ്റ്റുഡിയോയുടെയും ചുമതല ഏറ്റെടുത്തു ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ആ നാളുകളിലാണ് സ്നേഹമാല്യം എന്ന ആല്‍ബത്തിന് മാനുവല്‍ സംഗീതം നല്‍കുന്നത്. ‘പൊന്നൊളിയില്‍ കല്ലറ മിന്നുന്നു’ എന്ന ഗാനം സ്നേഹമാല്യം എന്ന ആല്ബത്തിലെയാണ്.
സിനിമാസംഗീതരംഗത്തു സജീവമായി നിന്നിരുന്ന ജോളി എബ്രഹാം ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ മാത്രമാണ് പാടുന്നത്. ഇനി ദൈവത്തിനു വേണ്ടി മാത്രമേ പാടുന്നുള്ളൂ എന്ന തീരുമാനമെടുത്തു സംഗീതത്തിലൂടെ ആയിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് ജോളി എബ്രഹാം. ഈ ഗാനത്തില്‍ മൈക്കിള്‍ അച്ചന് എഴുതിയതു പോലെ ‘താവക കരുണകള്‍ പാടുവാനായെന്റെ നാവിന്റെ കുരുക്കുകള്‍ അഴിക്കുക നീ’ എന്ന വരികള്‍ ജോളി എബ്രഹാം ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുകയാണ്.
കലാകാരന്മാരെ കൈപിടിച്ചു നടത്തിയ മൈക്കിള്‍ അച്ചനും മികച്ച സംഗീതം നല്കിയ എം.ഇ.മാനുവലും നമ്മെ വിട്ടു പോയെങ്കിലും ഈ ഗാനങ്ങളിലൂടെ അവരെല്ലാം ഓര്‍മ്മിക്കപ്പെടുകയാണ്.