പുരാണം / ജെയിംസ് അഗസ്റ്റിന്
ബിച്ചുതിരുമല, ശ്യാം എന്നീപേരുകള്‍ മലയാള സിനിമാ സംഗീതരംഗത്ത് ഏറ്റവുമധികം പ്രശോഭിച്ചിരുന്ന കാലം. യേശുദാസ് എന്ന ഗായകന് തരംഗിണി എന്ന തന്റെ സംഗീത കമ്പനിക്കായി ഒരു ക്രിസ്തീയഭക്തിഗാന സമാഹാരം നിര്‍മിക്കാന്‍ ഇവരെ ഏല്‍പ്പിക്കുന്നു. 1982-ല്‍ ‘പരിശുദ്ധ ഗാനങ്ങള്‍’ എന്ന പേരില്‍ പ്രകാശനം ചെയ്ത കസ്സെറ്റിലെ എല്ലാ ഗാനങ്ങളും മതഭേദമില്ലാതെ എല്ലാ മലയാളികളും സ്വീകരിച്ചു.
മലയാളത്തില്‍ ആദ്യമായാണ് സിനിമാസംഗീതരംഗത്തു നിന്നും അതിപ്രഗത്ഭരെ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനസമാഹാരം നിര്‍മിക്കാന്‍ ക്ഷണിക്കുന്നത്.
നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും, ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, മിഴിയോരം നനഞ്ഞൊഴുകും, ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പും തുടങ്ങി മലയാളികള്‍ എക്കാലത്തും മാറോടു ചേര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമല യേശുദാസിന്റെ ക്ഷണം സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

സാമുവേല്‍ ജോസഫ് എന്ന സംഗീതസംവിധായകന് അറിയപ്പെട്ടിരുന്നത് ശ്യാം എന്ന പേരിലാണ്. എം.എസ്.വിശ്വനാഥന്, സലില്‍ ചൗധരി എന്നിവരുടെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചതിനു ശേഷമാണു വയലിനിസ്റ്റ് ആയ ശ്യാം സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.
ദേവദാരു പൂത്തു, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ, തൊഴുതു മടങ്ങും സന്ധ്യയുമേതോ, പാവാട വേണം തുടങ്ങിയവയെല്ലാം ശ്യാം സംഗീതം നല്കിയ പാട്ടുകളാണ്. പരിശുദ്ധ ഗാനങ്ങള്‍ എന്ന കസ്സെറ്റിലെ ആദ്യഗാനം അനേകവര്‍ഷം മലയാള ഗാനമേളസംഘങ്ങളുടെയും പ്രാരംഭഗാനമായിരുന്നു.
‘എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീച്ചെടിയായ് വളരേണമേ യഹോവേ’.
ഇന്നും ഈ ഗാനം ഗാനമേളസംഘങ്ങളുടെ പ്രിയഗാനമാണ്.
1980-90 കാലയളവില്‍ ക്രിസ്മസ് ദിനങ്ങളിലെ മനോഹരമായൊരു കാഴ്ചയുണ്ട്. മരപ്പട്ടിക കൊണ്ട് ഫ്രയിം നിര്‍മിച്ച, വെള്ള തുണി പൊതിഞ്ഞ ചതുരപ്പെട്ടിയില്‍ ക്രിസ്മസ് ആശംസകള്‍ എഴുതി, പപ്പാഞ്ഞിയുടെ ചിത്രവും വരച്ചു ചേര്‍ത്തു ആ പെട്ടിക്കുള്ളില്‍ ഒരു പെട്രോമാക്സ് കത്തിച്ചു വച്ചു വീടുകള്‍ തോറും കയറിയിറങ്ങുന്ന കരോള്‍ സംഘങ്ങള്‍. എല്ലാ സംഘവും പാടുന്നൊരു പാട്ടുണ്ടായിരുന്നു.

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന് പൊന്മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്
പിറന്നതിന്നോര്മദിനം’
‘കിഴക്കുദിക്കും മുതലേ നിന്റെ നാമം വാഴ്ത്തിടുന്നു
സകലജനാധിപനുമധീശനും നീയേ
ഏഴയെ പൊടിയില്‍ നിന്നും
ദരിദ്രനെ കുപ്പയില്‍ നിന്നും ഉയര്‍ത്തും മഹത്വം
സ്തുതിക്കപ്പെടുന്നു’.
രചനയിലും സംഗീതത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഈ ഗാനത്തിന്റെ അടുത്ത വരികള്‍ ബിച്ചു തിരുമലയുടെ ബൈബിള്‍ ജ്ഞാനം വെളിപ്പെടുത്തുന്നു.
‘യാക്കോബിന്റെ സന്തതികള്‍
മിശ്രയെമില് നിന്നു വന്നപ്പോള്‍
യോര്ദ്ദാന് പോലും രണ്ടായി മാറി
വഴിയൊരുക്കി’

സെന്റ്.തോമസ് കേരളത്തില്‍ വന്നതിനെക്കുറിച്ചു രണ്ടു ഗാനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്.
‘വന്നൂ കേരളത്തില്‍ അലയാഴികള്‍ പിന്നിട്ടും
തിരുവചനം കൈക്കൊള്ളാന്‍
പലരിലുമതു കൈമാറാന്‍
ഗുരുവരുളാല് അന്നൊരുനാള്‍
സുകൃതന്‍ തോമാശ്ലീഹാ
കൊടുങ്ങല്ലൂരിനരികില്
ഒടുവില്‍ മാല്യങ്കര തന്നില്‍’.
സെന്റ്.തോമസ് കേരളത്തില്‍ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഏഴരപ്പള്ളികളെക്കുറിച്ചുള്ള ഗാനം തുടങ്ങുന്നത് ഇങ്ങനെ.
‘നിരണം പാലയൂര്‍ നിലക്കല്‍ കോട്ടക്കാവ്
കൊക്കമംഗലം കൊല്ലം മാല്യങ്കരയും
ഏഴരപ്പള്ളികളേ’.
ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍.
എന്നും എന്റെ പാപം ചുമന്നവന് ഈ മിശിഹാ,
അപ്പവും വീഞ്ഞുമായ് നിന് മാംസവും രക്തവും നീ,
പിതാവേ കനിയേണമേ,
രാജാധിരാജന് ദേവാദിദേവന്‍,
ഹൃദയം പരിപാവനം മിശിഹാ നിറഞ്ഞു കുടികൊള്ളും ഹൃദയം പരിപാവനം.
മലയാളത്തിലെ എല്ലാം തികഞ്ഞ ക്രിസ്തീയഭക്തിഗാനസമാഹാരങ്ങളില് ആദ്യസ്ഥാനത്തു നില്ക്കുന്ന പരിശുദ്ധഗാനങ്ങള് നമുക്ക് നല്‍കിയവരെ നന്ദിയോടെ സ്മരിക്കാം.