സിനിമ / സിബി ജോയി
‘നിന്റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ’ എന്ന് മംഗളവാര്‍ത്തക്ക് ഉത്തരമരുളിയ അന്ന് മുതല്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ദൈവഹിതം നിറവേറണമെന്ന ഉറച്ച തീരുമാനത്തോടെ നോവുകളും നൊമ്പരങ്ങളും ഹൃദയത്തില്‍ സംവഹിച്ച് രക്ഷാകരകര്മ്മത്തില് പങ്കാളിയായ പരിശുദ്ധ അമ്മയുടെ നൊമ്പരങ്ങള്‍ ഹൃദയസ്പര്‍ശിയായി വരച്ചു കാണിക്കുന്ന സിനിമയാണ് ജോഷി ഇല്ലത്ത് സംവിധാനം ചെയ്ത ‘മൂന്നാം നൊമ്പരം’.
വ്യാകുല മാതാവിന്റെ ഏഴ് നൊമ്പരങ്ങളില്‍ മൂന്നാമത്തെ നൊമ്പരത്തിന് പ്രാധാന്യം നല്കിയ അതിമനോഹരമായ ഈ ബൈബിള്‍ ചലച്ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയുടെയും കണ്ണുകളില്‍ കദനം നിറയുന്നുണ്ടെങ്കില്‍ മനസ് തുടിക്കുന്നുണ്ടെങ്കില്‍ അതൊരു പുനര്‍ വിചിന്തനത്തിന്റെ പുതിയ അധ്യായമായി മാറിയിട്ടുണ്ടാകും.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്, കുറ്റപ്പെടുത്താനുള്ള ആളെയാണ്.
ഭാര്യ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവ് ഭാര്യക്കെതിരെയും വിരല്‍ ചൂണ്ടുന്നിടത്ത് തുടങ്ങും കുടുംബങ്ങളുടെ തകര്‍ച്ചയും വിള്ളലും. അത്തരമൊരു നൊമ്പരത്തീയുടെ ചൂടില്‍ നിന്നും വിശ്വാസത്തിന്റെ പച്ചതുരുത്തിലേക്ക് നസറത്തിലെ തിരുദമ്പതികള് പരസ്പരം കൈപിടിച്ച് ആശ്വാസം പകര്‍ന്നു നടത്തിയ പ്രത്യാശയുടെ അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം.
സ്വന്തം മക്കളെ കാണാതെയാകുന്ന മാതാപിതാക്കളുടെ വ്യഥയും വേദനയും നൊമ്പരവുമെല്ലാം അനുഭവിച്ചറിഞ്ഞവര്ക്ക് മാത്രമേ മനസ്സിലാവൂ.
മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറവുമാണ് മക്കളുടെ തിരോധാനം.
ദൈവകുമാരന്റെ ജീവിതത്തില്‍ തിരുഹിതമാണെങ്കില് കൂടെ, അത്തരമൊരു അനുഭവം നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു പോന്ന തങ്ങളുടെ മകനെ ജെറുസലേം തിരുനാള്‍ കഴിഞ്ഞുപോരുമ്പോള്‍ കാണാതെ പോകുന്ന സംഭവം ആരെയും വ്യാകുലപ്പെടുത്തുന്നതാണ്. കുടുംബ പ്രാര്‍ഥനയില്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കുമ്പോള്‍ സന്തോഷകരമായ ദിവ്യരഹസ്യങ്ങളില്‍ അഞ്ചാമത്തെ രഹസ്യം വെറുതെ ഒരു അധര വ്യായാമം പോലെ ചൊല്ലി പോന്നിരുന്ന നമുക്ക് ഈ സിനിമ കണ്ടിറങ്ങിയാല്‍ ഇനിമുതല്‍ ആ ദിവ്യരഹസ്യം വെറുതെയങ്ങ് ചൊല്ലി പോകാനാവില്ല.
ഒരു ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണം നയിക്കുന്ന പോലെയാണ് ഈ സിനിമ. ഉത്തമ കുടുംബജീവിതം നയിക്കുന്ന ദമ്പതികള്‍ക്കും, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ക്കും, മക്കളെ കാത്തു പാലിക്കുന്ന മാതാപിതാക്കള്‍ക്കും, പ്രതിസന്ധിയില്‍ താങ്ങായി മാറുന്ന ബന്ധു ജനങ്ങള്‍ക്കും വലിയ പ്രചോദനമാകുന്ന ചില ജീവിതരേഖകള്‍ വരച്ചു കാണിക്കുകയാണ് സംവിധായകന് ജോഷി ഇല്ലത്തും ടീമും.
നമ്മളൊക്കെ പല തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമായി യാത്ര ചെയ്യുന്നവരാണ്. കുട്ടികള്‍ കുട്ടികള്‍ക്കൊപ്പവും മുതിര്‍ന്നവര്‍ മുതിര്‍ന്നവര്‍ക്കൊപ്പവും ഒരുമിച്ചായിരിക്കും അത്തരം സന്ദര്‍ഭങ്ങളില്‍ സമയം ചിലവിടുക. അത്തരമൊരു അവസരത്തില്‍ സ്വന്തം കുഞ്ഞിനെ കാണാതായാല്‍ ആദ്യം കുറ്റപ്പെടുത്തുന്നത് ആരെയായിരിക്കും? ഭാര്യ ഭര്‍ത്താവിനെയും, ഭര്‍ത്താവ് ഭാര്യയെയും എന്നത് തീര്‍ച്ചയാണ്. നിന്റെ അശ്രദ്ധയാണ് കാരണമെന്ന് രണ്ടുപേരും പറയും. നിരാശയും സങ്കടവും നിറഞ്ഞ ആ സമയത്ത് അന്യന്റെ നേരെ വിരല്‍ ചൂണ്ടി കുറ്റമാരോപിക്കാനായിരിക്കും നമ്മള് വെമ്പല്‍ കൊള്ളുന്നത്.
യേശുവിന് 12 വയസ് തികഞ്ഞപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ച് ജെറുസലേം ദേവാലയത്തില്‍ പോയി മടങ്ങുമ്പോള്‍ ഈശോ അവരുടെ കൂടെ ഇല്ല എന്ന് തിരിച്ചറിയുന്നത് യാത്ര ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ്.
കാടും മേടും മരുഭൂമിയും പിന്നിട്ട് വളരെയേറെ യാത്ര ചെയ്താണ് ജെറുസലേം ദേവാലയത്തില്‍ തിരുനാളിന് പോകുന്നത്.
തിരുനാള്‍ കഴിഞ്ഞ് മടങ്ങിപ്പോരുമ്പോള്‍ കൂട്ടമായാണ് അവര്‍ യാത്ര ചെയ്യുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേറെ വേറെ സംഘങ്ങള്‍ ഉണ്ടായിരിക്കും. ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് വിശ്രമസ്ഥലത്ത് എത്തിയപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത് തങ്ങളെ ദൈവം ഏല്‍പ്പിച്ച അമൂല്യമായ സമ്പത്ത് നഷ്ടമായ കാര്യം. അസഹനീയമായ വേദനയില്‍ അവര്‍ സങ്കടപ്പെടുന്നു. തങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ദൈവത്തിന്റെ പുത്രനെയാണ് നഷ്ടമായിരിക്കുന്നത്.
എവിടെയാണ് നഷ്ടപ്പെട്ടത് എന്നറിയില്ല. വഴിയിലാണോ ദേവാലയത്തിലാണോ? നൊന്ത് പ്രസവിച്ച തന്റെ മകനെ കാണാതായ വിഷമത്തില്‍ അലയുന്ന അമ്മയെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു എന്ന് പറയാം.
പിന്നീട് മകനെ തേടിയുള്ള യാത്രയില്‍ ആ മാതാവും പിതാവും പരസ്പരം താങ്ങാവുകയാണ്.
നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞ വഴിയിലൂടെ മറിയം സഞ്ചരിക്കുന്നു. ഒപ്പം മാനസികമായ പിന്തുണയോടെ സഞ്ചരിക്കുന്ന യൗസേപ്പിതാവിനെയും നമുക്ക് വ്യക്തമായി കാണാം. പലരോടും അന്വേഷിക്കുന്നു. ആര്‍ക്കും അറിയില്ല. അവസാനം ദേവാലയ പരിസരത്ത് കണ്ടുമുട്ടുന്ന ഒരു ഭിക്ഷക്കാരിയുടെ വാക്കുകള്‍ അവര്‍ക്ക് പ്രത്യാശ നല്‍കുകയാണ്.
12 ഗോത്രങ്ങളാല്‍ അലംകൃതമായ ഈ മണ്ണില്‍ നിങ്ങള്‍ക്ക് അവനെ നഷ്ടമാകില്ല. ഉടന്‍തന്നെ ദേവാലയത്തില്‍ നിന്നും മഹാപുരോഹിതന്റെ ശബ്ദം കേള്‍ക്കുകയാണ്. ദൈവജനമേ ദേവാലയത്തിലേക്ക് കടന്നു വരിക, തിരുഗ്രന്ഥ പാരായണത്തിന് സമയമായി. തുടര്‍ന്ന് ദേവാലയത്തിനകത്ത് പുരോഹിത പ്രമുഖരുമായി തര്ക്കിച്ചിരിക്കുന്ന ബാലനായ യേശുവിനെ കണ്ടെത്തുന്ന രംഗം വളരെ ഹൃദയസ്പര്‍ശിയായി സംവിധായകന് അവതരിപ്പിച്ചിരിക്കുന്നു.
പലപ്പോഴും വായിച്ചും കേട്ടും അറിഞ്ഞ സംഭവമാണെങ്കില്‍ കൂടിയും നേരിട്ട് അനുഭവിക്കുന്ന ഒരു അനുഭവമാണ് ഈ സിനിമയില്‍ സംവിധായകന് നമുക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. പന്ത്രണ്ടാം വയസില്‍ കാണാതാവുന്ന സംഭവം മാത്രമല്ല, മംഗളവാര്‍ത്ത മുതല്‍ മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും വിവാഹവും വിവാഹത്തിന് മുന്‍പ് സംഭവിക്കുന്ന കാര്യങ്ങളും ഗര്‍ഭിണിയായ എലിസബത്തിനെ സന്ദര്‍ശിക്കാനുള്ള മറിയത്തിന്റെ യാത്രയുമൊക്കെ വളരെ ഹൃദ്യമായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നമ്മുടെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളും കുടുംബയോഗ ഭാരവാഹികളുമൊക്കെ ഇത്തരം സിനിമകള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഈ കാലഘട്ടത്തിന് ചേര്‍ന്ന് സുവിശേഷപ്രഘോഷണം സിനിമ എന്ന മാധ്യമത്തിലൂടെ ധീരമായി നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രചോദനം ലഭിക്കുകയുള്ളൂ. കുടുംബജീവിതം നയിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിതെന്ന് സിനിമ കണ്ട ശേഷം വരാപ്പുഴ അതിരൂപത സഹായ മെത്രാന് ബിഷപ് ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. ജീവിതത്തില്‍ നാമനുഭവിക്കുന്ന പലവിധ വ്യഥകളും പരസ്പരം പഴിചാരുന്ന അവസ്ഥയുമൊക്കെ ഇന്നത്തെ ദമ്പതികള്‍ മനസ്സിലാക്കുവാന്‍ ഇത്തരം സിനിമകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ കാലഘട്ടത്തിന്റെ മനോഹരമായ സന്ദേശം നല്കുന്ന വളരെ നല്ല ഒരു സിനിമയാണിതെന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും സാക്ഷ്യപ്പെടുത്തുന്നു.
സിനിമ തുടങ്ങുന്ന നിമിഷം മുതല്‍ അവസാനിക്കുന്നത് വരെ നമ്മളും കഥാപാത്രങ്ങള്‍ക്കൊപ്പം നസറത്തിലൂടെയും ജെറുസലേമിലൂടെയും സഞ്ചരിക്കുകയാണ്. ഒരു മണിക്കൂറും 45 മിനിറ്റുമാണ് സിനിമ. ജോഷി ഇല്ലത്ത് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
സീസണ് മീഡിയയുടെ ബാനറില്‍ ജിജി കര്മലേത്ത് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയമായി വേഷമിട്ടിരിക്കുന്നത് പ്രശസ്ത നടി ധന്യ മേരിയും യൗസേപ്പിതാവായി വേഷമിട്ടത് സാജന് സൂര്യയും ആണ്. എലിസബത്ത് ആയി അംബിക മോഹനും പ്രധാന പുരോഹിതനായി ദിനേശ് പണിക്കരും ശിമയോനായി ക്രിസ് വേണുഗോപാലും അര്ക്കലേവൂസായി ദേവപ്രസാദും വേഷമിട്ടിരിക്കുന്നു.
കപില്‍ കൃഷ്ണയാണ് എഡിറ്റര്‍. രമേശ് മുരളിയും ആവണിയും ഡോ. സതീഷ് ഭട്ടും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. മരിയദാസ് പശ്ചാത്തലസംഗീതം. ഷെജിന്‍ ആലപ്പുഴ പി.ആര്.ഒ. സെപ്റ്റംബര്‍ 26 മുതല്‍ കേരളത്തിലെ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.