പുരാണം / ജെയിംസ് അഗസ്റ്റിന്
ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ
ദിവ്യകാരുണ്യമായി എന്നെത്തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു
സ്നേഹമെന്ന വാക്കിനര്‍ത്ഥം ഭൂമിയില്‍
ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍
സ്നേഹം സഹനമാണെന്നു ഞാനറിയുന്നു
സ്നേഹം മരണമാണെന്നു ഞാന്‍ കാണുന്നു
സ്നേഹം ബലിയായ്ത്തീരുന്നു
ചങ്കും ചോരയുമേകുന്നു
സ്നേഹം കുരിശില്‍ പൂര്‍ണമാകുന്നു
സ്നേഹം കുര്‍ബാനയായ് മാറുന്നു
‘ദി പ്രയര്‍’ എന്ന ഗാനസമാഹാരത്തിലെ ദിവ്യകാരുണ്യഗീതമാണിത്. ഫാ.ജോണ്‍ പൈനുങ്കല്‍ എഴുതി പ്രിന്‍സ് ജോസഫ് സംഗീതം നല്കിയ ഈ ഗാനമാലപിച്ചത് കെസ്റ്ററാണ്. ഇവര്‍ മൂവരും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ദിവ്യകാരുണ്യഗീതങ്ങളെല്ലാം നമ്മുടെ ദേവാലയങ്ങളില്‍ പതിവായി പാടി വരുന്നുണ്ട്. 2013-ല്‍ റിലീസ് ചെയ്ത ‘അന്നയും റസൂലും’ എന്ന സിനിമയിലുടനീളം ഈ ഗാനം ചേര്‍ത്തിട്ടുണ്ട്. സ്നേഹമെന്ന വാക്കിനര്‍ത്ഥം എന്നു തുടങ്ങുന്ന വരികള്‍ ഈ സിനിമയുടെ പ്രമേയമായും മാറി.
മലയാളക്രിസ്തീയ ഭക്തിഗാനശാഖയില്‍ ആരാധനാക്രമങ്ങളില്‍ പാടുന്നതിനു യോഗ്യമായ വരികള്‍ എഴുതിയിട്ടുള്ള ഫാ.ജോണ്‍ പൈനുങ്കല്‍ ഈ ഗാനത്തെക്കുറിച്ചു പറയുന്നു.
‘എഴുതിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്. സ്നേഹമെന്നത് സഹനവും മരണവുമാണെന്നു പറയാനാണ് ശ്രമിച്ചത്. സ്നേഹം ആഘോഷവും സന്തോഷവും മാത്രമല്ല, ത്യാഗവും ബലിയുമാണെന്നു കുരിശിലൂടെ യേശു നമുക്ക് കാണിച്ചു തന്നതാണ് ഈ വരികളില്‍ കുറിച്ചത്. സഹോദരനു വേണ്ടി ജീവന് നല്കുന്ന സ്നേഹം.
നമ്മുടെ വീടുകളില്‍ അമ്മമാര്‍ ബലിയായി കത്തിത്തീരുന്നതും അപ്പന്മാര് തൊഴിലിടങ്ങളില്‍ കുടുംബത്തിനായി വിയര്‍ക്കുന്നതുമെല്ലാം സ്നേഹം സഹനമായി മാറുന്നതിന്റെ നേര്ക്കാഴ്ചകളല്ലേ? സ്നേഹം കുര്‍ബാനയായി മാറുകയാണെന്നും കുര്‍ബാന പങ്കുവയ്ക്കലാണെന്നും ഓര്‍മ്മിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ജീവന് പോലും വിട്ടുകൊടുക്കുന്ന ത്യാഗത്തെക്കുറിച്ചാണ് ഈ ഗാനം.’
ആയിരത്തിലധികം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് ഓര്ക്കസ്ട്രേഷന് ഒരുക്കിയ പ്രിന്‍സ് ജോസഫ് 13 എ.ഡി. എന്ന ഇന്ത്യന്‍ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡ് അംഗവുമായിരുന്നു. ഹാര്‍മോണിയം, അക്കോര്‍ഡിയന്‍, കീബോര്‍ഡ് എന്നീ സംഗീതോപകരണങ്ങള്‍ അതിവിദഗ്ധമായി വായിക്കാന്‍ കഴിവുള്ള പ്രിന്‍സ് ഏറെ തിരക്കുള്ള റെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റാണ്.
തന്റെ സംഗീതയാത്രയെക്കുറിച്ചു പ്രിന്‍സ് പറയുന്നു.

വീട്ടില്‍ പ്രാര്‍ഥന ചൊല്ലുമ്പോള്‍ പാട്ടു പാടാനായിരുന്നു എനിക്കിഷ്ടം. രണ്ടു വയസ്സുള്ളപ്പോള്‍ വീട്ടില്‍ എല്ലാവരും പ്രാര്‍ഥിക്കുമ്പോള്‍ മേശയിലും കസേരയിലും താളമിട്ടു പാടാനായിരുന്നു എനിക്കിഷ്ടം. അങ്ങനെ എപ്പോഴും താളമിട്ടു വീട്ടില്‍ ശബ്ദകോലാഹലം ഉണ്ടാക്കുന്ന എനിക്ക് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ പിതാവ് ഒരു ഹാര്‍മോണിയം വാങ്ങിത്തന്നു. ഹാര്‍മോണിയം പഠിക്കാനായി പോള്‍ സാറിന്റെ(നടനും സംവിധായകനുമായ ലാലിന്റെ പിതാവ്) അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ കീഴില്‍ എട്ടു വര്‍ഷം ഹാര്‍മോണിയം പഠിച്ചു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സെന്റ്.തെരേസാസ് കോണ്‍വെന്റിലെ പ്രസിദ്ധ പിയാനിസ്റ്റ് സിസ്റ്റര്‍ സോഫി സിഎസ്എസ്ടിയുടെ കീഴില്‍ പിയാനോ പഠിച്ചു. അതോടൊപ്പം ഇടവക ഗായകസംഘത്തില്‍ ഗായകനായും ഹാര്‍മോണിസ്റ്റായും പങ്കു ചേര്‍ന്നു. എറണാകുളം അതിരൂപതയുടെ കീഴില്‍ പില്ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനായതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അവിടെ ഫാ. തദേവൂസ് അരവിന്ദത്ത് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന കാലം. വചന സംഗീതയാത്ര എന്ന പേരുള്ള മൂന്നു ദിവസത്തെ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞു. പേര് പോലെ തന്നെ വചനപ്രഘോഷണവും സംഗീതവും ചേര്‍ന്നൊരു ആത്മീയയാത്ര. അങ്ങനെ നിരവധി വേദികളില്‍ എട്ടു വര്‍ഷം വചനസംഗീതയാത്ര തുടര്‍ന്നു. ഈ കാലയളവില്‍ ഫാ.തദേവൂസ് അരവിന്ദത്ത് സംഗീതം നല്കിയ ആല്‍ബങ്ങളില്‍ സംഗീതസംവിധാന സഹായിയായി കൂടെ നില്ക്കാന് കഴിഞ്ഞു.

ഫാ.തദേവൂസ് ഒരുക്കിയ ഗാനങ്ങള്‍ ആദ്യം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. പിന്നീടാണ് ഭക്തിഗാനങ്ങള്‍ക്ക് ഓര്ക്കസ്ട്രേഷന് ചെയ്തു തുടങ്ങുന്നത്. അതിനിടെ ഞാന്‍ ഒരുക്കിയ ഒരു ഈണം ഫാ.ജോണ്‍ പൈനുങ്കലിനെ കേള്‍പ്പിച്ചു. അതിന് അദ്ദേഹം വരികള്‍ എഴുതി നല്കിയപ്പോള് ഞാന്‍ ആദ്യമായി സംഗീതസംവിധായകനായി.’ദിവ്യ കാരുണ്യമേ എന്റെ പോന്നേശുനാഥാ വന്നു വാണീടുമോ എന്റെ ഹൃദയത്തിനുള്ളില്‍’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. ഇപ്പോള്‍ നാനൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാനായി. അതില്‍ ഏറെയും ദിവ്യകാരുണ്യ ഗാനങ്ങളാണ്. പൈനുങ്കല്‍ അച്ചന്റെ വരികളുടെ സവിശേഷതയും ഏതു പാട്ടിലും ദൈവീകാനുഭവം പകര്‍ന്നു പാടുന്ന കെസ്റ്ററിന്റെ ആലാപനവും ഈ ഗാനങ്ങളെ അള്ത്താരകളിലേക്കെത്തിച്ചു എന്നു ഞാന്‍ കരുതുന്നു. പള്ളിയില്‍ വരുന്ന എല്ലാവര്ക്കും പാടാന്‍ കഴിയണം എന്നു മാത്രമാണ് സംഗീതം നല്കിയപ്പോള് ഞാന്‍ ആഗ്രഹിച്ചത്. ദിവ്യകാരുണ്യമേ ദൈവമേ എന്നു തുടങ്ങുന്ന എന്ന ഗാനം നമ്മുടെ പള്ളികളില്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ അതിപ്രഗല്ഭര് ഉള്ള ഈ നാട്ടില്‍ നിന്ന് ഈ എളിയവന്റെ പാട്ടിനെ അങ്ങയുടെ സ്തുതിക്കായി തെരഞ്ഞെടുത്തതിനെയോര്ത്ത് നന്ദിയോടെ ശിരസ്സു നമിക്കുന്നു..
പ്രിന്‍സിന്റെ ഭാര്യ മേബിള്‍ അറിയപ്പെടുന്ന ഗായികയാണ്. മക്കളായ നോയല്‍, നെവിന്, നിലീന്‍ എന്നിവരും ഗായകരാണ്. ദേവാലയങ്ങളില്‍ ആലപിക്കാന്‍ അനുയോജ്യമായ കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കുക എന്നത് ദൗത്യമായി കാണുന്ന പ്രിന്‍സില്‍ നിന്നും കൂടുതല്‍ ഗാനങ്ങള്‍ നമുക്കിനിയും ലഭിക്കും.