ഒരു ആതുരശുശ്രൂഷകന്റെ
ആത്മനിമന്ത്രണങ്ങള്‍
കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന് എ. ജോസഫ്
ഒരു മൈനര്‍ സര്‍ജറി ദിവസം. അറുപത് വയസ്സോളം പ്രായമുള്ള ചേച്ചി വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി എത്തിയതാണ്. സ്കാനില്‍ ചെറിയ സംശയം തോന്നിയതിനാല്‍ പരിശോധനയ്ക്കായി അയക്കേണ്ടിയിരുന്നു. ലൈറ്റുകളും ഉപകരണങ്ങളും സെറ്റ് ചെയ്തതിനു ശേഷം മരവിപ്പിക്കാനുള്ള സൂചിയുമായി അവരുടെ അടുത്തേക്ക് ചെന്നു. മരവിപ്പിക്കാന്‍ തുടങ്ങിയ നിമിഷം തന്നെ ചേച്ചി കരച്ചിലും ആരംഭിച്ചു.
ഓപ്പറേഷന് തിയേറ്ററിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടായിരുന്നു ആ എങ്ങലടി. സര്‍ജറി ചെയ്യാന്‍ കഴിയാത്ത വിധം ശരീരമാകെ വിറച്ചുകൊണ്ടിരുന്നു. ”ഒത്തിരി വേദനയുണ്ടോ? മരവിപ്പിക്കുന്ന നേരം മാത്രമേ ചെറിയ വേദന കാണുള്ളൂ. പിന്നെ ഒട്ടും അറിയുകയില്ല.” സിസ്റ്ററും സാന്ത്വനിപ്പിക്കാന്‍ ശ്രമം നടത്തി. വേദന കൊണ്ടാകാം എന്നു കരുതി കുറച്ചുനേരം ഞങ്ങള്‍ ശസ്ത്രക്രിയ നിര്‍ത്തിവെച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി പതുക്കെ സംസാരിച്ചു തുടങ്ങി. ”സാറേ ക്ഷമിക്കണം. രണ്ടു കൊല്ലം മുമ്പ് ഒരു സര്‍ജറി ഉണ്ടായിരുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു അന്ന്. ആ പേടി മൂലമാണ് കരഞ്ഞത്,” വിതുമ്പിക്കൊണ്ട് അവര്‍ പറഞ്ഞു.
മരവിപ്പിച്ചതിനു ശേഷം വേദന ഇല്ലെന്ന് ഉറപ്പുവരുത്തി. സര്‍ജറി കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവരുന്ന നേരവും ചെറുതായി കരയുന്നുണ്ടായിരുന്നു. വേദനയ്ക്കുള്ള ഇഞ്ചക് ഷന് എടുക്കാനായി സിസ്റ്ററിനോട് അവശ്യപ്പെട്ടതിനുശേഷം കേസ് ഷീറ്റ് എഴുതാന്‍ തുടങ്ങി. ഇഞ്ചക് ഷന് കഴിഞ്ഞപ്പോള്‍ വേദന നന്നേ കുറഞ്ഞിരുന്നു. ”ആശ്വാസം ആയോ ചേച്ചി? വീട്ടില്‍ ആരൊക്കെയാ ഉള്ളത്? കൂട്ടത്തില്‍ ആരാ വന്നേക്കുന്നത്?” എന്ന് തിരക്കി. ”കൂടെ ഉള്ളത് അനിയത്തിയാണ് ഡോക്ടറേ. എനിക്കൊരു മോളുണ്ടായിരുന്നു. അവള് ഇപ്പോള്‍ കൂടെയില്ല.” അവര്‍ വീണ്ടും കരയാന്‍ തുടങ്ങി.
കൂടെ വന്ന അനിയത്തിയോട് ഞാന്‍ കാര്യം അന്വേഷിച്ചു. ”സാറേ, ചേച്ചിയുടെ ഒരേയൊരു മോള് അഞ്ചു കൊല്ലം മുന്നേ ഒരാളോടൊപ്പം ഇറങ്ങിപ്പോയി. ചേച്ചിക്ക് ഭര്‍ത്താവും ഇല്ല. എല്ലാം കൊണ്ട് സങ്കടം മാത്രമേ ഉള്ളൂ.” അനിയത്തിയുടെ വാക്കുകളില്‍ നിന്ന് ഒറ്റപ്പെടലിന്റെ വേദനയാണ് അവരെ അലട്ടുന്നത് എന്നു മനസ്സിലാക്കി. ഭര്‍ത്താവിന് എന്തുപറ്റിയെന്ന് തിരക്കി. അവര്‍ മറുപടി നല്കി: ”കല്യാണത്തിനു ശേഷം കുറച്ചുനാളുകള്‍ മാത്രമേ ചേച്ചിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ സാധിച്ചുള്ളൂ. പുള്ളി ചേച്ചിയെ നന്നായി ഉപദ്രവിക്കുമായിരുന്നു. ചേച്ചിക്ക് അയാളെ പേടിയായിരുന്നു. ഒടുവില്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആ ബന്ധത്തില്‍ ആ മോള് മാത്രമേ ഉള്ളൂ.”
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ പതിയെ തുടച്ചുകൊണ്ട്, ‘അവള് സുഖമായി ജീവിക്കട്ടെ സാറേ, എനിക്ക് അതു മതി’ എന്ന് ചേച്ചി വിതുമ്പി.
‘എല്ലാം ശരിയാകും ചേച്ചി’ എന്ന സ്ഥിരം ക്ലീഷേ മാത്രമേ എനിക്ക് പറയാന്‍ കഴിഞ്ഞുള്ളൂ.
”അവളുടെ കാര്യം ഓര്‍ക്കുമ്പോഴാ ഏറ്റവും വിഷമം. ഞാന്‍ കൂലിപ്പണിക്കു പോയിട്ടാണ് സാറേ അവളെ വളര്‍ത്തിയത്. എന്നിട്ടാണ് ആരോടും പറയാതെ അവനോടൊപ്പം ഇറങ്ങിപ്പോയത്. ഇടക്കൊക്കെ വിളിക്കും. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നു. കണ്ടിട്ടുതന്നെ കുറേയായി.” വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവര്‍ നെടുവീര്‍പ്പിട്ടു.
അതായിരുന്നു ആ വിഷമത്തിന്റെ യഥാര്‍ഥ കാരണം. പിന്നീട് സ്റ്റിച്ച് എടുക്കാന്‍ വന്നപ്പോള്‍ മകളുടെയും കുടുംബത്തിന്റെയും ഫോട്ടോ എന്നെ കാണിച്ചു. ‘ക്രിസ്മസ്സിന് അവരെല്ലാരും വരും. അതൊക്കെ ഉള്ളൂ സാറേ സന്തോഷം എന്നു പറയാന്‍’ എന്നു പറഞ്ഞുകൊണ്ട് അവര്‍ യാത്രയായി.
കഷ്ടപ്പെട്ടു വളര്‍ത്തിയ മകള്‍ തനിച്ചാക്കി ഇറങ്ങിപ്പോയിട്ടും ആ സ്നേഹത്തിന് തെല്ലും കുറവു സംഭവിച്ചില്ല. കൂട്ടില്ലാതെ ഒറ്റയ്ക്ക് ആകുന്നവര്‍ക്ക് ജീവിക്കാനുള്ള കരുത്തും കാലക്രമേണ ലഭ്യമാകുന്നു. അവര്‍ പിന്നിട്ടുവരുന്ന വഴികള്‍ പക്ഷേ കഠിനമാണ്. പിന്നീട് ആ കരുത്ത് പകരുന്ന പാഠപുസ്തകങ്ങളായി അവര്‍ മാറുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുടെ പിന്നില്‍ തീയില്‍ കുരുത്ത മനസ്സും പരുവപ്പെടുത്തിയ ഒരു ഹൃദയവും ഉണ്ടെന്ന് നാം മറക്കരുത്. ആ അമ്മയുടെ ജീവിതം തരുന്ന പ്രചോദനം ഏത് വിഷമസന്ധിയെയും കീഴടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഒപ്പം ഉയരങ്ങള്‍ താണ്ടാനും.
പിന്കുറിപ്പ്
അനിയന്ത്രിതമായ ദേഷ്യവും വെറുപ്പും തോന്നുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നേരിടേണ്ടതായി വരാം. എന്നാല്‍ ക്ഷമയുടെ അടിസ്ഥാനത്തില്‍ നിന്നു പൊരുതുമ്പോള്‍ മാത്രമേ അവിടെ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ മനസ്സിന്റെ നിയന്ത്രണം കൈവിടാതിരിക്കാനും വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. ”കോപവിമുഖന് കരുത്തനെക്കാള്‍ ശ്രേഷ്ഠനാണ്; വികാരം നിയന്ത്രിക്കുന്നവന് നഗരം പിടിച്ചെടുക്കുന്നവനെക്കാളും” – സുഭാഷിതങ്ങള്‍ 16 : 32. ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കാത്ത വിധം ബന്ധങ്ങള്‍ കൈവിട്ടുപോയേക്കാം. ഇത്തരം ക്ലിഷ്ട സാഹചര്യങ്ങളെ സംയമനത്തോടെ നേരിടുക എന്നത് കടുപ്പമായി തോന്നിയേക്കാം.
വേദനിപ്പിച്ചവര്ക്കായി നാം പ്രാര്‍ഥിക്കുക. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും കാണിച്ചുകൊടുത്ത ഈശോയെ ഏശയ്യ പ്രവാചകന് കാലങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. മനുഷ്യരാശിയെ രക്ഷയിലേക്ക് കൊണ്ടുവരാന്‍ ക്രൂശിന്റെ മാര്‍ഗമാണ് തമ്പുരാന് തിരഞ്ഞെടുത്തത്. ഈ കുരിശ് ചുമക്കാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. അതാണ് നമ്മുടെ വിളിയും ഒപ്പം വെല്ലുവിളിയും. കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ എന്ന ഈരടികള്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഈവാരത്തില് നമുക്കും ഏറ്റുപാടാം.