പുരാണം / ജെയിംസ് അഗസ്റ്റിന്
‘മന്നാഡേയെപ്പോലെ കൃത്യതയോടെ പാടുന്ന പാട്ടുകാരനാണ് രമേശ് മുരളി’. സംഗീതസംവിധായകന് ജെറി അമല്‍ദേവിന്റെ വാക്കുകളാണിത്.ചെമ്മീന്‍ എന്ന സിനിമയിലെ ‘മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ’ഗാനത്തിലൂടെ മലയാളികള്‍ക്കു പരിചിതനായ ഇന്ത്യയിലെ പ്രശസ്ത ഗായകനായ മന്നാഡേയുടെ സവിശേഷതകള്‍ രമേശ് മുരളിയെന്ന ഗായകനുണ്ടെന്ന് ജെറി അമല്‍ദേവ് പറഞ്ഞപ്പോള്‍, ‘ദേശീയ അവാര്‍ഡിനു തുല്യം’ ഈ വാക്കുകള്‍ എന്നായിരുന്നു രമേശിന്റെ മറുപടി.
നമ്മുടെ ദേവാലയങ്ങളില്‍ പതിവായി പാടുന്ന ‘പാടുവിന്‍ മഹിത സുന്ദരഗാനം ജയഗാനം സമയമായ് ഹൃദയവീണകള്‍ മീട്ടൂ അതിമോദം’ എന്ന ഗാനം ആലപിച്ചത് രമേശ് മുരളിയും ദലീമയും ചേര്‍ന്നാണ്.ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കിയത് പി. ജെ. ലിപ്സനായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി മലയാള സംഗീതമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാണ് രമേശ്. അന്തര്‍ദേശീയ തലത്തില്‍ പ്രകീര്‍ത്തിതമായ സിനിമയാണ് ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്. സിനിമയില്‍ ചവിട്ടുനാടകപരിശീലനവും അവതരണവും അതിഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി എന്ന സംഗീതസംവിധായകന്റെ ശിക്ഷണത്തില്ചവിട്ടുനാടകഗാനങ്ങളെല്ലാം ആലപിച്ചിട്ടുള്ളത് രമേശ് മുരളിയും രാജലക്ഷ്മിയും ചേര്‍ന്നാണ്.
അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളിലെല്ലാം കുട്ടിസ്രാങ്ക് എന്ന സിനിമയിലെ സംഗീതവിഭാഗത്തിന്റെ മേന്മയെക്കുറിച്ചു പരാമര്‍ശങ്ങളുണ്ടായിരുന്നു.
ജെയിംസ് എടേഴത്ത്,ഫാ. ജോസഫ് മുളവന,ജെറി അമല്‍ദേവ് എന്നിവര്‍ ചേര്‍ന്ന് സങ്കീര്‍ത്തനങ്ങള്‍ക്ക് ഹിന്ദിയിലും മലയാളത്തിലും ഗാനരൂപം തയ്യാറാക്കുന്നുണ്ട്. ഇതുവരെ റെക്കോര്‍ഡിങ് പൂര്‍ത്തിയായ 45 സങ്കീര്‍ത്തനങ്ങളില്‍ കൂടുതലെണ്ണം ആലപിച്ചിട്ടുള്ളത് രമേശാണ്.
ഇതുവരെയുള്ള തന്റെ സംഗീതയാത്രയെക്കുറിച്ചു രമേശ് മുരളി മനസ്സു തുറക്കുന്നു.
‘സംഗീതജ്ഞനായ എന്റെ അച്ഛനായിരുന്നു ആദ്യ പരിശീലകന്. ലളിതഗാനങ്ങളും സിനിമാഗാനങ്ങളും ഞാന്‍ പാടുമ്പോള്‍ എന്നെ തിരുത്തിയതും പാട്ടുകളുടെ സവിശേഷതകള്‍ വര്ണിച്ചുതന്നതും അച്ഛനാണ്.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങിയത് എന്റെ മാതൃസഹോദരികളായ സീലിയ,സുലേഖ എന്നിവരുടെ കീഴിലാണ്. പല മത്സരങ്ങള്‍ക്കും അച്ഛന് എന്നെയും സഹോദരിയേയും കൊണ്ടുപോകുമായിരുന്നു. 1971 -ല്‍ സ്മാക്ക് എന്ന സംഘടന എറണാകുളത്ത് ടി.ഡി.എം.ഹാളില്‍ സഘടിപ്പിച്ച ലളിതഗാനമത്സരത്തില്‍ സബ്ജൂനിയര് വിഭാഗത്തില്‍ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അന്നെനിക്ക് യേശുദാസ് എന്ന അതുല്യ ഗായകനില്‍ നിന്നും സമ്മാനം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.
സ്കൂളില്‍ പഠിക്കുന്ന കാലത്തു മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്നെങ്കിലും കുറച്ചുനാള്‍ സംഗീതവുമായി വലിയ അടുപ്പമില്ലാതെ കടന്നുപോയി. കോളേജ് പഠനത്തിനു ശേഷമാണു പാടണമെന്ന ആഗ്രഹം വീണ്ടും വരുന്നത്.സുഹൃത്തുക്കളുമൊത്തു ചെറിയ ഗാനമേളകള്‍ നടത്തിത്തുടങ്ങി.അതോടൊപ്പം ആര്.എല്‍.വി.കോളേജിലെ പ്രൊഫസ്സറായിരുന്ന കല്യാണസുന്ദരം സാറിന്റെ കീഴില്‍ കുറച്ചുകാലം സംഗീതം പഠിച്ചു. തുടര്‍ന്ന് പള്ളുരുത്തി രാമന്‍കുട്ടി മേനോന് സാറിന്റെ ശിഷ്യനുമായി. ആ ദിനങ്ങളിലാണ് ഇടപ്പള്ളിയിലെ കൊച്ചിന് സംഗീത അക്കാദമിയുടെ പ്രൊഫഷണല്‍ ഗാനമേളസംഘത്തിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്.
എന്റെ അമ്മ എറണാകുളം സി.എ.സി.യിലെ ഡാന്‍സ് ടീച്ചറായിരുന്നു. സി.എ.സി.അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗാനമേള ട്രൂപ്പാണ്. അമ്മയാണ് എന്നെ അന്നത്തെ സി.എ.സി.ഡയറക്ടര്‍ മൈക്കിള്‍ പനക്കലച്ചന്റെ മുന്നിലെത്തിക്കുന്നത്.സി.എ.സി.യുടെ ഓഫീസില്‍ സെക്രട്ടറി ജോസഫ് ചേട്ടന്,മാനേജര്‍ ടോണി പള്ളന്‍,സംഗീതസംവിധായകന് പി.ജെ.ലിപ്സണ്‍ എന്നിവരുടെ മുന്നില്‍ പാടി. പാട്ടു കേട്ട ശേഷം അവര്‍ എന്നെ സി.എ.സി.ഗാനമേള സംഘത്തില്‍ ചേര്‍ത്തു.
1992 ഡിസംബര്‍ 12 നു സി.എ.സി.യുടെ കൂടെ യാത്ര തുടങ്ങി.എട്ടു വര്‍ഷക്കാലം സി.എ.സി.യിലെ പാട്ടുകാരനായി തുടര്‍ന്നു.കൊച്ചിന് ഹരിശ്രീ,മെലഡീസ്,വൈക്കം ഉപാസന,ബീറ്റില്‍സ് തുടങ്ങിയ സംഘങ്ങളില്‍ അതിഥി ഗായകനായും പങ്കെടുത്തിട്ടുണ്ട്.
എന്റെ പാട്ടുകള്‍ കേട്ട ജെറി അമല്‍ദേവ് മാസ്റ്റര്‍ 1994 -ല്‍ അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് പരിപാടിക്കായി സി.എ.സി.യുടെ അധികാരികള്‍ വഴി ക്ഷണിച്ചു. നെന്മാറയില് വച്ചായിരുന്നു പരിപാടി നടന്നത്. അന്നത്തെ എന്റെ ആലാപനവും പെരുമാറ്റവും ഇഷ്ടപ്പട്ടതു കൊണ്ടായിരിക്കാം അന്നു മുതല്‍ ഇപ്പോഴും ഞാന്‍ മാസ്റ്ററുടെ കൂടെയുണ്ട്.
ജെറി മാസ്റ്റര്‍ സംഗീതം നല്കിയ നിരവധി ഗാനങ്ങള്‍ പാടാന്‍ ഭാഗ്യമുണ്ടായി. ജെറി മാസ്റ്റര്‍ ഏതു ഗാനം സംഗീതം ചെയ്താലും എന്നെയാണ് ആദ്യം പഠിപ്പിക്കുന്നത്. ജെറി മാസ്റ്റര്‍ക്ക് തൃപ്തി തോന്നുന്ന തലത്തില്‍ പാടുകയെന്നത് അത്ര എളുപ്പമല്ല.സംഗീതത്തില്‍ അഗാധജ്ഞാനമുള്ള അദ്ദേഹം ഏറ്റവുമധികം പെര്ഫെക്ഷന് ആഗ്രഹിക്കുന്ന സംഗീതസംവിധായകനാണ്.അദ്ദേഹത്തില്‍ നിന്നും ‘വെരി ഗുഡ്’ എന്നു കേള്‍ക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായി കാണുന്നു.ഇപ്പോള്‍ ജെറി അമല്‍ദേവ് സാറിന്റെ സംഗീത സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനും കഴിയുന്നു. ജെറി മാസ്റ്ററുടെ സ്നേഹപൂര്‍ണമായ ക്ഷണം സ്വീകരിച്ച 2018-ല്‍ സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് എന്ന സംഘത്തില്‍ ചേര്‍ന്നു.മാസ്റ്ററുടെ ശിക്ഷണത്തില്‍ പുതിയ പാട്ടുകള്‍ പഠിക്കാനും വലിയൊരു സുഹൃദ്വലയം ലഭിക്കാനും സിങ് ഇന്ത്യ സഹായിച്ചു.
സി.എ.സി.യില്‍ എല്ലാവരില്‍ നിന്നും സ്നേഹവും സൗഹൃദവും ലഭിച്ചിട്ടുണ്ട്.എന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത് പി.ജെ.ലിപ്സണ്‍ ചേട്ടനാണ്.എന്നെ ആദ്യമായി സ്റ്റുഡിയോയില്‍ പാടിക്കുന്നത് അദ്ദേഹമാണ്.പിന്നീട് ടി.എസ്.രാധാകൃഷ്ണന് സാറിന്റെ റെക്കോര്‍ഡിങ്ങുകളില്‍ ഞാന്‍ പാടിത്തുടങ്ങി.പി.ജയചന്ദ്രന് പാടുന്ന പത്തു പാട്ടുകള്‍ക്ക് ട്രാക്ക് പാടിത്തുടങ്ങിയ ആ ബന്ധം മുപ്പത്തിമൂന്നു വര്‍ഷമായി തുടരുകയാണ്.ടി.എസ്.രാധാകൃഷ്ണന് സാര്‍ സംഗീതം നല്കിയ ഒരു ഹിന്ദു ഭക്തിഗാനമാണ് എന്റെ പേരില്‍ ഒരു കസ്സെറ്റില്‍ ചേര്‍ക്കപ്പെട്ട ആദ്യഗാനം.
കൊടകര മാധവന്, ജെറി അമല്‍ദേവ്,റെക്സ് ഐസക്സ്,ടി.എസ്.രാധാകൃഷ്ണന്,സാംജി ആറാട്ടുപുഴ,പി.ആര്.മുരളി,എല്‍ഡ്രിഡ്ജ് ഐസക്സ്,ലിപ്സണ്‍,ജെര്‍സണ്‍ ആന്റണി കെ.എന്‍.രാജേന്ദ്രന്,സിദ്ധാര്‍ഥ് വിജയന്, സെബി നായരമ്പലം, ഫാ.ജോഷി ഇല്ലത്ത്,ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍,ഫാ.ഷാജി തുമ്പേച്ചിറയില്‍, ജോണ്സണ് മങ്ങഴ, എം.ജി.അനില്‍ ,പ്രിന്‍സ് ജോസഫ്,മരിയദാസ്,സിബിച്ചന് ഇരിട്ടി എന്നിവര്‍ സംഗീതം നല്കിയ ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു.
അനുഭവസമ്പന്നരായ സംഗീതസംവിധായകരില്‍ നിന്നും വലിയ പാഠങ്ങള്‍ എനിക്കു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യനിഷ്ഠയും അച്ചടക്കവും വേണമെന്ന് എനിക്കു തന്നെ നിര്‍ബന്ധമുണ്ടായിരുന്നെങ്കിലും ജെറി അമല്‍ദേവ് മാസ്റ്ററും ടി.എസ്.രാധാകൃഷ്ണന് മാസ്റ്ററും എന്നെ കൂടുതല്‍ പഠിപ്പിച്ചു.സ്ഥാപനവും ഉപകരണങ്ങളും വൃത്തിയായി എങ്ങനെ സൂക്ഷിക്കണമെന്നും പ്രൊഫഷണല്‍ എത്തിക്ക്സ് എന്താണെന്നും സാംജി ആറാട്ടുപുഴ സാറില്‍ നിന്നും ഞാന്‍ കൂടുതലായി പഠിച്ചു. ഗാനങ്ങള്‍ നൊട്ടേഷന്‍ എഴുതി പാടാന്‍ എന്നെ പഠിപ്പിച്ചത് പി.ആര്.മുരളിച്ചേട്ടനാണ്.ഇന്നും ഓരോ പാട്ടു പാടുമ്പോഴും നന്ദിയോടെ ഞാന്‍ മുരളിച്ചേട്ടനെ ഓര്‍ക്കും.
മൂന്നു സിനിമകളില്‍ പാടാനും ഭാഗ്യമുണ്ടായി.റെക്സ് ഐസക്സ് മാസ്റ്റര്‍ സംഗീതം നല്കിയ ഇന്നലെകളില്ലാതെ സിനിമയിലാണ് ചിത്രയോടൊപ്പം ആദ്യമായി പാടുന്നത്.കുട്ടിസ്രാങ്കിനു ശേഷം എനിക്ക് ഒരു സിനിമാഗാനം പാടാന്‍ അവസരം നല്‍കുന്നത് ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസെഫാണ്. ‘ഡ്രമാറ്റിക്ക് ഡെത്ത്’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്.
ഗാനരചയിതാവും സംഗീതസംവിധായകനും ഉദ്ദേശിക്കുന്ന ഭാവതീവ്രതയോടെ ഗായകന്റെ ‘ഇന്‍പുട്ട്’ കൂടി ചേര്‍ത്ത് പുറത്തേക്കു എത്തിക്കുകയാണ് ഗായകന്റെ കടമ.അത് അതിഭാവുകത്വമാകാതെ ആവശ്യമായി ചേര്‍ക്കുന്നതാണ് ഒരാളെ മികച്ച ഗായനാകുന്നതെന്നു ഞാന്‍ കരുതുന്നു.അങ്ങനെ പാടാനാണ് എന്നും ശ്രമിക്കുന്നത്.’
രമേശ് പറഞ്ഞു നിര്‍ത്തി.
ആള് ഇന്ത്യ റേഡിയോയിലെ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആര്.മുരളീധരന് നായരുടെയും നൃത്താധ്യാപികയായ സുയന്തി മുരളിയുടെയും മകനാണ് രമേശ്.
ആലാപനത്തോടൊപ്പം രചനയിലും പ്രഗത്ഭനാണ് രമേശ് മുരളി. മലയാളത്തിലെ സിനിമ പിന്നണിഗായകരുടെ സംഘടനായ ‘സമം’ മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങുകളില്‍ രമേശ് എഴുതിയ ആദരഗീതങ്ങള് പാടിയത് മലയാളത്തിലെ എല്ലാ പിന്നണിഗായകരും ചേര്‍ന്നാണ്.
ജെറി മാസ്റ്റര്‍ക്ക് ആദരമേകി എഴുതിയ ആദരഗീതത്തിന്റെ ആദ്യവരികള്‍.
‘അറിവുറയുമാത്മീയ മനനപഥമിടറി
ജെറി, അമലദേവസംഗീത രഥമേറി
അരിയ ചെറുഗാത്രമതിനകമലരിലൂറി
ഗരിമയെഴുമതുല ലയലസിത മധുമാരി’.
ടി.എസ് .രാധാകൃഷ്ണന് മാസ്റ്റര്‍ക്കു കൊച്ചിയില്‍ സമം എന്ന സംഘടന നല്കിയ സ്വീകരണത്തില്‍ പാടിയ ഗാനത്തിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.
‘സുമധുരഗാനമയം സ്വരസാഗരവിഹരിത രാധാകൃഷ്ണമനം ശ്രുതിലയ മിഥുനലയം വൃന്ദാവനവിലസിത രാധാകൃഷ്ണസമം’.
ജെറി അമല്‍ദേവ് മാസ്റ്റര്‍ പറയുന്നതു പോലെ ‘പുതു തലമുറയും കലാകാരന്മാരും അച്ചടക്കവും ആത്മസമര്‍പ്പണവും രമേശില്‍ നിന്നും പഠിക്കട്ടെ’.രമേശിന്റെ സംഗീതയാത്ര അനുസ്യൂതം തുടരട്ടെ.