കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തിൽ ആദ്യമായി സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (T.O. C .D.) സ്ഥാപികയുമായ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലെയോ പാപ്പ അനുമതി നൽകി. പരിശുദ്ധ അമ്മയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച് ആണ് പ്രഖ്യാപനം നടത്തപ്പെടുക.
കേരള സഭയുടെ ചരിത്രത്തിൽ സുവർണ്ണ ശോഭ പരത്തിയ മദർ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവിൽ സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാം സഭ (TOCD) സ്ഥാപിക്കുകയും കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്കൂളും ബോർഡിങ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
24 വർഷങ്ങൾക്ക് ശേഷം 1890 സെപ്റ്റംബർ 17 ന് റ്റി ഒ സി ഡി സന്യാസിനി സഭ റീത്ത് അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട് കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിറ്റിസി ) കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ (സിഎംസി ) എന്നീ രണ്ട് സന്യാസിനി സഭകൾ രൂപം കൊള്ളുകയും ചെയ്തു.
മദർ എലീശ്വ അനന്തതയിലേക്ക് പ്രവേശിച്ചിട്ട് 112 വർഷങ്ങൾ കഴിയുമ്പോൾ ജൂബിലി വർഷം 2025 നവംബർ എട്ടാം തീയതി വൈകിട്ട് 4: 30ന് പരിശുദ്ധ അമ്മയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച് മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസിൻ്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലി മധ്യേ മദർ ഏലിശ്വായെ വാഴ്ത്തപ്പെട്ടവൾ എന്ന് പ്രഖ്യാപനം ചെയ്യും.
ഇന്ത്യയുടെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ.ലയോ പ്പോൾഡ് ജിറേല്ലി, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമ്മലീത്ത സഭയുടെ ജനറൽ ഫാ. മിഗ്വൽ മാർക്ക്സ് കാലേ ഓ സി ഡി ,പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചിയേസ ഓസിഡി തുടങ്ങി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തുനിന്നുമുള്ള നിരവധി കർദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ഈ പുണ്യകർമ്മങ്ങൾക്ക് സഹകാർമ്മികത്വം വഹിക്കും.
പുണ്യപൂർണ്ണമായ ജീവിതത്തിലൂടെ ഭാരത സമർപ്പിതർക്ക് മാത്രമല്ല ആഗോള ക്രൈസ്തവസഭയ്ക്ക് മുഴുവൻ വിശുദ്ധ ജീവിത മാതൃകയായ ടി ഒ സി ഡി – സി ടി സി സന്യാസിനി സഭ സ്ഥാപിക മദർ എലീശ്വ വാഴ്ത്തപ്പെട്ട പദവിക്ക് അർഹയാകുന്നതിന്റെ എല്ലാ മുന്നൊരുക്കങ്ങളും മദർ ജനറൽ സി.ഷാഹില സി റ്റി സിയുടെ മുഖ്യ നേതൃത്വത്തിൽ നടന്നു വരുന്നു.