ഫാ. അഗസ്റ്റിന് ബിനോയി
ഡയറക്ടര്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
ആധുനിക ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിന് ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരമാണ് ആ സമൂഹത്തിന്റെ പുരോഗനോന്മുഖതയെ അടയാളപ്പെടുത്തുന്ന പ്രത്യക്ഷ മാപിനി. ഭാരതീയ സ്ത്രീകളെ ശക്തീകരിക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നിരവധി പദ്ധതികള്‍ മുന്‍പോട്ടുവയ്ക്കുന്നു. അവസരസമത്വം, തുല്യപങ്കാളിത്തം, ശേഷി വികസനം, നൈപുണ്യ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കിക്കൊണ്ട് വിവിധ പദ്ധതികള്‍ക്കു രൂപം നല്കി നടപ്പിലാക്കിവരുന്നു.
മിഷന് ശക്തി
ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ പൗരന്മാര്ക്ക് സ്ത്രീപുരുഷഭേദമെന്യേ തുല്യ അവകാശങ്ങളും അവസരസമത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. സ്ത്രീകളെ അവരുടെതന്നെ ജീവിതത്തിന്റെ നിയന്താക്കള്‍ ആകുവാന്‍ പ്രാപ്തരാക്കേണ്ടത് ഏതൊരു രാഷ്ട്രത്തിന്റെയും ധര്‍മ്മമാണ്. അതിനായി മുന്‍വിധിയില്‍ അധിഷ്ഠിതമായ പൊതുബോധ ധാരണകളെ ഉടച്ചുവാര്ക്കേണ്ടതും നവമായ ജീവിതപരിസരങ്ങള്‍ ക്രമീകരിക്കേണ്ടതും അനിവാര്യമാണ്. ഈ ലക്ഷ്യത്തിനായി ഭാരത സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് മിഷന് ശക്തി.
സ്ത്രീസുരക്ഷയ്ക്കും ശക്തീകരണത്തിനുമായി കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന ഒരു സംയോജിത പദ്ധതിയാണിത്. 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. സ്ത്രീശാക്തീകരണത്തിന്റെ ഇടപെടലുകളെ ദ്രുതഗതിയിലാക്കുന്നതിനുള്ള ഒരു സംരംഭമാണ് മിഷന് ശക്തി. കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീകേന്ദ്രീകൃത വികസന സങ്കല്പം പ്രായോഗിക തലത്തില്‍ എത്തിക്കുന്ന ഒരു പദ്ധതിയായാണ് ഇത് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സ്ത്രീകളെ തുല്യപങ്കാളികളാക്കി വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതിയാണിത്.
മിഷന് ശക്തിയുടെ ലക്ഷ്യങ്ങള്‍
അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരകളാക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസം ഗുണപരമായി മെച്ചപ്പെടുത്തുക, സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സേവന പദ്ധതികള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുക, പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകള്ക്കെതിരെ പോരാടുവാന്‍ സ്ത്രീകളെ സജ്ജരാക്കുക, തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും ഗാര്‍ഹിക കുറ്റങ്ങള്‍ക്കെതിരെയും പോരാടുവാന്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുകയും ലിംഗനീതി ഉറപ്പാക്കുകയും ചെയ്യുക, സ്ത്രീകളോടും പെണ്‍കുട്ടികളോടും പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന വികലമായ കാഴ്ചപ്പാടുകളെ തിരുത്തുവാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക, പെണ്‍കുട്ടികളുടെ അതിജീവനവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുവരുത്തുക എന്നിങ്ങനെ സ്ത്രീശക്തീകരണത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ് മിഷന് ശക്തി.
ഭാരതീയ സ്ത്രീകളുടെ സര്വ്വതോന്മുഖമായ വികസനം ഈ പദ്ധതി വിഭാവനം ചെയ്യുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ ഉടനീളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ തുല്യപങ്കാളികളായി സ്ത്രീകളെ നിലനിര്‍ത്തുകയും ചെയ്യുന്ന മിഷന് ശക്തി പദ്ധതിക്ക് രണ്ടു പ്രധാന വിഭാഗങ്ങളുണ്ട്: സമ്പല്‍, സാമര്‍ഥ്യ.
സ്ത്രീസുരക്ഷ ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയാണ് സമ്പല്‍. വണ്‍ സ്റ്റോപ് സെന്റര്‍ ( ഒഎസ് സി), വിമണ്‍ ഹെല്പ് ലൈന്‍ (181),
ബേട്ടി ബചാവോ ബേട്ടി പഠാവോ (മകളെ രക്ഷിക്കുക, മകളെ പഠിപ്പിക്കുക – ബിബിബിപി) എന്നീ സംരംഭങ്ങള്‍ സമ്പല്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.
സഖി: വണ്‍ സ്റ്റോപ് സെന്റര്‍
അക്രമത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് അഭയം നല്കുന്ന പദ്ധതിയാണ് വണ്‍ സ്റ്റോപ് സെന്റര്‍. പൊതു-സ്വകാര്യ ഇടങ്ങളില്‍ ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ മുഴുവന്‍ ‘ഒറ്റൊരിടത്ത്’ നല്‍കുക എന്നതാണ് ‘സഖി – വണ്‍ സ്റ്റോപ് സെന്റര്‍’ എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ ചികിത്സ, നിയമസഹായം, താമസ സൗകര്യം, പോലീസ് സംരക്ഷണം, മനഃശാസ്ത്രപരമായ പിന്തുണ, കൗണ്‍സലിങ് എന്നിവ വണ്‍ സ്റ്റോപ് സെന്ററില്‍ ലഭ്യമാക്കുന്നു. കൂടാതെ ആവശ്യമെങ്കില്‍ ഇവരെ സര്‍ക്കാരിന്റെ സാമ്പത്തിക-സാമൂഹ്യ ഉന്നമന പദ്ധതികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അക്രമത്തിന് ഇരകളാകുന്ന സ്ത്രീകള്‍ കുടുംബിനികള്‍ ആണെങ്കില്‍ വണ്‍ സ്റ്റോപ് സെന്റര്‍ ഒരുക്കുന്ന താല്‍ക്കാലിക ഷെല്‍ട്ടര്‍ ഹോമുകളില്‍ അഞ്ചു ദിവസം വരെ കുട്ടികളുമൊത്ത് തങ്ങാവുന്നതാണ്. ദീര്‍ഘകാലം അഭയം വേണ്ടവര്‍ക്ക് വണ്‍ സ്റ്റോപ് അധികാരികള്‍ തന്നെ ‘ശക്തിസദന്‍’ പദ്ധതിയുമായി ചേര്‍ന്ന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.
ബേട്ടി ബചാവോ ബേട്ടി പഠാവോ
പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി കൃത്യതയോടുള്ള പരിശ്രമങ്ങളും നയരൂപീകരണവും സമൂഹ തലത്തില്‍ ബോധവല്കരണവും നല്കുവാന് വേണ്ടി ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’. 2014 ഒക്ടോബര്‍ മാസത്തിലാണ് ബിബിബിപി രാജ്യത്തു നടപ്പിലാക്കിയത്. ഇത് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തിലുള്ള ഗണ്യമായ കുറവാണ്. പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ള 100 തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പഠനം നടത്തി ദേശീയതലത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കുന്ന പദ്ധതി. വനിതാ ശിശുക്ഷേമ വികസന മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവും ചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും വികസനവും മുന്‍നിര്‍ത്തി ഇപ്പോള്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പും നൈപുണ്യ വികസന വകുപ്പും ഈ പദ്ധതിയില്‍ പങ്കുചേരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായി സ്വയംപ്രതിരോധ ക്യാമ്പുകള്‍(സെല്‍ഫ് ഡിഫന്‍സ് ക്യാംപ്) സംഘടിപ്പിക്കുക, പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീനുകള്‍ പൊതുഇടങ്ങളില്‍ സ്ഥാപിക്കുക, സാനിറ്ററി പാഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുക മുതലായവ ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ്.
വുമണ്‍ ഹെല്പ് ലൈന്‍
സ്വകാര്യ-പൊതുഇടങ്ങളില്‍ അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് ഒറ്റൊരിടത്ത് സംയോജിത പിന്തുണയും സഹായവും നല്‍കുന്നതിനായി സ്ഥാപിതമായ സംവിധാനമാണ് വനിതാ ഹെല്പ്പ്ലൈന് (ഡബ്ല്യുഎച്ച്എല്‍). ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണയും വിവരങ്ങളും തേടുന്നതിന് 24 മണിക്കൂറും ടോള്‍ ഫ്രീ ടെലികോം സേവനം ഇതിലൂടെ ലഭ്യമാകുന്നു. ഈ നമ്പര്‍ പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നു. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) വഴി സ്ത്രീകള്‍ക്ക് അതിവേഗം സഹായം ലഭ്യമാകുന്നു. അത്യാവശ്യ സഹായങ്ങള്‍ മാത്രമല്ല ഈ നമ്പര്‍ വഴി ലഭ്യമാവുക. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍, സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങള്‍ എന്നിവയിലുള്ള അറിവും ലഭ്യമാക്കുന്നു. സമീപത്തുള്ള പ്രൊട്ടക് ഷന് ഓഫ്സേഴ്സ്, പ്രിവെന്‍ഷന്‍ ഓഫിസേഴ്സ് എന്നിവരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ക്രമീകരിക്കുന്നു.
സാമര്‍ത്ഥ്യ
മിഷന് ശക്തി പദ്ധതിയുടെ മറ്റൊരു പ്രധാന ഉപ പദ്ധതിയാണ് സാമര്‍ത്ഥ്യ സ്കീം. ഈ പദ്ധതി പരിപൂര്‍ണ്ണമായും സ്ത്രീശാക്തീകരണത്തെ ഉന്നം വയ്ക്കുന്നു. നിലവിലുള്ള പല സ്ത്രീശാക്തീകരണ സംരംഭങ്ങളെയും പുതിയ ചില പദ്ധതികളെയും ഒരു കുടക്കീഴില് യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി ചില സുപ്രധാന സംവിധാനങ്ങള്‍ സ്ത്രീകള്‍ക്കായി ഒരുക്കുന്നു.
ശക്തിസദന്‍
ദുരിതപൂര്‍ണമായ ജീവിതപരിസരങ്ങളില്‍ അകപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് അഭയവും സ്ഥാപനപരമായ പിന്തുണയും (ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട്) രുക്കുന്നതാണ് ഈ പദ്ധതി. മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. സ്വാധാര്‍ ഗൃഹ്, ഉജ്ജ്വല മുതലായ പദ്ധതികള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു.
സഖി നിവാസ്
തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ വരുമാനത്തിന് അനുയോജ്യമായ ഹോസ്റ്റല്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സഖി നിവാസ്.
പാലന
തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുവാന്‍ സുരക്ഷിതമായ ഒരു സ്ഥലം ആവശ്യമാണ്. പാലന പദ്ധതി ഈ ആവശ്യം നിറവേറ്റുന്നു. കുഞ്ഞുങ്ങള്‍ക്ക് ഡെ കെയര്‍ ഈ പദ്ധതിയിലൂടെ ക്രമീകരിക്കുന്നു.
സങ്കല്പ്
സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ (എച്ച്ഇഡബ്ല്യു) വ്യത്യസ്തമായ സ്ത്രീശാക്തീകരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര സംവിധാനമാണ്.
പ്രധാന്‍മന്ത്രി മാതൃവന്ദന യോജന
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ). വനിത ശിശു വികസന മന്ത്രാലയം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.