ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമകൾ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ‘ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യൻ റിലീസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന് ഇന്ത്യയിൽ ഒരു കട്ടും ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ്. എ സർട്ടിഫിക്കറ്റോടെയാണ് ‘ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. നേരത്തെ ഹോളിവുഡ് സിനിമകളായ സൂപ്പർമാൻ, ഓപ്പൺഹൈമർ എന്നീ സിനിമകൾക്ക് ഇന്ത്യയിൽ സെൻസറിങ് നേരിടേണ്ടി വന്നിരുന്നു. ഒരു ചുംബനരംഗമായിരുന്നു സൂപ്പർമാനിലെ ഇന്ത്യൻ പതിപ്പിൽ നിന്ന് ഒഴിവാക്കിയത്.
പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.