പുരാണം / ജെയിംസ് അഗസ്റ്റിന്
ഇന്ത്യന്‍ സംഗീതത്തെ പ്രണയിച്ച് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തി കര്‍ണാടിക് സംഗീതം പഠിച്ച് കച്ചേരികള്‍ അവതരിപ്പിച്ച് നാല്പത്തിയഞ്ചാം വയസില്‍ വാഹനാപകടത്തില്‍ മരിച്ച സംഗീതജ്ഞനാണ് ജോണ്‍ ബി. ഹിഗിന്‍സ്.
1939 സെപ്റ്റംബര്‍ 18 ന് യു.എസ്.എ.യിലെ മസാച്ചുസെറ്റ്സിലാണ് ജോണ്‍ ഹിഗിന്‍സ് ജനിച്ചത്. അദ്ദേഹത്തെ പിതാവ് ഇംഗ്ലീഷും അമ്മ സംഗീതവും പഠിപ്പിച്ചു. ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം അദ്ദേഹം സംഗീതത്തില്‍ രണ്ടു ബിരുദങ്ങളും കരസ്ഥമാക്കി. സംഗീതശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടിയ അദ്ദേഹം വ്യത്യസ്ത സംസ്കാരങ്ങളിലെ സംഗീതപാരമ്പര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റും സ്വന്തമാക്കി.
പഠനത്തെത്തുടര്‍ന്ന് കാനഡയിലെ ടോറോന്റോയില്‍ വച്ച് ട്രിച്ചി ശങ്കരന് എന്ന ഇന്ത്യന്‍ സംഗീതജ്ഞനെ ജോണ്‍ ഹിഗിന്‍സ് പരിചയപ്പെടുന്നു. മൃദംഗം എന്ന സംഗീതോപകരണത്തെ ലോകസംഗീതവേദിയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ട്രിച്ചി ശങ്കരന് വലിയ പങ്കു വഹിച്ചിട്ടുണ്ട്. ടോറോന്റോയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സംഗീതവിഭാഗം പ്രൊഫസറായിരുന്ന ട്രിച്ചി ശങ്കരനുമായുള്ള സൗഹൃദം ജോണ്‍ ഹിഗിന്‍സിന്റെ ഇന്ത്യന്‍ സംഗീതപ്രണയത്തെ കൂടുതല്‍ ശക്തമാക്കി. 1978-ല്‍ യു.എസ്.എ.യിലെ വെസ്ലിയന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായും സംഗീതവിഭാഗം ഡയറക്ടറായും ജോണ്‍ ഹിഗിന്‍സ് ചുമതലയേറ്റു. വെസ്റ്റേണ്‍ ക്ലാസിക്കല്‍ ഗായകനായിരുന്ന ജോണ്‍ ഹിഗിന്‍സ് ഇന്ത്യന്‍ സംഗീതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
വെസ്ലിയന്‍ യുണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ സംഗീതവിഭാഗത്തില്‍ പഠിപ്പിച്ചിരുന്ന റോബര്‍ട്ട് ഇ. ബ്രൗണ്‍, ടി.രംഗനാഥന് എന്നിവരാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. ടി. രംഗനാഥന് കര്‍ണാടക സംഗീതത്തിലും മൃദംഗവായനയിലും പ്രഗത്ഭനായിരുന്നു. ഇന്ത്യന്‍ സംഗീതത്തിന്റെ ആഴം തിരിച്ചറിഞ്ഞ ജോണ്‍ ഹിഗിന്‍സ് കര്‍ണാടകസംഗീതം പഠിക്കാന്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. ഇന്ത്യയിലെത്തിയ അദ്ദേഹം ടി.രംഗനാഥന്റെ സഹോദരനായ ടി.വിശ്വനാഥന്റെ കീഴില്‍ പഠനം തുടങ്ങി. വളരെ വേഗം പരിശീലനം നേടിയ ജോണ്‍ ഹിഗിന്‍സ് തെക്കേ ഇന്ത്യയിലെ വിഖ്യാതമായ സംഗീതോത്സവമായ ത്യാഗരാജ ആരാധനയില്‍ കച്ചേരി അവതരിപ്പിച്ചു.

വിദേശത്തു നിന്നെത്തി നമ്മുടെ ഭാഷയും സംഗീതവും സ്വായത്തമാക്കിയ ജോണിനെ മാധ്യമങ്ങളും കലാസ്വാദകരും ഏറെ അഭിനന്ദിച്ചു. ഗുരു വിശ്വനാഥന്റെ സഹോദരി ടി.ബാലസരസ്വതി അറിയപ്പെടുന്ന ഭരതനാട്യ പരിശീലകയായിരുന്നു. ഭാരതനാട്യത്തിലെ സംഗീതവിഭാഗത്തെക്കുറിച്ച് ഗവേഷണം നടത്താനും ഭാരതനാട്യകീര്ത്തനങ്ങള് പഠിക്കാനും ബാലസരസ്വതി ഹിഗിന്‍സിനെ സഹായിച്ചു.
ഇതിനിടെ ഓള് ഇന്ത്യ റേഡിയോയില്‍ ഹിഗിന്‍സിന്റെ ശാസ്ത്രീയ സംഗീതപരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. ജോണ്‍ ഭാഗവതര്‍ എന്ന പേരില്‍ കച്ചേരികളും നടത്താന്‍ തുടങ്ങി. പ്രശസ്ത സംഗീതനിര്മാണ കമ്പനികളായ എച്ച്.എം.വി., ഇ.എം,ഐ. തുടങ്ങിയവരെല്ലാം ജോണ്‍ ഹിഗിന്‍സിന്റെ ആല്‍ബങ്ങള്‍ റിലീസ് ചെയ്തു. ‘ബ്രോച്ചേ വാ, കൃഷ്ണാ നീ ബേഗനെ ബാരോ, എന്തരോ മഹാനുഭാവലു തുടങ്ങിയ കീര്‍ത്തനങ്ങളെല്ലാം അനായാസമായി ‘സായിപ്പ് ഭാഗവതര്‍’ ആലപിച്ചു. ഇന്നും ഹിഗിന്‍സിന്റെ ആല്‍ബങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
സംഗീതത്തിന് ജാതിയും നിറവും ഭാഷയുമില്ലെന്നു ലോകത്തോടു വിളംബരം ചെയ്ത ജോണ്‍ ബി.ഹിഗിന്‍സിനു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ചരിത്രവുമുണ്ട്. പ്രതിഷേധ സൂചകമായി ക്ഷേത്രത്തിന്റെ മുന്നിലിരുന്നു അദ്ദേഹം കീര്‍ത്തനാലാപനം നടത്തുകയും ചെയ്തു. എല്ലാത്തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരെ സംഗീതയാത്ര നടത്താനുള്ള ഒരുക്കങ്ങളും ഹിഗിന്‍സ് നടത്തി.
തിരികെ യു .എസിലെത്തിയ അദ്ദേഹം ആഫ്രിക്കയിലെ വര്‍ണവിവേചനങ്ങള്‍ക്കെതിരെ സംഗീതപരിപാടിക്കായി പുറപ്പെടാനുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. യാത്ര പുറപ്പെടേണ്ട ദിവസം(1984 ഡിസംബര്‍ 7) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള മിഡില്‍ടൗണില്‍ വച്ച് അശ്രദ്ധമായി വാഹനമോടിച്ച തോമസ് നൈറ്റ് എന്നയാള്‍ ഹിഗിന്‍സ് എന്ന പ്രതിഭയുടെ ജീവനെടുത്തു. ഇന്ത്യന്‍ സംഗീതത്തിന്റെ പെരുമയും ചാരുതയും സ്വന്തമാക്കിയ സായിപ്പ് ഭാഗവതര്‍ സംഗീതപ്രേമികള്‍ക്കു ഇന്നും നൊമ്പരമാര്ന്നൊരോര്മയാണ്.