വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 22-ന്, ലിയോ പതിനാലാമൻ പാപ്പാ, സായുധ സംഘർഷങ്ങൾക്ക്, ഇരകളാകുന്ന വിശുദ്ധ നാട്ടിലെയും, ഉക്രൈനിലേയും, ലോകത്തിലെ മറ്റു ഇടങ്ങളിലെയും ജനതയ്ക്ക് സമാധാനം കൈവരുന്നതിനു, ഉപവാസ-പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചു. വേദനിക്കുന്ന ജനതയ്ക്കുവേണ്ടി, പരിശുദ്ധ പിതാവിന്റെ നിരന്തരമായ ശ്രദ്ധയ്ക്കും, മനുഷ്യ മനസുകളുടെ ഹൃദയ പരിവർത്തനത്തിനായുള്ള പ്രത്യാശയ്ക്കും, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയേർബത്തിസ്ത്ത പിറ്റ്സബല്ല നന്ദിയർപ്പിച്ചു. ഓഗസ്റ്റ് 20-ന് പൊതു സദസ്സിന്റെ അവസാനത്തിലാണ്, പാപ്പാ ഈ പ്രാർത്ഥനാദിനത്തിനായി ലോകം മുഴുവനുമുള്ള എല്ലാ വിശ്വാസികളെയും ക്ഷണിച്ചത്.
മനുഷ്യരുടെ മനസാന്തരത്തിനായി നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഏക കാര്യം, ദൈവത്തിങ്കലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നതും, ഉപവാസവും, പ്രാർത്ഥനയും അനുഷ്ഠിക്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു മാന്ത്രിക സൂത്രവാക്യമല്ല പ്രാർത്ഥനയെന്നും, അപ്രകാരം പ്രാർത്ഥനയെ സമീപിച്ചാൽ നമുക്ക് നിരാശ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കർദിനാൾ എടുത്തു പറഞ്ഞു.
മറിച്ച്, വിദ്വേഷത്തിന്റെയും തിരസ്കരണത്തിന്റെയും പശ്ചാത്തലത്തിൽ, മനുഷ്യന്റെ ഹൃദയങ്ങൾ അപരനിലേക്ക് കൂടുതൽ തുറക്കുവാനുള്ള ശക്തിയാണ് പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നും കർദിനാൾ പിറ്റ്സബല്ല പറഞ്ഞു.
ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിനു നേരെ നടന്ന ആക്രമണത്തിന് ശേഷം, കഴിഞ്ഞ ജൂലൈ 22 ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കീസായ തിയോഫിലസ് മൂന്നാമനുമായി നടത്തിയ പത്രസമ്മേളനത്തിൽ കർദിനാൾ പിറ്റ്സബല്ല, ഗാസയിലെ ജനതയുടെ വലിയ വിശ്വാസത്തെ എടുത്തു പറഞ്ഞിരുന്നു. ഈ യുദ്ധങ്ങൾക്കും, സംഘർഷങ്ങൾക്കും ഇടയിലും, ദൈവം തങ്ങളുടെ കൂടെ വസിക്കുന്നുവെന്ന അവരുടെ വിശ്വാസവും, പ്രാർത്ഥനയും ശക്തമാണെന്നും, ഇതാണ് ആ ജനതയെ പിടിച്ചുനിർത്തുന്നതെന്നും കർദിനാൾ പറഞ്ഞിരുന്നു.