പുരാണം / ജെയിംസ് അഗസ്റ്റിന്
മലയാളത്തില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങിയ കാലം മുതല്‍ സംഗീതസംവിധായകനായും ഗായകനായും ഫാ. ജോസഫ് പാലക്കല്‍ ഈ രംഗത്തുണ്ട്. യു.എസ്.എ.യിലെ സി.യു.എന്‍.വൈ.ഗ്രാജുവേറ്റ് സെന്ററില്‍ നിന്നും സംഗീതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഫാ. ജോസഫ് പാലക്കല്‍ സി.എം.ഐ
മലയാള ക്രിസ്തീയ ഭക്തിഗാനശാഖയിലെ ഗാനങ്ങള്‍ ശേഖരിക്കാനോ ക്രോഡീകരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇതുവരെ ആരും നടത്തിയിട്ടില്ല. പാട്ടുകളെ സ്നേഹിക്കുന്ന ചിലര്‍ പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, എല്‍.പി.റെക്കോര്‍ഡുകള്‍, കസെറ്റുകള്‍, സിഡികള്‍ എന്നിവ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനുള്ള ക്രമീകരണങ്ങള്‍ക്ക് ആരും മുന്നോട്ടു വന്നിട്ടില്ല. എല്ലാ രൂപതകള്‍ക്കും സഭകള്‍ക്കും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കല്‍ കമ്മീഷനുകള്‍ ഉണ്ടെങ്കിലും ഭക്തിഗാനഗവേഷണവും സമാഹരണവും ഇതുവരെ കാര്യമായി നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തിറങ്ങിയ പല നല്ല പാട്ടുകളുടെയും റെക്കോര്‍ഡുകളോ കസെറ്റുകളോ ഇപ്പോള്‍ ലഭ്യവുമല്ല.
ഡിജിറ്റല്‍ യുഗത്തിലും സ്വന്തം പാട്ടുകള്‍ പോലും സമാഹരിക്കാന്‍ പല എഴുത്തുകാര്‍ക്കും ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും കഴിയുന്നുമില്ല. ഇവിടെയാണ് റവ.ഡോ.ജോസഫ് പാലക്കല്‍ സി.എം.ഐ.യുടെ ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. ഗായകനും സംഗീതസംവിധായകനുമായ ഫാ. ജോസഫ് പാലക്കല്‍ സ്വന്തം ഗാനങ്ങള്‍ മാത്രമല്ല മലയാളത്തിലും ഇന്ത്യന്‍ ഭാഷകളിലും ഇറങ്ങിയിട്ടുള്ള എല്ലാ ഭക്തിഗാനങ്ങളും പാട്ടുകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും റിപ്പോര്‍ട്ടുകളും ശേഖരിച്ചു ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള തീവ്രയത്നത്തിലാണ്.
മലയാളത്തില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ ഭജന്‍ ആല്‍ബം ഒരുക്കിയത് ഫാ.ജോസഫ് പാലക്കലാണ്. 1977-ല്‍ വൈദികവിദ്യാര്ഥിയായിരിക്കെ അദ്ദേഹം പാടിയ മൂന്നു മലയാളം ഭക്തിഗാനങ്ങള്‍ അടങ്ങിയ ഇ.പി. റെക്കോര്‍ഡ് ബാംഗ്ളൂരിലെ പ്രശസ്തമായ ഡെക്ക റെക്കോര്‍ഡ്സ് റിലീസ് ചെയ്തിട്ടുണ്ട്. മൂന്നു പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് മലയാള സിനിമാ സംഗീതസംവിധായകനായ കെ.ജെ.ജോയ് ആയിരുന്നു. ഈ പാട്ടുകള്‍ക്ക് ലഭിച്ച സ്വീകാര്യത മനസ്സിലാക്കിയ ഡെക്ക റെക്കോര്‍ഡ്സ് ഒരു പ്രൊജക്റ്റ് കൂടി ചെയ്യാന്‍ ഏല്‍പ്പിച്ചു.
മലയാളത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ഭജനുകൾ റെക്കോര്‍ഡ് ചെയ്ത ഓര്‍മകള്‍ ഫാ. ജോസഫ് പാലക്കല്‍ പങ്കുവയ്ക്കുന്നു;
‘വൈദികവിദ്യാര്ഥിയായിരിക്കെ ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ റേഡിയോനിലയത്തിനു വേണ്ടി ക്രിസ്മസ് പ്രോഗ്രം തയ്യാറാക്കുന്നതിനുള്ള അവസരം ലഭിച്ചു. ഫാ. ആബേല്‍ സി.എം.ഐ. എഴുതി കെ.കെ. ആന്റണി മാസ്റ്റര്‍ സംഗീതം നല്കിയ ഗാനങ്ങളാണ് അന്ന് പാടിയത്. ആ പാട്ടുകള്‍ കേട്ടപ്പോള്‍ ഞങ്ങളുടെ സീനിയറായി സെമിനാരിയില്‍ ഉണ്ടായിരുന്ന ഫാ. ചെറിയാന് കുനിയന്തോടത്ത് ‘വാനമുദം’എന്ന പ്രശസ്തമായ റേഡിയോ പരിപാടിയിലേക്ക് എന്നെ പരിചയപ്പെടുത്തി. ജെ.എം. രാജു എന്ന സംഗീതസംവിധായകനായിരുന്നു അന്ന് ആ പരിപാടി ഒരുക്കിയിരുന്നത്. രണ്ടു പാട്ടുകള്‍ അന്ന് എന്നെക്കൊണ്ടു പാടിപ്പിച്ചു. മദ്രാസിലായിരുന്നു റെക്കോര്‍ഡിങ്. ഫാ. ചെറിയാന് കുനിയന്തോടത്ത് എഴുതിയ രണ്ടു പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് പീറ്റര്‍ റൂബനായിരുന്നു.

ഓര്ക്കസ്ട്രക്കാരെല്ലാം ഒരുമിച്ചിരുന്നു പാടുന്ന രീതിയായിരുന്നു അന്ന്. ഒരാള്‍ തെറ്റിച്ചാല്‍ വീണ്ടും പാടണം. ഇന്നത്തെപ്പോലെ ഓരോ വരി പാടാന്‍ കഴിയില്ല.
പിന്നീട് റേഡിയോയില്‍ അനേകം ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചു. അങ്ങനെ പാടിയ ‘ജീവിതമൊരു നീര്പ്പോളയല്ലയോ അതിന് ആയുസ്സ് നിമിഷങ്ങളല്ലയോ’ എന്നു തുടങ്ങുന്ന പാട്ട് റേഡിയോയില്‍ ശ്രോതാക്കളുടെ പ്രിയഗാനമായി മാറി. ശ്രോതാക്കള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകള്‍ അന്ന് കത്തുകളിലൂടെ ആവശ്യപ്പെടും. അങ്ങനെ ഈ ഗാനം പ്രശസ്തമായി. ഈ പാട്ടുകള്‍ കേട്ട ഫാ. ഐസക്ക് പാലത്തിങ്കല്‍ എന്നെ ഡെക്കാന്‍ റെക്കോര്‍ഡിന്റെ ഉടമയായ തങ്കയ്യ എന്നയാള്‍ക്ക് പരിചയപ്പെടുത്തി. എന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ തയ്യാറായ തങ്കയ്യ ഒരു ഇ.പി. റെക്കോര്‍ഡ് റിലീസ് ചെയ്യാമെന്ന് സമ്മതിച്ചു.
അങ്ങനെയാണ് ക്രിസ്തീയഭക്തിഗാനങ്ങള്‍ എന്ന പേരില്‍ മൂന്നു ഗാനങ്ങള്‍ ഇറങ്ങുന്നത്. ഫാ. ചെറിയാന് കുനിയന്തോടത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ.ജെ. ജോയ് ആയിരുന്നു. കേരളത്തിലെ പള്ളികളില്‍ രാവിലെ പാട്ടുകള്‍ കേള്‍പ്പിക്കുന്ന കാലമാണത്. പതിവായി കേട്ടിരുന്ന പാട്ടുകാരുടെ സ്വരത്തോടൊപ്പം പുതിയൊരു സ്വരം കൂടി സ്വീകരിക്കപ്പെട്ടതായി റെക്കോര്‍ഡ് കമ്പനിക്ക് മനസ്സിലായി. ഡെക്കാന്‍ റെക്കോര്‍ഡ്സിന്റെ അടുത്ത ആല്‍ബം ചെയ്യാനും അവര്‍ എന്നെ ചുമതലപ്പെടുത്തി. പത്തു പാട്ടുകള്‍ ചെയ്യാമെന്ന് ധാരണയായി. സാധാരണ ഭക്തിഗാനങ്ങള്‍ കുറെ ഇറങ്ങിത്തുടങ്ങിയതിനാല്‍ നമുക്ക് ഭജന്‍സ് ചെയ്യാമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ട് വച്ചു. അവര്‍ സമ്മതിച്ചു. അങ്ങനെ ബാംഗ്ലൂര്‍ ധര്‍മാരാം കോളജില്‍ പാടിയിരുന്ന കുറച്ചു ഭജനുകളും പുതിയ കുറച്ചു പാട്ടുകളും ചേര്‍ത്തു ഞങ്ങള്‍ റെക്കോര്‍ഡിങ് തുടങ്ങി. മദ്രാസിലെ എച്ച്.എം.വി.സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. പന്ത്രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു.

1979 ഒക്ടോബര്‍ 21നു എറണാകുളം ടൗണ്‍ ഹാളില്‍ വച്ചായിരുന്നു പ്രകാശനം നടന്നത്.
കര്‍ദിനാള്‍ ആന്റണി പടിയറ, സെബീന റാഫി, തങ്കയ്യ, ജോസഫ് കൈമാപറമ്പില്‍, ഫാ.ആബേല്‍ എന്നിവരെല്ലാം അന്ന് സന്നിഹിതരായിരുന്നു. പന്ത്രണ്ടു ഭജന്സുമായി ഒരു എല്‍.പി. റെക്കോര്‍ഡ് ഇറക്കാന്‍ അന്ന് കാണിച്ചത് ഒരു സാഹസം തന്നെയായിരുന്നു.’
പന്ത്രണ്ടു പാട്ടുകളും ഫാ. ജോസഫ് തന്നെയായിരുന്നു പാടിയത്. മോളി മഠത്തിപ്പറമ്പില്‍, ജസീന്ത ജോസ്, സണ്ണി മാമ്പിള്ളി സി.എം.ഐ. എന്നിവരായിരുന്നു സഹഗായകര്‍. ഇതിലെ ‘സ്നേഹമഹേശ്വരാ സ്വീകരിക്കേണമേ’ എന്ന ഗാനം കാഴ്ചവയ്പ് സമയത്തു നമ്മുടെ ദേവാലയങ്ങളില്‍ ഇന്നും ആലപിക്കുന്നുണ്ട്.
സ്വന്തം സമയവും സൗകര്യങ്ങളും സംഗീതത്തിനു നല്കി ഫാ. ജോസഫ് പാലക്കല്‍ യാത്ര തുടരുകയാണ്. മലയാള ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സമാഹരിക്കുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം നിറവേറട്ടെ എന്നാശംസിക്കുന്നു.