ഡബ്ലിൻ: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിൽ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഓഗസ്റ്റ് 10ന് ഡൗൺപാട്രിക് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
ഒരു മുപ്പതു വയസ്സുകാരന്റെ മരണത്തെ തുടർന്ന് കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വൈദികന് നേരെ ആക്രമണം ഉണ്ടായതെന്നാണ് പോലീസ് ഭാഷ്യം. ബിഷപ്പ് മഗ്ഗുയിൻ ഫാ. കാനൻ ജോൺ മുറെയെ ഹോസ്പിറ്റലിൽ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ വൈദീകൻ അപകട നില തരണം ചെയ്തെന്നും എത്രയും വേഗം സുഖം ആകും എന്ന് പ്രതീക്ഷിക്കുന്നെന്നും അറിയിച്ചു.