സിഡ്നി: ദാരിദ്ര്യത്തിലൂടെയും ദുഖത്തിലൂടെയും കടന്നുപോകുന്ന ആയിരക്കണക്കിന് യുവാക്കളെ പിന്തുണച്ച് പുതിയ ജീവിതത്തിലേക്ക് നയിച്ച പ്രശസ്ത ഓസ്ട്രേലിയൻ കത്തോലിക്കാ വൈദികൻ ഫാദർ ക്രിസ് റെയ്ലി (70) അന്തരിച്ചു. ഏറെക്കാലമായി നിലനിന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളേ തുടർന്നാണ് മരണം.
1991-ൽ സിഡ്നി കിങ്സ് ക്രോസ് എന്ന പ്രദേശത്ത് ഭവനരഹിതരായ യുവാക്കൾക്ക് ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച ഒരു ചെറിയ ഫുഡ് വാനാണ് പിന്നീട് ഓസ്ട്രേലിയയിലാകെ അംഗീകാരം നേടിയ യൂത്ത് ഓഫ് ദി സ്ട്രീറ്റ്സ് എന്ന വൻ സാമൂഹിക സേവന സംഘടനയായി മാറിയത്. ഫാദർ റെയ്ലിയുടെ നേതൃത്വത്തിൽ 220ലധികം ആളുകൾ ജോലി ചെയ്യുന്ന 30-തിലധികം സ്ഥാപനങ്ങൾ ന്യൂ സൗത്ത് വെയിൽസ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 1,600 ഭവനരഹിതരായ യുവാക്കൾക്ക് സംഘടന പ്രതിവർഷം സഹായം നൽകുന്നുണ്ട്.
“ഫാദർ ക്രിസ് റെയ്ലിക്ക് ഈ രാജ്യത്തിന്റെ അത്ര വലിയ ഒരു ഹൃദയമുണ്ടായിരുന്നു. ദുഖിതരായ യുവാക്കളെ അദേഹം ഒരിക്കലും കൈവിട്ടില്ല. നല്ലൊരു സുഹൃത്തായിരുന്നു. വൈദികന്റെ കൈത്താങ്ങ് ആയിരങ്ങൾക്കു ജീവൻ നൽകിയിരിക്കുന്നു.”ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
“ഒരു ചെറിയ ഫുഡ് വാനിൽ നിന്നുള്ള പ്രവർത്തനം അതിരുകളില്ലാത്ത കരുണയും ഒപ്പം ആവശ്യമായ സഹായങ്ങളുമായി സമൂഹത്തിൽ വിപുലമായി വ്യാപിച്ചു.”-ന്യൂ സൗത്ത് വെയിൽസ് മുഖ്യമന്ത്രി ക്രിസ് മിൻസും പ്രതിപക്ഷ നേതാവ് മാർക്ക് സ്പീക്മാനും പറഞ്ഞു.
ഫാദർ ക്രിസ് റെയ്ലിയുടെ പ്രവർത്തനങ്ങളെ വിവിധ അവാർഡുകൾ നൽകികൊണ്ട് ഓസ്ട്രേലിയൻ സമൂഹം ബഹുമാനിച്ചു. പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് നൽകിയ സേവനം മാനിച്ച് 2006-ൽ ഓർഡർ ഓഫ് ഓസ്ട്രേലിയയിൽ അംഗമായി നിയമിച്ചു. അതേ വർഷം തന്നെ, മനുഷ്യാവകാശ, തുല്യ അവസര കമ്മീഷൻ അദേഹത്തിന് മനുഷ്യാവകാശ മെഡൽ നൽകി.
“ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2022-ൽ പ്രവർത്തനത്തിൽ നിന്ന് പിന്മാറി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, പ്രതിബദ്ധതയും, യുവാക്കളെ കരുണയോടെ ഏറ്റെടുക്കാനുള്ള മനസും ഇന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നു.” യൂത്ത് ഓഫ് ദി സ്ട്രീറ്റ്സ് സംഘടനയുടെ നിലവിലെ സിഇഒ ജൂഡി ബാരക്ലോ പറഞ്ഞു. സലേഷ്യൻ സഭാംഗമായ ഫാ. ക്രിസ് റെയ്ലി യൂത്ത് ഓഫ് ദി സ്ട്രീറ്റ്സ് സ്ഥാപിക്കുന്നതിനുമുമ്പ് ഒരു അധ്യാപകൻ, യുവജന പ്രവർത്തകൻ, പ്രൊബേഷൻ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.