ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ആശുപത്രിയിലേക്ക് കരൾ എത്തിക്കാൻ മെട്രോ ട്രെയിനിൽ യാത്ര. വൈറ്റ് ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള രാജരാജേശ്വരീ നഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരൾ എത്തിച്ചത്.
ഒരു ഡോക്ടറും ഏഴ് നഴ്സുമാരും ചേർന്ന് കരൾ സുരക്ഷിതമായി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മെട്രോ സ്റ്റേഷനിലെത്തിച്ചു. ശേഷം സാധാരണ മെട്രോ ട്രെയിൻ സർവീസിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി 8:42 ന് യാത്ര തുടങ്ങിയ ട്രെയിൻ പർപ്പിൾ ലൈൻ വഴി 9:48 ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടർന്ന് അവിടെ കാത്തുനിന്ന ആംബുലൻസ് വഴി ആശുപത്രിയിലെത്തിച്ചു.
ശസ്ത്രക്രിയക്കായി കൃത്യസമയത്ത് കരൾ ആശുപത്രിയിൽ എത്തിക്കാനായതായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. വൈറ്റ് ഫീൽഡ്, രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനുകളിൽ കരളുമായി വരുന്ന ഡോക്ടറെയും നഴ്സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറായിനിന്നിരുന്നു.
ബംഗളൂരു മെട്രോയിൽ ഇതാദ്യമായാണ് ശസ്ത്രക്രിയക്കുള്ള അവയവങ്ങൾ കൊണ്ടുപോകുന്നത്. ബംഗളൂരു നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് കരൾ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ മെട്രോ യാത്ര തിരഞ്ഞെടുത്തത്.