കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളുംഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും എതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഭാരതത്തിന് ലോകം തന്നെ ആദരിക്കുന്ന അമൂല്യമായ ഒരു ഭരണഘടനയുണ്ട്്. ആ ഭരണഘടന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. എന്നിട്ട് ഇപ്പോള്‍ ഭാരതത്തില്‍ എന്ത് സംഭവിക്കുന്നു? ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നതിനെ ആര്‍ക്കു ന്യായീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സി.റ്റി.സി മദര്‍ ജനറല്‍ സിസ്റ്റര്‍ ഷാഹിലയുടെ നേതൃത്വത്തില്‍ സന്യസ്തര്‍ കൈകളിലേന്തിയ പ്രതിഷേധ ദീപത്തില്‍ അഗ്നി പകര്‍ന്നുകൊണ്ട് പ്രതിഷേധ റാലി ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ അല്മായ സംഘടന പ്രസിഡന്റുമാര്‍ പ്രതിഷേധ ജ്വാല ഏറ്റുവാങ്ങി രാജേന്ദ്ര മൈതാനിയിലുള്ള ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ ജാഥ നയിച്ചു.
അതിരൂപതയിലെ സന്ന്യസ്തര്‍,ഇടവക വൈദികര്‍,അല്മായര് എന്നിവര്‍ റാലിയില്‍ അണിനിരന്നു.രാജേന്ദ്രമൈതാനത്തെ ഗാന്ധി സ്ക്വയറിൽ നടന്ന സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ.ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷനായിരുന്നു.സി.എസ് എസ്. റ്റി പ്രോവിൻഷ്യൽ സുപീരിയർ സിസ്റ്റർ നീലിമ ഭരണഘടനയുടെ ആമുഖം വായിച്ചു.
കെആര്‍എല്‍സിസി ജനറല്‍സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ടി ജെ വിനോദ് എംഎല്‍എ , അല്മായ കമ്മീഷന് അസോസിയേറ്റ് ഡയറക്ടര്‍ ഷാജി ജോര്‍ജ്, ഫാ.മാര്ട്ടിന് തൈപ്പറമ്പില്‍, റോയ് പാളയത്തില്‍ എന്നിവര്‍ സംസാരിച്ചു.
വരാപ്പുഴ അതിരൂപതയ്ക്കു വേണ്ടി കെആര്‍എല്‍സിസിയുടെയും, ബിസിസികളുടെയും സഹകരണത്തോടെ കെഎല്‍സിഎ മുഖ്യനേതൃത്വം നല്‍കിയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.