കൊച്ചി: മലയാള നിരൂപണത്തിലെസൗമ്യജ്വാല പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യം.
മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സർവാദരണീയ ശബ്ദമായിരുന്നു മലയാളികൾ സ്നേഹത്തോടെ സാനുമാഷ് എന്നു വിളിച്ചിരുന്ന എം.കെ. സാനു. എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽപ്രാഗദ്ഭ്യം തെളിയിച്ച സാനുവിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്.
എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എൻ.രത്നമ്മ. മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട. മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെൻ്റ് സർവീസസ്, ദുബായ്). മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം, കാലടി സംസ്കൃതസർവ്വകലാശാല)
1927 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ എംഎ നേടിയ എം.കെ.സാനു നാലുവർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി.
1958 ലാണ് ആദ്യ പുസ്തകം അഞ്ചു ശാസ്ത്ര നായകന്മാർ പ്രസിദ്ധീകരിച്ചത്. 1960 ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. മലയാള സാഹിത്യ നിരൂപണത്തിൽ തന്റേതായ മാർഗം തെളിച്ചെടുത്തു സാനു. സൗമ്യവും അതേസമയം കരുത്തുറ്റതുമായ ഭാഷയിൽ അദ്ദേഹം മലയാള നിരൂപണത്തിന് പുതിയ വഴികൾ കാട്ടിക്കൊടുത്തു.
ഇടതുപക്ഷ ചിന്തകൾക്കൊപ്പം സഞ്ചരിച്ച സാനുവിൻറെനിലപാടുകളുടെ കാതൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളായിരുന്നു. അവയിൽ ചുവടുറപ്പിച്ച്, നവോത്ഥാന ചിന്തകളുടെ പ്രകാശം തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹം മലയാളിയിലേക്കു പ്രസരിപ്പിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പ്രസംഗകർ മുണ്ടശ്ശേരി, അഴീക്കോട്, എം.കെ സാനു എന്നിവരാണെന്ന് കെ. ബാലകൃഷ്ണ്ണൻ പറഞ്ഞിട്ടുണ്ട്.