കൊച്ചി : മതേതര ഇന്ത്യയിൽ ഒട്ടാകെ ക്രൈസ്തവർ നേരിടുന്ന മറ്റ് അക്രമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ ആർട്ടിക്കിൾ 25- മതസ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
ഛത്തീസ്ഗഡിൽ നടന്നത് ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയുടെ മതേതരത്വവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് പെരുമ്പടപ്പ് തിരുകുടുംബ ആശ്രമം സുപ്പീരിയർ ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ OCD പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭരണഘടന നമുക്ക് പ്രധാനം ചെയ്യുന്ന മൗലിക അവകാശങ്ങളിൽ ഒന്നായ ആർട്ടിക്കിൾ 25 പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മതത്തിൽ വിശ്വസിക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവണതകളാണ് സമീപകാലങ്ങളിൽ ഇന്ത്യയിൽ കണ്ടുവരുന്നത്, ഇത്തരം വർഗീയതയെ ഒറ്റക്കെട്ടായി നാം എല്ലാവരും നേരിടണം എന്ന് പറഞ്ഞുകൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.
കത്തോലിക്കാ സന്ന്യസ്തർ ഭയന്നു ജീവിക്കേണ്ട അവസ്ഥയാണ് മതേതര ഇന്ത്യയിൽ നിലവിലുള്ളത് എന്നും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാവണമെന്നും പറഞ്ഞുകൊണ്ട്
സെൻ്റ്. ഡൊമിനിക് ഇ. എം.എച്ച് എസ് പ്രധാന അധ്യാപിക സി. ഡാനി സേവ്യർ മുഖ്യപ്രഭാഷണം നടത്തി.
രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, മുൻ ജോയിൻ്റ് ഡയറക്ടർ ഫാ. സനീഷ് പുളിക്കപ്പറമ്പിൽ, മുൻ രൂപത പ്രസിഡന്റ് പി.ജി സാബു, മുൻ രൂപത ജനറൽ സെക്രട്ടറി റിഡ്ജൻ റിബെല്ലോ, സംസ്ഥാന സെനറ്റംഗം കാസി പൂപ്പന, കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡൻ്റ് ജീവ റെജി, ഇടക്കൊച്ചി ഫെറോന ഡയറക്ടർ ഫാ. നിഖിൽ സേവ്യർ, ഇടക്കൊച്ചി ഫെറോന ആനിമേറ്റർ ബിജു അറക്കപ്പാടത്ത്, കെസിവൈഎം കൊച്ചി രൂപത ഇടക്കൊച്ചി മേഖല എക്സിക്യൂട്ടീവ് ബേസിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപതാ സെക്രട്ടറി അക്ഷയ മരിയ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആന്റണി, ആൽവിൻ ജോസഫ്, അരുൺ പീറ്റർ, കൊച്ചി രൂപതയിലെ സന്യസ്തർ, അൽമായ നേതാക്കൾ, യുവജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.