റായ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് തട്ടിക്കൊണ്ട് പോയെന്ന് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പറയുന്ന പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തി.
‘കന്യാസ്ത്രീകളെ ജയിലില്‍ നിന്ന് മോചിപ്പിക്കണം, ഞങ്ങളെ ആരും ബലപ്രയോഗിച്ച് കൊണ്ടുപോയില്ല.
പ്രലോഭനമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല, എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം തിരിച്ചത്’ യുവതികളിലൊരാളായ കമലേശ്വരി പ്രധാന് (21) പറഞ്ഞു . മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു തങ്ങൾ പോയത് . പരിശീലനത്തിനും ജോലിക്കും വേണ്ടിയാണ് താനുള്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ ആഗ്രയിലേക്ക് പോയതെന്നും ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 25 ന് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഘത്തിലെ അംഗമായിരുന്ന കമലേശ്വരി പ്രധാന് ദേശീയ മാധ്യമത്തോട് പറഞ്ഞു .
മതംമാറ്റം ഉള്‍പ്പെടെ ആരോപണങ്ങളെല്ലാം നിഷേധിച്ച കമലേശ്വരി താനും കുടുംബവും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും പ്രതികരിച്ചു.