പുരാണം / ജയിംസ് അഗസ്റ്റിൻ
മലയാളത്തില്‍ എണ്ണമറ്റ ഭക്തിഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയസംഗീത കച്ചേരികള്‍ക്കുള്ള കീര്‍ത്തനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രീയസംഗീതശൈലിയിലുള്ള കീര്‍ത്തനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കുമ്പളം ബാബുരാജ് ഭാഗവതര്‍ എന്നിവര്‍ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
‘ദിവ്യകാരുണ്യനാഥനെ കാണാം കണ്ടുവണങ്ങി ആരാധിക്കാം
പലമണിഗോതമ്പിന്നപ്പം മനുഷ്യപ്രയത്നത്തിന്നപ്പം
ദിവ്യമേനിയാകുന്നോരപ്പം കൂട്ടായ്മയൊരുക്കുന്നോരപ്പം’
‘നാഥാ വസിച്ചാലും’ എന്ന ആല്‍ബത്തിലെ ഈ കീര്‍ത്തനം കുമ്പളം ബാബുരാജ് തന്നെയാണ് പാടിയിരിക്കുന്നത്.
‘പുതുജീവന്‍’ എന്ന ആല്‍ബത്തിലെ ഒരു കീര്‍ത്തനത്തിന്റെ ആദ്യവരികള്‍ താഴെ ചേര്‍ക്കുന്നു.
‘ദാവീദിന് പുത്രാ യേശുനാഥാ
കനിയേണമേ അടിയനില്‍ നീ
രോഗത്തില്‍ നിന്നും മുക്തി നേടാന്‍
നിന്നെയെന്നും സ്തുതിച്ചീടാന്‍
ദാവീദിന് പുത്രാ കനിയേണമേ.’
‘ഈശ്വരധ്യാനം ശാന്തിയേകിടും
ഈശ്വരരധ്യാനം ദുഖമകറ്റീടും
ഈശ്വരധ്യാനം പകയറ്റീടും
ഈശ്വരധ്യാനം സ്നേഹം വളര്‍ത്തീടും
ഈശ്വരധ്യാനം ജ്ഞാനം നല്കീടും
ഈശ്വരധ്യാനം ധൈര്യം പകര്‍ന്നീടും
ഈശ്വരധ്യാനം പാപമകറ്റീടും
ഈശ്വരധ്യാനം ജീവന് നല്കീടും’
എന്നു തുടങ്ങുന്ന കീര്‍ത്തനം ഈശ്വരധ്യാനം എന്ന ആല്ബത്തിലെയാണ്.
ദേവാ തുറന്നാലും, നാഥാ വസിച്ചാലും, ഈശ്വരധ്യാനം, പുതുജീവന്‍, ദൈവപിതാവിനെ സ്തുതിച്ചീടാം തുടങ്ങിയ ആല്‍ബങ്ങളിലെ എല്ലാ കീര്‍ത്തനങ്ങളും എഴുതിയത് ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തനാണ്. റവ.ഡോ. ചെറിയാന് കുനിയന്തോടത്ത്, ഷെവ.ഡോ. പ്രീമൂസ് പെരിഞ്ചേരി, ഫാ. പ്ലാസിഡ് ഒ.ഐ.സി., സിസ്റ്റര്‍ എറാസ്മ സി.എസ്.എസ്.ടി. എന്നിവരുടെ രചനകളും ക്രൈസ്തവ ശാസ്ത്രീയ കീര്‍ത്തനങ്ങളാക്കി ബാബുരാജ് ഭാഗവതര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
‘സത്യം അറിയിക്കും നായകന്’ (രചന: ഫാ. അലക്സ് ചിങ്ങന്തറ), തിരുവനന്തപുരം അതിരൂപത നിമ്മിച്ച ‘സ്നേഹതീരം’ (രചന: ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍)എന്നീ ഭക്തിഗാന സമാഹാരങ്ങള്‍ക്കും സംഗീതം നല്‍കിയത് കുമ്പളം ബാബുരാജാണ്.
സാധാരണ ഭക്തിഗാനങ്ങള്‍ നാലോ അഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ തീരുമ്പോള്‍ ഒരു കീര്‍ത്തനം പത്തും പതിനഞ്ചും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. അതുകൊണ്ടുതന്നെ നിര്‍മ്മാണച്ചെലവും അധ്വാനവും കൂടുതലായി വേണ്ടി വരും. അങ്ങനെ പലരും ഒഴിഞ്ഞുമാറിയിരുന്ന ക്രൈസ്തവ ശാസ്ത്രീയ കീര്ത്തനശാഖയ്ക്കു ക്ലേശങ്ങള്‍ സഹിച്ചും വലിയ സേവനം നല്കിയവര് വളരെ കുറച്ചു പേരേയുള്ളൂ.
കൊച്ചി രൂപതയിലെ കുമ്പളം ഇടവകയില്‍ പിടിയഞ്ചേരി കുടുംബത്തില്‍ കൊച്ചുപൈലി ആശാന്റേയും ത്രേസ്യാമ്മയുടെയും മകനായി 1937 ഡിസംബര്‍ 18 നു ജനിച്ച സ്റ്റീഫന്‍ പിന്നീട് കുമ്പളം ബാബുരാജ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. നാടകനടനായിരുന്ന കൊച്ചുപൈലി ആശാന് സ്വന്തമായുണ്ടായിരുന്ന ഹാര്‍മോണിയം ബാബുരാജിനു സംഗീതലോകത്തിലേക്കുള്ള ചുവടുവയ്പ്പിനു ആദ്യകൂട്ടായി മാറി. ചേര്‍ത്തല ദാമു ഭാഗവതരുടെ കീഴില്‍ ബാബുരാജ് സംഗീതപഠനം ആരംഭിച്ചു.
പള്ളുരുത്തി രാമന്‍കുട്ടി ഭാഗവതരുടെ കീഴിലായിരുന്നു തുടര്‍പഠനം. അന്നു കൂടെയിരുന്നു സംഗീതം പഠിച്ചത് കെ.ജെ. യേശുദാസായിരുന്നു. മദ്രാസ് ഗവണ്മെന്റിന്റെ ഹയര്‍ ഗ്രേഡ് മ്യൂസിക് ഡിപ്ലോമ നേടിയ ശേഷം 1958-ല്‍ സംഗീതാധ്യാപകനായി പള്ളുരുത്തി സെന്റ്.സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ സേവനം ആരംഭിച്ചു. ജെ.ബി.സ്കൂള്‍ വടവുകോട്, ഗവ.സ്കൂള്‍ സൗത്ത് വാഴക്കുളം, ഗവ.സ്കൂള്‍ ആലുവ, ഗവ.സ്കൂള്‍ എടയപ്പുറം, ഗവ.സ്കൂള്‍ മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ സംഗീതാധ്യാപകനായി ജോലി ചെയ്തു. എറണാകുളം സി.എ.സി., ഫാക്ട് ആര്‍ട്സ് ക്ലബ്, ഐ.ആര്.ഇ. ആര്‍ട്സ് ക്ലബ്, കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി, വിയാനി ഹോം സെമിനാരി എന്നീ സ്ഥാപനങ്ങളിലും സംഗീതം പഠിപ്പിച്ചു.
1976-ല്‍ വീടിനോട് ചേര്‍ന്ന് കുമ്പളം സംഗീത കലാലയം ആരംഭിച്ചു.
വിദ്യാരംഭദിനങ്ങളില് വലിയ കലാസംഗമങ്ങള്‍ അദ്ദേഹം മുന്‍കൈയെടുത്തു നടത്തുന്നു. ഇടക്കൊച്ചി പ്രഭാകരന് എന്ന പ്രമുഖ കാഥികന്റെ ഹാര്‍മോണിസ്റ്റ് ആയും ഏറെ വര്‍ഷം പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ അനേകം വേദികളില്‍ കച്ചേരികള്‍ നടത്തിയ ബാബുരാജിന്റെ ക്രിസ്തീയ ശാസ്ത്രീയ കച്ചേരികള്‍ പ്രശസ്തമായിരുന്നു. ദൂരദര്ശന്, ശാലോം, ആള് ഇന്ത്യ റേഡിയോ എല്ലാം അദ്ദേഹത്തിന്റെ കച്ചേരികള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
എഴുപതു വര്‍ഷമായി തുടരുന്ന സംഗീതാധ്യാപനത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കലാലോകത്തേക്കു സ്വാഗതം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രശസ്ത പിന്നണി ഗായകന് ജോളി അബ്രഹാം ഉള്‍പ്പെടെ പല പ്രഗത്ഭരും അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചിട്ടുണ്ട്.
നിരവധി വൈദികര്‍, സന്ന്യാസിനികള്‍, ബിഷപ്പുമാര്‍ എല്ലാം അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലുണ്ട്.
വയലിന്, ക്ലാരിനെറ്റ്, ബുള്‍ബുള്‍, സിത്താര്‍, ഹാര്‍മോണിയം തുടങ്ങിയ സംഗീതോപകരണങ്ങള്‍ വായിക്കാനും അഭ്യസിപ്പിക്കാനും അദ്ദേഹത്തിനു വൈദഗ്ധ്യമുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കെസിബിസി ഗുരുപൂജ പുരസ്കാരം, ഫാ. ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എണ്‍പത്തിയെട്ടാം വയസ്സിലും സംഗീത ലോകത്ത് സജീവമായി നില്ക്കുന്ന ബാബുരാജ് മാസ്റ്ററിന്റെ ക്രിസ്തീയ കീര്‍ത്തനങ്ങള്‍ അദ്ദേഹം നല്കിയ സേവനങ്ങളില്‍ ഏറ്റവും അനന്യമായതും അനശ്വരമായതുമാണ്.