ഛത്തീസ്ഗഡ്: മനുഷ്യ കടത്തു ആരോപിച്ചു ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുർഗിലെ വിചാരണ കോടതി ആണ് ജാമ്യാപേക്ഷ നിരസിച്ചത്. താമസിയാതെ തന്നെ സെക്ഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു.
ഇതിനിടെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. ബജ്റംഗ്ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനത്തിന് ശേഷം പറഞ്ഞു.
എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ, സപ്തഗിരി എന്നീ എംപിമാരാണ് ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലിൽ ഇവരെ കാണാൻ അനുമതി ലഭിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ജയിൽ പരിസരം വേദിയായി.
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ ഞായറാഴ്ച അറസ്റ്റിലായത്. ഇരുവരും നിലവിൽ ദുർഗ് ജയിലിലാണുള്ളത്.
ഒരു പറ്റം ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു. അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.