ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ്ഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകൾ മാർച്ച് നടത്തി.
സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിഷ നിന്നാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്.
കന്യാസ്ത്രീകളുടെ മോചനം എത്രയും വേഗം സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവരെ ജയിലിലടച്ചിട്ട് ഇന്ന് 6 ദിവസം പൂര്‍ത്തിയാകുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.
ഛത്തീസ്ഗഡ് സെഷൻസ് കോടതിയും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. എന്‍ഐഎ കോടതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. തുടര്‍ന്ന് പരസ്യ പ്രതിഷേധത്തിലേക്കും ശക്തമായ നിലപാടിലേക്കും എത്തിയിരിക്കുകയാണ് ക്രൈസ്തവ സഭ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.
കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.