കൊച്ചി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. കേസ് ബലപ്പെടുത്താനാണ് നിർബന്ധിത മതപരിവർത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേർത്തത്. അക്രമത്തെ ന്യായീകരിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
കന്യാസ്ത്രീകളെ അവരുടെ സഭാവസ്ത്രത്തിൽ കണ്ടതിന് വിറളി പൂണ്ട് കടുത്ത അസഹിഷ്ണുതയോടെ കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടച്ചത് രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും മതനിരപേക്ഷ നിലപാടിനുമേറ്റ തീരാ കളങ്കമാണ്.
എല്ലാവർക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങൾക്കും സേവന സന്നദ്ധരായ കന്യാസ്ത്രീകൾക്കും ലഭിക്കണം. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എന്ന് നിരന്തരം പ്രാഘോഷിക്കുന്ന കേന്ദ്ര സർക്കാർ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും അക്രമികളെയും നിയമ വിരുദ്ധ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്തു മാതൃകപരമായി ശിക്ഷിക്കുകയും വേണം.
ക്രൈസ്തവർക്കെതിരെ, പ്രത്യേകിച്ച് വൈദികർക്കും സന്ന്യസ്ഥർക്കും എതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. നിയമ വാഴ്ച സംരക്ഷിക്കണം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരെ 4316 അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 ൽ 733 ആയിരുന്നത് 2024 ൽ 834 ആയി വർധിച്ചതായി കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറയും ചൂണ്ടിക്കാട്ടി.