വത്തിക്കാൻ സിറ്റി: കിഴക്കൻ കോംഗോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള വിമതർ ക്രൂരമായ ആക്രമണം നടത്തി. ജൂലൈ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച്ച, പുലർച്ചെ 1:00 മണിയോടെ, തീവ്രവാദികൾ കൊമാണ്ടയിലെ ദേവാലയത്തിലേക്ക് ഇരച്ചുകയറി നാൽപ്പതോളം പേരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കത്തിഉപയോഗിച്ചും, തോക്കുകൾ കൊണ്ട് നിറയൊഴിച്ചും 43 പേരെ കൊലപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു റേഡിയോ റിപ്പോർട്ട് ചെയ്തു.
കൊമാണ്ടയുടെ മധ്യഭാഗത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് ആക്രമണകാരികൾ വന്നതെന്നും സുരക്ഷാ സേന എത്തുന്നതിനുമുമ്പ് അവർ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. നിരവധി വീടുകളും കടകളും ആക്രമണത്തിൽ കത്തിനശിച്ചു.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, എക്സിലെ ഒരു പോസ്റ്റിൽ ക്രൂരമായ ആക്രമണത്തെ അപലപിച്ചു: “ആരാധനാലയങ്ങൾ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുകയും മതസ്വാതന്ത്ര്യം ബഹുമാനിക്കപ്പെടുകയും വേണം. ഇറ്റലി ഇരകളുടെ കുടുംബങ്ങൾക്കും കോംഗോ ജനതയ്ക്കും ഒപ്പമുണ്ട്”, അന്തോണിയോ കുറിച്ചു.
ഉഗാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് എഡിഎഫ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്, ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും സാധാരണക്കാർക്കെതിരെ പതിവായി ആക്രമണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ്, അവർ ഇരുമു പ്രദേശത്ത് 66 പേരെ കൊലപ്പെടുത്തി.