വത്തിക്കാൻ സിറ്റി: കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷങ്ങൾക്കായി റോമിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ടാണ് വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി തന്റെ സന്ദേശം ആരംഭിച്ചത്. തദവസരത്തിൽ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും, കുടിയേറ്റനിയമനിർമ്മാണങ്ങളും മൂലം ഈ സംഗമത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവരെയും അദ്ദേഹം സ്മരിച്ചു.
അസത്യങ്ങളുടെ പ്രയാസകരമായ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും, കൂട്ടായ്മയുടെ മാതൃക നൽകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നു ഓർമ്മപ്പെടുത്തി.നെറ്റ് വർക്കിന് മുമ്പുള്ള ഒരു ശൃംഖലയായിരുന്നു സഭയെന്നും, അതിനു കാരണം, അത് ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്നതായിരുന്നുവെന്നും പൗളോ പറഞ്ഞു. ഇക്കാരണത്താൽ നാം ഒരൊറ്റ ജനതയുടെ ഭാഗമാണെന്നുള്ള ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഗോരിതങ്ങളല്ല, ആളുകളുടെ ഒരു ശൃംഖലയാണ് സഭയെന്നും അടിവരയിട്ടു പറഞ്ഞു.ക്രിസ്തു നിലനിൽക്കുന്നതിനായി സ്വയം ചെറുതാകുവാനുള്ള സന്മനസ് നമ്മിൽ ഉണ്ടാകുകയും, അങ്ങനെ അവൻ അറിയപ്പെടുകയും മഹത്വപ്പെടുത്തപ്പെടുകയും ചെയ്യുന്നതാണ് ജീവിതത്തിന്റെ സംതൃപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം, ഡിജിറ്റൽ യുഗത്തിൽ ഒരു സഭയെന്ന നിലയിൽ ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കുന്നതാണ് നമ്മുടെ ജീവിതലക്ഷ്യമെന്നും പ്രീഫെക്ട് ഉദ്ബോധിപ്പിച്ചു.നമ്മെ സ്പർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന നിരാശയുടെ നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശ വിതയ്ക്കാനാകും? നമ്മുടെ സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന വിഭജനത്തിന്റെ വൈറസിനെ നമുക്ക് എങ്ങനെ സുഖപ്പെടുത്താം? നമ്മുടെ ആശയവിനിമയത്തോടൊപ്പം പ്രാർത്ഥനയും ഉണ്ടോ? എന്ന ഫ്രാൻസിസ് പാപ്പായുടെ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ, എല്ലാവരെയും കൂട്ടിനിർത്തിക്കൊണ്ട്, അസാധാരണമായ ഒരു ബന്ധത്തിന്റെ സവിശേഷത കാണിച്ചുകൊടുക്കുന്നതാവണം ഓരോ ഇൻഫ്ലുവൻസേഴ്സിന്റെയും ജീവിതവും പ്രവർത്തനങ്ങളുമെന്നും പൗളോ എടുത്തു പറഞ്ഞു.