കണ്ണൂർ : ലത്തീൻ കത്തോലിക്കരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ നേടിയെടുവാൻ സാധിക്കുകയുള്ളുവെന്നും സമുദായ ശാക്തീകരണ ശ്രമങ്ങൾ പരമപ്രധാനമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപതതല അംഗത്വ കാംപെയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർക്ക് ആകെയുള്ള പ്രതീക്ഷ ജെബി കോശി കമ്മീഷൻ റിപ്പോർട്ടാണ്. എന്നാൽ ആ റിപ്പോർട്ട് യഥാവിധി പുറത്തു വരികയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. കുറെ കാര്യങ്ങൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ എന്ത് നടപ്പിലാക്കിയെന്ന് പറയുന്ന ധവളപത്രം പുറത്തിറക്കാൻ തയ്യാറാവണം.
കെഎൽസിഎ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, രൂപത ട്രഷറർ ക്രിസ്റ്റഫർ കല്ലറക്കൽ, സിഎൽസി രൂപത പ്രസിഡണ്ട് ഡിയോൺ ആന്റണി, കെഎൽസിഎ രൂപത ഭാരവാഹികളായ എലിസബത്ത് കുന്നോത്ത്, കെ.എച്ച് ജോൺ, ഫ്രാൻസിസ് അലക്സ്, ബർണാർഡ് താവം, സ്റ്റെഫാൻ ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.