പുസ്തകം / ഷാജി ജോര്‍ജ്
ജൂലൈ 19ന് സ്വാതന്ത്ര്യസമരസേനാനിയും തിരുക്കൊച്ചിയിലെ മന്ത്രിയും ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയംഗവും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റംഗവുമായിരുന്ന ആനിമസ്ക്രീന്റെ ഓര്‍മ്മദിനമായിരുന്നു. 1963 ജൂലൈ 19നാണ് ആനിമസ്ക്രീന് അന്തരിച്ചത്.
ഈയാഴ്ച , ആനിമസ്ക്രീനെക്കുറിച്ച് ചെറുകാട് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിരുന്ന ചെറുകാട് ഗോവിന്ദപിഷാരടി എഴുതിയ കവിതയും അത് ഉള്‍പ്പെടുത്തിയിട്ടുള്ള മേത്താപ്പ് എന്ന കവിതാ സമാഹാരത്തെ കുറിച്ചുമാണ് ഈ കോളത്തില്‍ പരാമര്‍ശിക്കുന്നത്. സത്യം പറയട്ടെ കവിതയും മേത്താപ്പ് പുസ്തകവും ഞാന്‍ കണ്ടിട്ടില്ല; വായിച്ചിട്ടുമില്ല. (തീര്‍ച്ചയായും കണ്ടെത്തി വായിക്കും) ആനിമസ്ക്രീനെ കുറിച്ച് ചെറുകാട് എഴുതിയ കവിത ഏറെ പ്രസക്തവും ചരിത്രപ്രാധാന്യവുമുള്ളതുമാണ്. അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.

ആനിമസ്ക്രീന്
മികച്ച പാര്ലമെന്റേറിയനായിരുന്ന ആനിമസ്ക്രീന് ആദ്യ പാര്‍ലമെന്റില്‍ നടത്തിയ ഒരു ശ്രദ്ധ ക്ഷണിക്കല്‍ ജൂലൈ 19ലെ ദേശാഭിമാനി പത്രത്തില്‍ ‘റേഷനരി കവിതയില്‍ വരുമ്പോള്‍” എന്ന ലേഖനത്തിലൂടെ ജി. സാജന് ഓര്‍മപ്പെടുത്തുന്നുണ്ട്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രനായ സാജന് ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രത്തിലെ പോഗ്രാം മേധാവിയുമായിരുന്നു.
ആദ്യ പാര്‍ലമെന്റിലെ ഒരു ദിവസം ആനിമസ്ക്രീന് ഒരു പൊതി ലോകസഭാ സ്പീക്കര്‍ ഗണേഷ് വാസുദേവ് മാവ്ലങ്കറുടെ മേശപ്പുറത്ത് വയ്ക്കുന്നു. ‘പൊന്നിനേക്കാള്‍ വിലയുള്ള യുറേനിയം വിളയുന്ന പൊന്നുതമ്പുരാന്റെ വഞ്ചി ഭൂമിയില്‍’ നിന്ന് ഇതെന്താണ് ലോകസഭാംഗം കൊണ്ടുവന്നിരിക്കുന്നത് എന്നറിയാന്‍ മറ്റ് അംഗങ്ങള്‍ കൗതുകത്തോടെ എഴുന്നേറ്റ് നിന്നു. ഇതെന്താണെന്ന് സ്പീക്കര്‍ ദേഷ്യപ്പെട്ട് ചോദിക്കുന്നു. പൊതിയഴിച്ചുകൊണ്ട് ആനിമസ്ക്രീന് മറുപടി പറഞ്ഞു: കേരളത്തില്‍ ലഭിക്കുന്ന റേഷനരി. മണലും മണവും പുഴുക്കളുമല്ലാതെ ഇതില്‍ വേറൊന്നുമില്ല. പൊതിയഴിച്ചപ്പോള്‍ സഭയില്‍ ചീഞ്ഞ മണം പരന്നു. സ്പീക്കറും അംഗങ്ങളും മൂക്കുപൊത്തുന്നു. ഒരു പുഴു കാറ്റില്‍ പറക്കുന്നു. ‘അണ് പാര്‍ലമെന്ററി’ രോഷാകുലനായി സ്പീക്കര്‍ അംഗത്തെ താക്കീത് ചെയ്യുന്നു.
തുടക്കത്തില്‍ പരാമര്‍ശിച്ചതുപോലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി നടന്ന വ്യത്യസ്തമായ ഈ പ്രതികരണം ചെറുകാട് കവിതയാക്കി അവതരിപ്പിച്ചിച്ചു. മലങ്കാടന്‍ എന്ന തൂലികാനാമത്തില്‍ കവിതകള്‍ എഴുതിയിരുന്ന ചെറുകാട് 1955ല്‍ പ്രസിദ്ധീകരിച്ച ‘മേത്താപ്പ്’ എന്ന സമാഹാരത്തിലാണ് ഈ കവിത ഉള്ളത്. പ്രസിദ്ധീകരിച്ചത് മംഗളോദയം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ജീവിതപ്പാത’ ചെറുകാടിന്റെ പ്രസിദ്ധമായ ആത്മകഥയാണല്ലോ. ജീവിതപ്പാതയുടെ അമ്പതാം വാര്‍ഷികമാണെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
പട്ടാമ്പി കോളജിലെ അധ്യാപനജോലി രാജിവെച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പുരോഗമന കലാ സാഹിത്യ സംഘാടകനുമായി പ്രവര്‍ത്തിച്ച ചെറുകാട് 1948-ല്‍ മക്കരപ്പറമ്പ് ജാഥക്കേസില്‍ കുടുങ്ങി ഒളിവില്‍ പോയി. പിന്നീട് ചെറുകാട് അറസ്റ്റിലായി മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു.
തന്നെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് വീട്ടില്‍ കയറി ഭാര്യയെ പിടിച്ചുകൊണ്ടുപോകുമെന്ന അവസ്ഥവന്നപ്പോള്‍ സ്വയം കീഴടങ്ങുകയായിരുന്നു. ജയില്‍വാസത്തിനിടയില്‍ ആയിരിക്കണം ആനിമസ്ക്രീനിനെ കുറിയുള്ള കവിത അദ്ദേഹം രചിച്ചത്.

ചെറുകാട്
ഏതായാലും ആനിമസ്ക്രീന്റെ സ്മൃതിദിനത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒതകുന്ന ലേഖനവും അഥവാ ഇങ്ങനെയൊക്കെ പ്രതികരിച്ച പാര്‍ലമെന്റംഗങ്ങള്‍ നമുക്കുണ്ടായിരുന്നു എന്ന് ഓര്മപ്പെടുത്തുലുമായി സാജന്റെ ലേഖനം. അത്തരം പ്രതികരണങ്ങളുടെ അര്‍ത്ഥം ഉള്‍ക്കാണ്ട് കവിതയെഴുതിയവരും അത് പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ പ്രസാധകരും മലയാളനാട്ടില് ഉണ്ടായിരുന്നുവെന്ന് കൂടി ജി. സാജന് ഓര്‍മ്മപ്പെടുത്തുന്നു.
അദ്ദേഹത്തിന് അഭിനന്ദനം. ഇനി ലേഖനം വായിക്കാം.
റേഷനരി കവിതയില്‍ വരുമ്പോള്‍
1950 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നുള്ള ഒരു അപൂര്‍വ രംഗമാണ്. ആനിമസ്ക്രീന് തന്റെ കൈവശമുള്ള ഒരു പൊതി ലോകസഭാ സ്പീക്കര്‍ മാവ്ലങ്കറുടെ മേശപ്പുറത്ത് വയ്ക്കുന്നു. ”പൊന്നിനേക്കാള്‍ വിലയുള്ള യുറേനിയം വിളയുന്ന പൊന്നുതമ്പുരാന്റെ വഞ്ചിഭൂമിയില് നിന്ന്” ഇതെന്താണ് ലോകസഭാംഗം കൊണ്ടുവന്നിരിക്കുന്നത് എന്നറിയാന്‍ പാര്‍ലമെന്റിലെ മറ്റംഗങ്ങള്‍ കൗതുകത്തോടെ എണീറ്റ് നില്ക്കുന്നു. ഈ സംഭവം ഒരു കവിതയാക്കി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് മലങ്കാടന്‍ എന്ന പേരില്‍ കവിതയെഴുതിയിരുന്ന ചെറുകാട്.
കവിതയില്‍ നിന്നുള്ള രംഗവര്ണന കേട്ടോളു,
”ശ്രീകണ്ഠനും പുന്നൂസും അപ്പൊതിയിലേക്കുറ്റുനോക്കി ..
എകെജിയും എഴുന്നേറ്റു പെരുവിരലൂന്നി നിന്നു
നോക്കി; കേളപ്പേട്ടന് വേഗം കണ്ണട വച്ചു ..
സുന്ദരയ്യ തെലുങ്കാന മറന്നുപോയ് …സുചേതയും
നിര്‍ന്നിമേഷാക്ഷിയായ് നിന്നു നിശ്ചലയായി
ദാമോദര മേനവനും കദര്വേഷ്ടി തോളത്തിട്ട് സാമോദമോടെഴുന്നേറ്റു പകച്ചുനിന്നു
സീതിയില്ലാത്തതുകൊണ്ട്, പോക്കര് സാഹേബെഴുന്നേറ്റു
പാതിയോളം നിന്നു ..ചാക്കോ ചാരിയിരുന്നു ..
അങ്ങനെ അക്കാലത്ത് കേരളത്തില്‍ നിന്നുള്ള പ്രമുഖരെല്ലാം എണീറ്റ് നിന്ന് ഈ പൊതിയെന്താണ് എന്ന് അദ്ഭുതത്തോടെ നോക്കുന്നത് കവി വിശദമായി വര്‍ണിക്കുന്നു.
ഇതെന്താണ് എന്ന് അല്പം ദേഷ്യത്തോടെയാണ് മാവ്ലങ്കര് ചോദിക്കുന്നത്. ഇതാണ് കേരളത്തില്‍ കിട്ടുന്ന റേഷനരി, ആനി മസ്ക്രീന് മറുപടി നല്കുന്നു. ഇതഴിക്കുമ്പോഴേക്കും സഭയില്‍ ഒരു ചീഞ്ഞ മണം പരക്കുന്നു….സ്പീക്കറും അംഗങ്ങളും ഒരുമിച്ച് മൂക്കുപൊത്തുന്നു.
എന്നാല്‍ മണവും മണലുമല്ലാതെ അതില്‍ ഒരൊറ്റ അരിമണിയില്ല ..ധാരാളം പുഴുക്കള്‍ ഉണ്ടുതാനും. അതില്‍ ഒരു പുഴു കാറ്റില്‍ പറന്നുപൊങ്ങുന്നു. ”അണ്‍പാര്‍ലമെന്ററി” രോഷാല്‍ ആക്ഷേപിച്ചു മാവാലങ്കര്‍ …’
അപ്പോള്‍ ആനി മസ്ക്രീന് പറഞ്ഞു,
”തെല്ലബദ്ധം പറ്റിപ്പോയി
പുഴുക്കള്‍ തന് ഗതിവേഗം
നല്ലപോലെ അളന്നില്ല..കണക്കുതെറ്റി
നോക്കി നോക്കൂ ചാക്കോച്ചന്റെ
മൂക്കത്തതാ ജോണച്ചന്റെ
ഊക്കുകൂടും പുഴുവൊന്നു
ചെന്നിരിക്കുന്നു ..”
പുഴുവിന്റെ ഗതിവേഗം കൃത്യമായി അളക്കാന്‍ കഴിയാത്തതില്‍ സഭാധ്യക്ഷന് മാപ്പ് നല്‍കണം എന്ന് പറഞ്ഞാണ് ആനി മസ്ക്രീന് മറുപടി അവസാനിപ്പിക്കുന്നത്.
മൂക്ക് തട്ടിക്കുടയുന്നു
തിരുകൊച്ചി എംപിയായ
ചാക്കോ, പാര്‍ലിമെന്റിലൊരു
ചിരി മുഴങ്ങി…
എന്നാണ് കവിത അവസാനിക്കുന്നത്.
മലങ്കാടന്റെ മേത്താപ്പ് എന്ന കവിതാസമാഹാരത്തിലാണ് ഞാന്‍ ഈ കവിത കാണുന്നത്. 1954 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അന്ന് ഒരു അണ ആണ് വില കാണിച്ചിരിക്കുന്നത്. പ്രസാധകര് മംഗളോദയം.
ആ കാലഘട്ടത്തെക്കുറിച്ചും രാഷ്ട്രീയവും സാഹിത്യവുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഈ കവിതയില്‍ നിന്ന് ചിലതെല്ലാം പഠിക്കാന്‍ പറ്റും. പുതിയ തലമുറയ്ക്ക് താരതമ്യേന ഈ രണ്ടുപേരുകളും അപരിചിതമാവണം. ചെറുകാട് ഒളിവിലായിരുന്ന കാലത്താവണം മലങ്കാടന്‍ എന്ന പേരില്‍ കവിതകള്‍ എഴുതിയിരുന്നത്. എന്നാല്‍ ചെറുകാടിന്റെ മുത്തശ്ശി അടക്കമുള്ള നോവലുകളും ആത്മകഥയും ഇപ്പോഴും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ആനി മസ്ക്രീന്റെ പ്രതിമ തിരുവനന്തപുരത്ത് വഴുതക്കാടുണ്ട്. അതിലൂടെ കടന്നുപോകുന്ന എത്രപേര്‍ ഈ വ്യക്തിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചിട്ടുണ്ടാവും എന്നും അറിയില്ല.
ആനി മസ്ക്രീന് സ്വാതന്ത്ര്യ സമര പോരാളിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. 1902 ല്‍ ഒരു ലത്തീന്‍ കത്തോലിക്ക കുടുംബത്തിലാണ് ആനി ജനിച്ചത്. നിയമ പഠനം കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുമ്പോള്‍ ആ രംഗത്തുള്ള മൂന്ന് വനിതകളില്‍ ഒരാളായിരുന്നു ആനി. പിന്നീട് അക്കാമ്മ ചെറിയാനുമൊപ്പം രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും ആ രംഗത്ത് ഏറെ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല.
1938 ല്‍ സിപിയുടെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ചതിനും 1947 ല്‍ അമേരിക്കന്‍ മോഡലിനെ വിമര്‍ശിച്ചതിനും പുന്നപ്ര വയലാറില്‍ 7000 പേര് മരിച്ചു എന്ന് പ്രസ്താവിച്ചതിനും വീണ്ടും തടവിലായി. മാപ്പപേക്ഷിക്കാന്‍ തയ്യാറാവാത്തതിനാല്‍ പൂര്‍ണമായും തടവ് ശിക്ഷ ഏറ്റുവാങ്ങി. ഇന്ത്യയുടെ ഭരണഘടന നിര്‍മാണസഭയില്‍ 15 വനിതകള്‍ ആണ് അംഗങ്ങളായുണ്ടായിരുന്നത്. അതില്‍ ദാക്ഷായണി വേലായുധനൊപ്പം കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന മൂന്ന് വനിതാ അംഗങ്ങളില്‍ ഒരാളായിരുന്നു ആനി മസ്ക്രീന്. താരതമ്യേന അപ്രസിദ്ധമായ ഈ കവിത ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.
(ജി. സാജന്)