വത്തിക്കാൻ സിറ്റി: 2025-ലെ ജൂബിലിയാചരണത്തിൻറെ ഭാഗമായി റോമിൽ ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ നടക്കുന്ന യുവജന ജൂബിലിയിൽ പങ്കെടുക്കുന്നതിന് കൊറിയയിൽ നിന്ന് ആയിരത്തിലേറെ യുവതീയുവാക്കളെത്തും. ഈ ജൂബിലി ആചരണത്തിൽ പങ്കെടുക്കുന്നതിനുള്ള യുവതീയുവാക്കൾക്ക് “പദ്ധതി 1004” എന്ന യുവജന ഒരുക്ക പരിപാടി സോളിൽ വച്ച് ആശംസകൾ നേർന്നു.
2027-ൽ സോളിൽ നടക്കാൻ പോകുന്ന ലോകയുവജനസംഗമത്തിനുള്ള തീവ്ര ഒരുക്കത്തിനായി രൂപം കൊണ്ടതാണ്, മാലാഖയെയും 1004 എന്ന സംഖ്യയെയും ദ്യോതിപ്പിക്കുന്ന കൊറിയൻ വാക്കായ “സ്വൺ സാ” (cheon-sa)-യിൽ നിന്ന് ഈ പേരു സ്വീകരിച്ച, ഈ പദ്ധതി. 1078 യൂവതീയുവാക്കളാണ് കൊറിയയിൽ നിന്ന് റോമിലെത്തുക. ഇവർ ഇറ്റലിയിലെ അസ്സീസി, മിലാൻ, ടൂറിൻ എന്നിവിടങ്ങളിലെയും റോമിലെയും വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ ജൂബിലിയാചരണത്തിൻറെ ഭാഗമായി സന്ദർശിക്കും.
കർത്താവിൻറെ സ്നേഹവുമായുള്ള കൂടിക്കാഴ്ചയാണ് ഈ തീർത്ഥാടനത്തിൻറെ ലക്ഷ്യമെന്ന് സോളിൽ പദ്ധതി 1004- ജൂലൈ 19-ന് ഒരുക്കിയ ആശംസാപരിപാടിയുടെ അവസരത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ സോൾ അതിരൂപതയുടെ സഹായമെത്രാൻ പോൾ ക്യുംഗ് സാംഗ് ലീ ഓർമ്മിപ്പിച്ചു.