പുസ്തകം / ഷാജി ജോര്‍ജ്
ചിന്തകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ശരീരഭാഷകൊണ്ടും വേറിട്ടു നല്ക്കുന്ന ‘കുറേക്കൂടി’ മനുഷ്യരായ ആളുകളുമായി ആലുവ യു.സി. കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം എന്ന വിശേഷണത്തോടെയാണ് ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ സാപിയന്‍സ് ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിസ്മയിപ്പിക്കുന്നതിലേറെ നമ്മെ തെല്ലെങ്കിലും ഊര്ജ്ജസ്വലപ്പെടുത്താന് പോന്ന ഭാഷണങ്ങള്‍ എന്ന ഉപവിശേഷണവും പുസ്തകത്തിനുണ്ട്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുക, അതില്‍ ജീവിക്കുക എന്നത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യവസ്ഥകളോടുള്ള നിരന്തരകലഹം ആവശ്യപ്പെടുന്ന അത് ഒട്ടും എളുപ്പവുമല്ലതാനും. കേരളത്തിന് സുപരിചിതവും എന്നാല്‍ അത്രകണ്ട് പരിചിതമല്ലാത്തവരുമായ പതിനഞ്ച് പേരുടെ അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. ആലുവ യു.സി. കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഈ കൂടിക്കാഴ്ചകള്‍ ആ കലാലയം നടത്തിപ്പോരുന്ന, കേരളീയ സമൂഹം അറിഞ്ഞിരിക്കേണ്ട പരിചയപ്പെടുത്തലുകളുടെ ഒരു തുടര്‍ച്ചയാണ്. മറ്റൊരു ലോകവും സാധ്യമാണെന്ന തിരിച്ചറിവ് നല്കാന് ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ എന്ന പുസ്തകത്തിന് കഴിയുന്നുണ്ട്.
സാമൂഹ്യ പ്രവര്‍ത്തക ദയാബായി, പ്രഭാഷകനും ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്, മാജി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പരിവ്രാജിക എ.കെ. രാജമ്മ, തെരുവുമക്കള്‍ക്ക് ആശ്രയമായ ഷാജു തോമസ്, ലാളിത്യം ജീവിത ആദര്‍ശമാക്കിയ രാഷ്ട്രീയ പ്രവര്ത്തകന് സി. കെ ശശീന്ദ്രന്, ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര, നാടക കലാകാരി കെ.വി. ശ്രീജ, അനുഗ്രഹീത കഥകളി കലാകാരി ഡോ. ഹരിപ്രിയ നമ്പൂതിരി, ജൈവ കര്ഷകന് തോമസ് നീര്ന്നാക്കുടി, പച്ച ചക്കയുടെ വിപണിമൂല്യം തിരിച്ചറിഞ്ഞ സംരംഭകന് ജെയിംസ് ജോസഫ്, ശാരീരിക പരിമിതികളെ വകഞ്ഞു മാറ്റി ജീവിതവിജയം നേടിയ ദേവേഷ് മഹാദേവ്, മണ്‍വീടുകളുടെ ശില്പി ഡോ. ജി. ശങ്കര്‍, കേരള ജനതയുടെ മനസ്സറിഞ്ഞ ശാസ്ത്രകാരന് ആര്‍വിജി മേനോന്, പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ട് വീടും നിര്മ്മിക്കുന്നവസ്തു ശില്പി ബിജു ഭാസ്കര്‍, സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്, കരുണ പതിഞ്ഞ കരങ്ങള്‍ ഉള്ള ഡോ. എന്‍. വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട 15 ബദല്‍ ജീവിതങ്ങളെയാണ് പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. അവരുടെ ജീവിതകഥയും അഭിമുഖവും പുസ്തകത്തെ ധന്യമാക്കുന്നു.
ഗ്രീക്ക് നഗരമായ കൊരിന്തിലെ തെരുവുകളിലൊന്നില്‍ ഒരു വീപ്പയില്‍ കഴിയുകയും നഗരത്തിന്റെ കാപട്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഡയോജനീസില് നിന്നാണ് ബദല്‍ ജീവിതത്തിന്റെ തത്ത്വശാസ്ത്രം പിറക്കുന്നത്. പകല്‍ വിളക്കുകത്തിച്ചുകൊണ്ട് തെരുവിലൂടെ മനുഷ്യനെ അന്വേഷിച്ചു നടന്ന ഡയോജനീസിന്റെ ചിന്തകള്‍ക്ക് കാലാതീതമായ മാനമുണ്ട്.
ഒരിക്കല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ആ മഹാനായ മനുഷ്യന്റെ മുന്നില്‍ നിന്നു കൊണ്ടുപറഞ്ഞു. ഞാന്‍ മഹാനായ അലക്സാണ്ടര്‍ (അയാം അലക്സാണ്ടര്‍ ദി ഗ്രേറ്റ്). ഡയോജനീസ് തിരിച്ചുപറഞ്ഞു: ഞാന്‍ ഡയോജനീസെന്ന പട്ടി (ഐ ആം ഡയോജനീ ദി ഡോഗ്് ). സ്വയം നായയെന്നു വിളിക്കാന്‍ ഡയോജനീസിന് വിമുഖതയുണ്ടായിരുന്നില്ല. തനിക്കു ചുറ്റും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം കുരയ്ക്കുന്ന പട്ടി, സത്യസന്ധത, വിധേയത്വം, ഒരു കാവലായ് നില്‍ക്കാനുള്ള കരുത്ത്, നിതാന്തമായ ജാഗ്രതയുടെ പ്രതീകം. ഒരു നായ എണ്ണമറ്റ നന്മകളുടെ പ്രതീകമാണ്. അതേ നായ നിന്ദയുടെ വിളിപ്പേരാണ്, ഒരു കാരുണ്യവും അതിനുമേല്‍ ആരും ചൊരിയാറില്ല. ഡയോജനീസ് തന്നെത്തന്നെ ഒരു നായയോട് ഉപമിച്ചുകൊണ്ട്, ഒരു വീപ്പയ്ക്കുള്ളിലേയ്ക്ക് തന്റെ ജീവിതത്തെ പരിമിതപ്പെടുത്തി. ബി.സി. നാലാം നൂറ്റാണ്ട് യവന നഗരങ്ങളുടെ സുവര്‍ണകാലമാണ്.
മഹാനായ അലക്സാണ്ടറിലൂടെ പൗരാണിക യവന സാമ്രാജ്യം അതിന്റെ അതിരുകള്‍ വിപുലീകരിച്ചു. പക്ഷേ, സഹസ്രാബ്ദങ്ങള്ക്കപ്പുറത്തേയ്ക്ക് ഡയോജനീസ് ചൊരിഞ്ഞ ധൈഷണിക പ്രകാശം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മഹാസാമ്രാജ്യത്തിനും അപ്പുറത്തേക്ക് പ്രസരണം ചെയ്യപ്പെട്ടു. അങ്ങനെ ഡയോജനീസിന്റെ പേരില്‍ ഒരു തത്ത്വദര്‍ശനം ചിരപ്രതിഷ്ഠിതമായി. അതാണ് സെനിസിസം അഥവാ ബദല്‍ജീവിതത്തിന്റെ തത്വശാസ്ത്രം. (ബദല്‍ജീവിതം സൈദ്ധാന്തിക തലം / ഡോ. ജോര്‍ജ് കെ. അലക്സ്).
ബദല്‍ ജീവിതത്തെക്കുറിച്ച് യുസി കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് മൂന്നുവര്‍ഷം എടുത്തു നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. അധ്യാപികമാരായ ഡോ. മിനി ആലീസ്, നിനോ ബേബി എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്.
ഓരോ ബദല്‍ ജീവിതവും അതീശ സാമൂഹിക വ്യവഹാരങ്ങളോടുള്ള ധൈഷണിക കലാപമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നടപ്പ് ശീലങ്ങളും കീഴ്വഴക്കങ്ങളും ഇവര്‍ ചോദ്യം ചെയ്യും. എന്നാല്‍ ഇവരാകട്ടെ സമൂഹത്തോട് ആത്മാര്‍ത്ഥ സ്നേഹംപുലര്ത്തുന്നവരുമാണ്. 15 ജീവിതങ്ങളെ, അവരുടെ പ്രതിജ്ഞാബദ്ധതയെ, അടുത്തറിയാന്‍ ഈ പുസ്തകം ഉപകരിക്കും.