പുരാണം / ജെയിംസ് അഗസ്റ്റിന്
അന്ന മരിയ തനൂരി എന്ന പേര് ഒരുപക്ഷേ നമുക്ക് അപരിചിതമായിരിക്കാം. എന്നാല്‍ മൊസാര്‍ട്ട് എന്ന വിഖ്യാത സംഗീതജ്ഞന്റെ സൃഷ്ടികള്‍ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിച്ച് ലോകത്തിനു കൈമാറിയത് അദ്ദേഹത്തിന്റെ സഹോദരി അന്നാ മരിയയാണ്. മോസര്‍ട്ടിന്റെ ഭാര്യയുടെ പേര് കണ്സ്റ്റാന്സെ എന്നായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ ലോകത്തോടു വിട പറഞ്ഞ മൊസാര്‍ട്ടിന്റെ പുസ്തകങ്ങളും ഡയറികളും സൂക്ഷിച്ചു കൈമാറിയത് അന്ന മരിയയും കണ്സ്റ്റാന്സെയും ചേര്‍ന്നാണ്. അന്ന മരിയ അറിയപ്പെടുന്ന സംഗീയതജ്ഞയുമായിരുന്നു.
ഇവരുടെ ശേഖരത്തില്‍ നിന്നും ലഭിച്ചതില്‍ ഏറ്റവും അമൂല്യമായി കരുതുന്ന മോസര്‍ട്ടിന്റെ സൃഷ്ടി ‘സി’ മൈനര്‍ സ്കെയിലില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ദിവ്യബലി ഗാനങ്ങളാണ്.
പുണ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതസമാഹാരമായിരുന്നു ഈ ഗാനങ്ങള്‍. പാപ്പയുടെ ശേഖരത്തില്‍ ഈ ഗാനങ്ങളുടെ എല്‍.പി. റെക്കോര്‍ഡും ഉണ്ടായിരുന്നു. എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടമുള്ള ആല്ബമേതെന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാപ്പ നല്കിയ ഉത്തരം ‘മൊസാര്‍ട്ടിന്റെ ദിവ്യബലിഗാനങ്ങള്‍’ എന്നായിരുന്നു.

1782-ല്‍ മൊസാര്‍ട്ടിനു 24 വയസ്സുള്ളപ്പോഴാണ് ഗായകസംഘത്തിന് ആലാപനത്തിന്റെ വൈവിധ്യമായ ‘പാര്‍ട്സുകള്‍’ ചേര്‍ത്തുകൊണ്ട് ഒരു ‘കോറല്‍ ശില്‍പ്പം’ നിര്‍മിച്ചു തുടങ്ങിയത്. തന്റെ ഏറ്റവും മികച്ചതെന്ന് ലോകാഭിപ്രായം ലഭിച്ച ഈ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തുന്നത് വിവാഹം കഴിഞ്ഞ നാളുകളിലായിരുന്നു. 1782 ആഗസ്റ്റ് നാലിന് വിയന്നയിലെ സെന്റ്.സ്റ്റീഫന്‍സ് കത്തീഡ്രലിലായിരുന്നു മോസാര്ട്ടിന്റെയും കണ്സ്റ്റാന്സെയുടെയും വിവാഹം നടന്നത്. സംഗീതജ്ഞനായിരുന്ന പിതാവ് ലിയോപ്പോള്ഡിനു 1783 -ല്‍ മൊസാര്‍ട്ട് എഴുതിയ കത്തില്‍ പുതിയ ദിവ്യബലിഗാനങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ചു സൂചനയുണ്ട്.
1783 ഒക്ടോബര്‍ 26 ന് വിയന്നയിലെ സെന്റ്.പീറ്റേഴ്സ് ആശ്രമത്തിലായിരുന്നു ഈ ഗാനങ്ങള്‍ ആദ്യമായി പാടിയത്. കര്‍ത്താവേ കനിയണമേ, ഗ്ലോറിയ, പരിശുദ്ധന്, ലോകത്തിന് പാപങ്ങള്‍ നീക്കിടും എന്നിവയ്ക്കായി മൊസാര്‍ട്ട് പുതുമയുള്ളതും പല പാര്ട്സുകളുള്ളതുമായ സംഗീതം ഒരുക്കി.
പ്രശസ്ത ജര്‍മന്‍ സംഗീതജ്ഞരായ യോഹാന്‍ സെബാസ്റ്റ്യന്‍ ബാക്ക്, ഫ്രിഡറിക്ക് ഹാന്‍ഡില്‍ എന്നിവരുടെ സംഗീതത്തെക്കുറിച്ചു പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്ന മൊസാര്‍ട്ടിന്റെ ചില ഗാനങ്ങളില്‍ അവരുടെ സ്വാധീനം കാണാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ എഴുതിയിട്ടുണ്ട്. ഈ കുര്ബാനപ്പാട്ടുകളിലും ഇരുവരുടെയും ശൈലി മൊസാര്‍ട്ടിനെ സഹായിച്ചിട്ടുണ്ട്.
മൈക്കും ആംപ്ലിഫയറും ഇല്ലാത്ത നാളുകളില്‍ ദേവാലയത്തിലെ എല്ലാവര്ക്കും കേള്‍ക്കാനാകുന്ന വിധം പാട്ടുകാരെയും സംഗീതോപകരണവിദഗ്ധരെയും പരിശീലിപ്പിക്കാനായി വലിയ ശ്രമങ്ങള്‍ മൊസാര്‍ട്ട് നടത്തിയതായി സഹോദരിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്.

അന്നത്തെ ചക്രവര്‍ത്തിമാരെയും അധികാരികളെയും പ്രീതിപ്പെടുത്തി മുന്നോട്ടു പോകുന്നതിനായി അവരെല്ലാം ഏറെ ക്ലേശിച്ചിരുന്നതായും എഴുതിയിട്ടുണ്ട്. പോളിഫോണിക് ശൈലിയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ കൂടുതല്‍ സമയം എടുക്കുന്നതായിരുന്നു മൊസാര്‍ട്ട് നേരിട്ട പ്രധാന വെല്ലുവിളി എന്നും സഹോദരി എഴുതുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും പ്രതിഭ കൊണ്ടും അധ്വാനം കൊണ്ടും കീഴടക്കാന്‍ മൊസാര്‍ട്ടിനു കഴിഞ്ഞു. ഇന്നും വത്തിക്കാനിലെ പ്രധാന ചടങ്ങുകളില്‍ ഈ ഗാനങ്ങള്‍ ആലപിക്കാറുണ്ട്.
ഈ ഗാനങ്ങള്‍ പല പ്രശസ്ത സംഘങ്ങളും റെക്കോര്‍ഡ് ചെയ്തു വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഗ്രാമഫോണ്‍ റെക്കോര്‍ഡ്, എല്‍.പി.റെക്കോര്‍ഡ്, കസ്സെറ്റ്, സിഡി, വീഡിയോ കസ്സെറ്റ് തുടങ്ങി എല്ലാ രൂപങ്ങളിലും ഇവ വിപണിയിലെത്തി. ഇപ്പോള്‍ യൂട്യുബിലും ലഭ്യമാണ്.
മൊസാര്‍ട്ടിന്റെ സഹോദരിയും ഭാര്യയും ലോകത്തിനു നല്കിയ വലിയ സമ്മാനമാണ് ഈ രേഖകള്‍. അവര്‍ സൂക്ഷിച്ചുവെച്ച വലിയ സമാഹാരം ഈ ഗാനങ്ങളുടെ പുനര്‍ജനിക്കു വഴിതെളിച്ചു. അമൂല്യമായവ എങ്ങനെ സംരക്ഷിക്കണമെന്നും നവതലമുറക്കു കൈമാറണമെന്നും അവര്‍ മാതൃക നല്കി. മൊസാര്‍ട്ടിനെ മാത്രമല്ല ഇവരെയും നമുക്ക് നന്ദിയോടെ ഓര്‍ക്കാം.