കൊച്ചി: കെആര്‍എല്‍സിസി അസംബ്ലി നാളെ (13, ഞായര്‍) സമാപിക്കും തദ്ദേശതിരഞ്ഞെടുപ്പില്‍ ലത്തീന്‍സഭയുടെ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ഭരണത്തില്‍ സ്വാധീനം വേണമെന്നും അതിനായി സമദൂര സിദ്ധാന്തത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
ആസ്സന്നമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള ലത്തീന്‍ സഭയുടെ നിലപാട് സംബന്ധിച്ച് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ഇപ്പോള്‍ നടന്നുവരുന്ന 45-ാം ജനറല്‍ അസംബ്ലിയില്‍ നിര്‍ണായക തീരുമാനമുണ്ടാകാന്‍ സാധ്യത.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആര്‍എല്‍സിസി. കെഎല്‍സിഎ, കെസിവൈഎം ലാറ്റിന്‍, കെഎല്‍സിഡബ്ല്യുഎ, സിഎസ്എസ് തുടങ്ങിയ അല്മായ സംഘടനകള്‍ കെആര്‍എല്‍സിസിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ജനറല്‍ അസംബ്ലിയില്‍ പ്രാതിനിധ്യമുണ്ട്. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പുകളിലെ നിലപാടുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
അസംബ്ലിയുടെ സമാപന ദിവസമായ നാളെ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സാമൂഹ്യ രാഷ്ട്രീയപ്രമേയവും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് രാഷ്ട്രീയകാര്യസമിതിയുടെ റിപ്പോര്‍ട്ടും അവതരിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് 2 മണിക്ക് വാര്‍ത്താസമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററിലാണ് മൂന്നു ദിവസത്തെ ജനറല്‍ അസംബ്ലി ചേരുന്നത്.
കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും അല്മായ നേതാക്കളും സന്ന്യാസസഭാ മേധാവികളും അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. സമദൂര സിദ്ധാന്തമായിരുന്നു കെആര്‍എല്‍സിസി എല്ലാ മുന്നണികളോടും ഇതുവരെ സ്വീകരിച്ചിരുന്നത്. തീരദേശത്തെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ക്കു നേരെ പ്രമുഖമുന്നണികള്‍ സ്വീകരിക്കുന്ന നിലപാടില്‍ കെആര്‍എല്‍സിസി അസംതൃപ്തരാണ്.

മുനമ്പത്തെ ഭൂമി പ്രശ്നമോ, വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളോ, മുതലപ്പൊഴി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളോ, കണ്ണമാലിയിലെ കടലേറ്റം തടയാനുള്ള നടപടികളോ മാറിമാറി വന്ന മുന്നണികള്‍ നടത്തിയിട്ടില്ല എന്നത് തിരഞ്ഞെടുപ്പ് കാലത്ത് നിര്‍ണായകമാണ്. തീരദേശപാത, ബ്ലു ഇക്കണോമി വിഷയങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്ന് തീരദേശജനതയ്ക്ക് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പീഡനങ്ങളെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
ഈ വിഷയങ്ങളെല്ലാം അസംബ്ലിയില്‍ ചര്‍ച്ച ചെയ്തെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ നിര്‍ണായകസ്വാധീനം വേണമെന്നും അതിനായി സമദൂര സിദ്ധാന്തത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. അസംബ്ലിയുടെ രണ്ടാം ദിനമായിരുന്ന ഇന്നലെ കുടിയേറ്റവും പ്രവാസജീവിതവും എന്ന വിഷയത്തില്‍ ഫാ. നോയല്‍ കുരിശിങ്കലും കുട്ടികള്‍ – സഭയുടെ ഭാവിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ ഫാ. അരുണ്‍ തൈപ്പറമ്പിലും സ്ത്രീകള്‍ – സഭയിലും സമൂഹത്തിലും എന്ന വിഷയത്തില്‍ സിസ്റ്റര്‍ നിരഞ്ജന സിഎസ്എസ്റ്റിയും നീതി -സമാധാനം – വികസനം എന്ന വിഷയത്തില്‍ ഡോ. ബിജു വിന്‍സെന്റും പഠനരേഖകള്‍ അവതരിപ്പിച്ചു.
പാട്രിക് മൈക്കിള്‍, പ്രബലദാസ്, പി.ആര്. കുഞ്ഞച്ചന്, ജോയ് റ്റി.എഫ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കെആര്‍എല്‍സിബിസി കമ്മീഷനുകളുടെ വീഡിയോ റിപ്പോര്‍ട്ട് മീഡിയാ സെക്രട്ടറി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര അവതരിപ്പിച്ചു. ഓപ്പണ്‍ഫോറത്തില്‍ സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
13ന് രാവിലെ 9ന് ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണത്തില്‍ ജെസി ജെയിംസ് മോഡറേറ്ററായിരിക്കും. 10ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സാമൂഹ്യ രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. 10.45ന് ബിസിനസ് സെഷന്. തുടര്‍ന്ന് 44-ാമത് ജനറല്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് പ്രബലദാസും കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും അവതരിപ്പിക്കും. ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും അഡ്വ. ഷെറി ജെ.തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിക്കും. 12ന് സമാപനസമ്മേളനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 2.30ന് വാര്‍ത്താസമ്മേളനം.ജനറല്‍ അസംബ്ലിയില്‍ കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും എല്ലാ രൂപതകളിലേയും അല്മായ പ്രതിനിധികളും സന്ന്യാസസഭകളുടെ പ്രതിനിധികളും സംബന്ധിക്കും.