പുരാണം / ജെയിംസ് അഗസ്റ്റിന്
സ്വര്‍ഗീയ രാജനീശോ
നിന്മുന്നില് വന്നിതാ ഞാന്‍
കാരുണ്യസാഗരമേ
കാത്തുകൊള്ളേണമേ നീ
എന്ശക്തിയൊക്കെയോടും
നിന്നെ സ്നേഹിച്ചീടുന്നേ
നിന്നെ നിനച്ചു വാഴും
എന്നിലെഴുന്നള്ളേണേ
എഴുത്തിലും ഈണത്തിലും ഭക്തി നിറഞ്ഞൊരു ഗാനം. 63 വര്‍ഷങ്ങള്‍ക്കു മുന്‍പ് വര്‍ഗീസ് മാളിയേക്കല്‍ എഴുതിയ ഈ ഗാനത്തിനു സംഗീതം നല്കിയയത് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം ലത്തീന്‍ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ആരാധനാക്രമം മാറിയപ്പോള്‍ പരിശുദ്ധ കുര്‍ബാന മധ്യേ ദേവാലയങ്ങളില്‍ ആലപിക്കാന്‍ ലക്ഷണമൊത്ത മലയാളഗാനങ്ങള്‍ ഇല്ലെന്ന് അന്നത്തെ വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ദൈവദാസന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിക്കു മനസിലായി. പുതിയ പാട്ടുകള്‍ ഒരുക്കുന്നതിനായി ഫാ. ജോസഫ് മനക്കില്, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരെ ആര്‍ച്ച്ബിഷപ് ചുമതലപ്പെടുത്തി. അതിരൂപത മതബോധനവിഭാഗത്തിനു കീഴില്‍ ഈ പദ്ധതി ആരംഭിക്കാനും നിര്‍ദ്ദേശിച്ചു.

അങ്ങനെ മലയാളത്തിലെ ആദ്യത്തെ ക്രിസ്തീയ ഗാന പുസ്തകം ഒരുങ്ങി. ഗാനങ്ങള്‍ എഴുതുന്ന പ്രതിഭാശാലികളായ വൈദികര്‍ ഉണ്ടായിരുന്നിട്ടും വര്‍ഗീസ് മാളിയേക്കല്‍ എഴുതട്ടെ എന്നു സംഘാടകര്‍ തീരുമാനിച്ചു. 12 പാട്ടുകള്‍ അദ്ദേഹം എഴുതി. അതില്‍ ഒന്‍പതു ഗാനങ്ങള്‍ക്ക് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യവും മൂന്നു ഗാനങ്ങള്‍ക്കു ജെറി അമല്‍ദേവും ഈണം നല്കി. അതിപ്രശസ്തങ്ങളായ ‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്’, ‘നിന്നാമം ഞങ്ങള്‍ പുകഴ്ത്തുന്നു ദൈവമേ’ എന്നീ ഗാനങ്ങള്‍ ഈ സമാഹാരത്തിലെയാണ്.
1962-ലാണ് 12 പാട്ടുകള്‍ അടങ്ങിയ സ്വര്ഗ്ഗസന്ദേശം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കൊപ്പം അതിന്റെ ഈണം(നൊട്ടേഷന്‍) കൂടി ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയത്.
പുസ്തകത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; ‘മലയാളത്തിലുള്ള ഭക്തഗാനങ്ങളേറെയും സിനിമാപ്പാട്ടുകളുടെ രീതിയിലാണു രചിച്ചിട്ടുള്ളത്. ഈദൃശ രീതികളാകട്ടെ, പലപ്പോഴും ഭക്തഗാനങ്ങളുടെ അരൂപിക്കും പാടുന്ന സന്ദര്‍ഭത്തിനും ചേരാത്തതായി അനുഭവപ്പെടുന്നു. കൂടാതെ അവയുടെ ആസ്വാദ്യത എളുപ്പത്തില്‍ കെട്ടുപോകുകയും ചെയ്യുന്നു. ഈ കുറവു നികത്താനുള്ള അഭിലാഷം മാത്രമാണ് ഈ നവീന സംരംഭത്തിനു നിദാനം.’

പുസ്തകത്തിലെ ഗാനങ്ങള്‍ക്കുള്ള സവിശേഷതയും ഗായകസംഘങ്ങള്ക്കുള്ള ലഘുനിര്ദ്ദേശവും ആമുഖത്തില്‍ വായിക്കാം. ‘ലളിതമായ ഭാഷയിലും രീതിയിലുമാണ് ഈ ഗാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ത്ഥവും ആശയത്തിന്റെ ഗാംഭീര്യവും വിടാതെ ഭക്തിപൂര്‍വം പാടുവാന്‍ പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. വേഗത കൂട്ടാതെയും വലിച്ചിഴയ്ക്കാതെയും പാടണം. രീതികള്‍ കുറിക്കാന്‍ പാശ്ചാത്യ സംഗീതത്തിലെ സപ്തസ്വരങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും പാടേണ്ടത് കര്‍ണാടക സമ്പ്രദായത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വേണ്ട സ്ഥാനങ്ങളില്‍ അനുസ്വരങ്ങള്‍ (ഗ്രേസ് നോട്സ്)നല്‍കിയും സ്വരങ്ങള്‍ തമ്മില്‍ ചേര്‍ത്തു ലയിപ്പിച്ചും പാടണമെന്നു വിവക്ഷ’.
സ്വര്‍ഗ്ഗീയ രാജനീശോ എന്ന ഗാനം 63 വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ സ്തുതിയുടെ സ്വര്‍ഗീയനാദം പ്രദാനം ചെയ്യുന്നു.

ജോബ് ആന്‍ഡ് ജോര്‍ജ്