കവർ സ്റ്റോറി / സിബി ജോയ്
കൊച്ചി വല്ലാര്‍പാടം ട്രാന്‍ഷിപ്പ്മെന്റ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങള്‍ക്ക് 17 വര്‍ഷത്തിനിപ്പുറവും നീതി അകലെ. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ റവന്യു അഴിയാകുരുക്കില്പ്പെട്ട് പോയ മനുഷ്യര്‍ ഒരു വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ അപാകതയാണ് പുനരധിവാസം താളം തെറ്റിച്ചത്.
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിലേക്ക് റോഡും റെയിലിനുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. അന്നത്തെ വി എസ് അച്യുതാനന്ദന് സര്‍ക്കാറായിരുന്നു കേന്ദ്രപദ്ധതിക്കായി സ്ഥലവും ഭൂമിയും ഏറ്റെടുത്ത് നല്‍കിയത്.
2008 ഫെബ്രുവരി 6 ന് ജെസിബി കൊണ്ട് മനുഷ്യശരീരങ്ങളെ ആട്ടിപ്പായിച്ച് കുടിയൊഴിപ്പിച്ചു. മുളവുകാട്, കോതാട്, ചേരാനല്ലൂര്‍, വടുതല, കളമശ്ശേരി, ഏലൂര്‍, മഞ്ഞുമ്മല്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള 316 കുടുംബങ്ങളെ വല്ലാര്‍പാടം തുറമുഖത്തേക്ക് റോഡ്, റെയില്‍ കണക്ഷന് സ്ഥാപിക്കുന്നതിനായാണ് കുടിയിറക്കിയത്.
വീടും ഭൂമിയും വിട്ടിറങ്ങിയവര്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്കപ്പുറം വീട് നിര്‍മ്മിക്കാന്‍ കൊച്ചിയുടെ വിവിധ പരിസരപ്രദേശങ്ങളില്‍ ഭൂമിയും പ്രഖ്യാപിച്ചു. എന്നാല്‍ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതില്‍ പിന്നീട് വന്ന സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന ഇവരെ വീണ്ടും തോല്പിച്ചു.
കൊച്ചിയിലും പരിസരത്തും ഏഴ് സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ക്ക് പ്ലോട്ടുകള്‍ അനുവദിച്ചെങ്കിലും, അതില്‍ ആറെണ്ണം മാലിന്യക്കൂമ്പാരങ്ങളായിരുന്നു. പലരും ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്.

കാക്കനാട് തുതിയൂരിൽ മൂലമ്പിള്ളി പുനരധിവാസത്തിന് നൽകിയ സ്ഥലം
സ്ഥലം അനുവദിച്ചപ്പോള്‍ 52 കുടുംബങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതില്‍ ഏഴ് വീടുകള്‍ ഇടിഞ്ഞുവീഴുകയും വിള്ളലുകള്‍ വീഴുകയും ചെയ്തു. അതിനാല്‍, ശേഷിച്ചവര്‍ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. പാട്ടത്തിനോ വാടകയ്ക്കോ എടുത്ത വീടുകളിലാണ് അവര്‍ താമസിക്കുന്നത്. വീടുകള്‍ നിര്‍മിക്കാന്‍ നല്‍കിയത് ചതുപ്പ് നിലങ്ങളായിരുന്നു. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഭൂമി അനുയോജ്യമല്ലെന്നും കെട്ടിടങ്ങള്‍ നിര്മിക്കണമെങ്കില് ശക്തമായ അടിത്തറ പണിയേണ്ടതുണ്ടെന്നും പിഡബ്ല്യുഡി പഠനം തന്നെ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ തറ പണിയണമെങ്കില്‍ ലക്ഷക്കണക്കിനു രൂപ വേണ്ടിവരും. കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് പലരും ചതുപ്പില്‍ നിന്ന് രക്ഷപ്പെട്ടു.
ജീവിതം കൈവിട്ടുപോയവര്‍
പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിനായി കാത്തിരുന്നവരില്‍ 37 പേര് മരിച്ചു എന്നതാണ് ദാരുണമായ കാര്യം, അതില്‍ നാലുപേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ഓരോ കുടുംബത്തില്‍ നിന്നും യോഗ്യതയനുസരിച്ച് ഒരാള്‍ക്ക് കൊച്ചി ടെര്‍മിനലില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്കും ജോലി നല്‍കിയില്ല.
പുനരധിവാസ ഓഫീസര്‍ തസ്തിക സൃഷ്ടിക്കുക എന്നത് ഇരകളായവരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. പുനരധിവാസ പാക്കേജുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അത്തരമൊരു ഉദ്യോഗസ്ഥനെ ആവശ്യമാണ്.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഭൂമിയ്ക്ക് 5 സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുണ്ടെങ്കില്‍ 4.5 സെന്റും 5 സെന്റില്‍ കൂടുതലാണെങ്കില്‍ 5.5 സെന്റും ഭൂമി നിയമപ്രകാരം അനുവദിക്കണമായിരുന്നു. അനുവദിച്ച ഭൂമി എ-ക്ലാസ് നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൈലിംഗ് ജോലികള്‍ക്കായി ഒരു കുടുംബത്തിന് 75,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതു തികച്ചും അപര്യാപ്തമായിരുന്നു.
പുനരധിവാസത്തിന്റെ വിവിധ വശങ്ങള് വ്യക്തമാക്കി 5 സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതിയുടെ 2 വിധികളും നിലനില്
ക്കുമ്പോഴും പാക്കേജ് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല.
വീടുനിര്‍മിക്കാനായി പലരും നിര്‍മാണം ആരംഭിച്ചപ്പോഴാണ് റവന്യു ഓഫീസില്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലോട്ടിനു തന്നെ നിരവധി അവകാശികളുണ്ടെന്ന് മനസിലാകുന്നത്. പിന്നെയും ഇവരെ നരകിപ്പിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. കുടിയിറക്കപ്പെട്ടതിന്റെ കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പലരും ആത്മഹത്യയില്‍ അഭയം തേടിയത്.
മുളവുകാട്ടില് ഭൂമി അനുവദിച്ച് കിട്ടിയവരുടെ സര്‍വ്വേ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രഖ്യാപനം കഴിഞ്ഞ് 17വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വേ. പലരും വാടകവീടുകളിലാണ് താമസം. 2013 വരെ സര്‍ക്കാര്‍ വാടക നല്കി. പിന്നീട് അതും മുടങ്ങി. അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പിഡബ്ല്യുഡി നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലുണ്ട്. എ ക്ലാസ് ഭൂമിയില്‍ പുനരധിവാസം ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയും. എന്നിട്ടും 316ല്‍ ഇതുവരെ വീട് പണിയാനായത് 55 പേര്‍ക്ക് മാത്രമാണ്. ചതുപ്പുനിലത്തില്‍ പണിത വീടുകളില്‍ പലതും വാസയോഗ്യവും അല്ലാതായി. വല്ലാര്‍പാടം പദ്ധതിക്കായി ഭൂമി ഒഴിഞ്ഞ് കൊടുത്ത മനുഷ്യരോടുള്ള സര്‍ക്കാര്‍ അവഗണന എന്ന് അവസാനിക്കും എന്ന ചോദ്യമാണ് ബാക്കി.

വിറ്റൊഴിഞ്ഞു പോകുന്നവര്‍
മൂലമ്പിള്ളിയിലെ കണ്ടെയ്നര്‍ റെയില്‍വേക്കായി കുടിയൊഴിപ്പിക്കപ്പെട്ട വിദ്യാധരനും കുടുംബത്തിനും പങ്കുവെക്കാനുള്ളത് യാതനകളുടെയും നീതി നിഷേധത്തിന്റെയും കഥകളാണ്. 2008ല്‍ ഇടപ്പള്ളി നോര്‍ത്ത് സൗത്ത് വില്ലേജുകളില്‍ നിന്നായി കുടിയിറക്കപ്പെട്ട 54 കുടുംബങ്ങളില്‍ പെട്ടതാണ് ഈ കുടുംബവും. തുതിയൂരിലെ ആദര്‍ശ് നഗറില്‍ മൂലമ്പിള്ളി പുനരുധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് സെന്റ് ഭൂമി ലഭിക്കുമ്പോള്‍ ശിഷ്ടകാല ജീവിതം എങ്കിലും സന്തോഷകരമാവും എന്ന പ്രതീക്ഷയായിരുന്നു തങ്ങള്‍ക്കെന്ന് വിദ്യാധരന് പറയുന്നു.
‘ തുതിയൂരിലെ ചതുപ്പ് നിലത്താണ് വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തതിന് നഷ്ടപരിഹാരമായി ലഭിച്ച ആറ് ലക്ഷം രൂപയും ലോണും ചിട്ടിയുമൊക്കെയായി സ്വരൂപിച്ച മറ്റൊരു മൂന്നു ലക്ഷം രൂപയുമായിരുന്നു വീട് നിര്‍മിക്കാനായി ആകെയുണ്ടായിരുന്നത്. തുതിയൂരില്‍ വീട് നിര്‍മ്മിക്കുന്നതിന് പൈലിംഗ് അടക്കം അടിത്തറ തീര്‍ക്കാന്‍ നല്ലൊരു തുക വേണ്ടിവന്നു. സമീപത്തെ തോട്ടിലെ ചെളി കോരി മാറ്റാന്‍ ജെസിബി എത്തിയതോടെ വീടിന്റ കല്‍ക്കെട്ടിന് ക്ഷതം ഉണ്ടായി ഒരു വശത്തേക്ക് ചരിഞ്ഞു. പുനരധിവാസത്തിന് സ്ഥലം ലഭിച്ച പലരും ആ സ്ഥലം കണ്ടിട്ട് വീട് വെക്കാതെ പലയിടങ്ങളില്‍ വാടകയ്ക്കും ബന്ധുവീടുകളിലും താമസിക്കുകയാണ്.
പത്തുവര്‍ഷമായി ഞങ്ങള്‍ ഇവിടെ വീട് പണിതിട്ട്. ചെളി നിറഞ്ഞ സ്ഥലമായിരുന്നു. ചരിഞ്ഞ വീട് താല്‍ക്കാലികമായി ജാക്കി വെച്ച് ഉയര്‍ത്തിയതാണ്. വീണ്ടും താഴുമോ എന്നുള്ള ഭയം ഉണ്ട്. വേറെ ആരും ലഭിച്ച ഭൂമിയില്‍ വീട് വെച്ചിട്ടില്ല. തൊട്ടുത്തുള്ള പറമ്പില്‍ മൂര്‍ഖനും അണലിയും ഉള്‍പ്പെടെയുള്ള കൊടും വിഷമുള്ള പാമ്പുകളും തുരപ്പനും മരപ്പട്ടിയുമൊക്കെ വിഹരിക്കുകയാണ്. ഞാനും ഭാര്യയും രണ്ടു മക്കളും അവരുടെ ഭാര്യമാരും ഉള്‍പ്പെടുന്ന കുടുംബമാണ് ഞങ്ങളുടേത്. രാത്രിയായാല്‍ ഭയമാണ്. അധികൃതരുടെ മുന്നില്‍ പലവട്ടം ഞങ്ങള്‍ സമീപിച്ചതാണ്. റോഡും സ്ഥലവും മണ്ണിട്ട് ഉയര്‍ത്തി നല്‍കണമെന്ന് കോടതിവിധി വന്നിട്ടുണ്ട.് അങ്ങനെ ഉയര്‍ത്തുമ്പോള്‍ ഞങ്ങള്‍ ഇപ്പോള്‍ പണിത വീട് വീണ്ടും താഴ്ന്ന നിലയിലാവും. അതിനും പ്രതിവിധി കാണണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പലരും തങ്ങള്‍ക്ക് കിട്ടിയ ഭൂമി കിട്ടുന്ന വിലക്ക് മറിച്ച് വിറ്റ് മറ്റെവിടെയെങ്കിലും
സുരക്ഷിതമായ താമസസ്ഥലം ലഭിക്കുമോ എന്നുള്ള അന്വേഷണത്തിലാണ്’ വിദ്യാധരന് പറയുന്നു.
തുതിയൂര്‍ ഇന്ദിരാ നഗറില്‍ തങ്ങള്‍ക്ക് ലഭിച്ച സ്ഥലത്ത്ബാങ്കില് നിന്നും ലോണെടുത്ത് വീട് പണിത് സാമ്പത്തിക പ്രതിസന്ധിയിലായി ഗത്യന്തരമില്ലാതെ വീട് വില്‍ക്കേണ്ടി വന്നയാളാണ് സേവ്യര്‍ തൈപ്പറമ്പില്‍. ‘അവിടെ താമസിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഈ ഗതി തുടര്‍ന്നാല്‍ ഞങ്ങളെപ്പോലെ പലരും അവിടെ ലഭിച്ച സ്ഥലം വില്‍ക്കേണ്ടിവരും. കടം പെരുകിയപ്പോള്‍ കിട്ടിയ വിലക്ക് വീടും സ്ഥലവും വിറ്റ് കൂനമ്മാവ് കൈതാരത്ത് വീട് വാങ്ങി താമസിക്കുകയാണ് കുടുംബം’.
മൂലമ്പിള്ളി റീഹാബിലിറ്റേഷൻ പാക്കേജ് കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കലിൻ്റെ നേതൃത്വത്തിൽ സമരസമിതി അന്ന് മുതൽ ഇന്നുവരെ സജീവമായി ഇടപെടലുകൾ നടത്തിവരുന്നു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡാനിയല്‍ അച്ചാരുപറമ്പിലും സമുദായ നേതാക്കന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ അന്നുതന്നെ രംഗത്ത് വന്നിരുന്നു. കെആര്‍എല്‍സിസിയുടെയും കെഎല്‍സിഎ, കെസിവൈഎം സംഘടനകളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും നേതൃത്വത്തില്‍ നിരവധി ഐക്യദാര്‍ഢ്യ സമരങ്ങളും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ നിര്‍ദേശമനുസരിച്ച് സമുദായ സംഘടനകള്‍ ഇന്നും സജീവ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും മൂലമ്പിള്ളിയിലെ ഇരകളോട് എന്നും ചേര്‍ന്നുനിന്നു. കെസിബിസി അല്മായ കമ്മീഷന് ചെയര്മാന് ആയിരുന്ന
ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 2011 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നിരുന്നു.

വികസനവും അടിസ്ഥാന ജനതയും
എല്ലാ കാലങ്ങളിലെയും ഭരണകൂടത്തിന്റെ ആപ്തവാക്യമാണ് വികസനം. പ്രകൃതിയെ നാനാവിധത്തില്‍ ചൂഷണംചെയ്ത് അതിന്റെ ഫലം ലോകജനതയില്‍ ന്യൂനപക്ഷമായ സമ്പന്നരുടെ കീശയിലെത്തിക്കുന്ന പ്രക്രിയയെ നാമിന്ന്
വികസനം എന്നു വിളിക്കുന്നു. ഭൂരിപക്ഷമായ സാധാരണക്കാരന്റെ കടമ, തനിക്കുള്ളതെല്ലാം ത്യജിച്ച് ഭരണകൂട ഒത്താശകളുടെ മുമ്പില്‍ കൈയ്യും കെട്ടി നോക്കിനില്ക്കുക എന്നതാണ്. മൂലമ്പിള്ളിക്കു പുറമേ കൊച്ചി കപ്പല്‍ശാലയ്ക്കു വേണ്ടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടിയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദീനരോദനങ്ങള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചുകൊണ്ടിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച എല്ലാം വികസനത്തിന് വിട്ടു കൊടുത്താണ് അവര്‍ തെരുവിലിറങ്ങിയത്. പിന്നീടങ്ങോട്ട് വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ അവരുടെ പ്രധാന വാഗ്ദാനങ്ങളുടെ പട്ടികയില്‍ പുനരധിവാസവും മറക്കാതെ ഉള്െപ്പടുത്തിപ്പോരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറുമ്പാള്‍ സൗകര്യപൂര്‍വ്വം അത് മറക്കുന്നു. പിന്നീടത് പ്രതിപക്ഷ കക്ഷികള്‍ക്ക് ഭരണകക്ഷിക്കെതിരെ ഉപയോഗിക്കാനുള്ള ആയുധം മാത്രമായി. ഈ കണ്കെട്ട് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആകെ ചെലവിന്റെ 1% പോലും പുനരധിവാസ സൗകര്യങ്ങളൊരുക്കാന്‍ വേണ്ടി വരുന്നില്ല. എന്നിട്ടും മൂലമ്പിള്ളികള്‍ ആവര്‍ത്തിക്ക െപ്പടുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി
പരാജയമാണെന്ന് വ്യക്തമായിരിക്കുന്നു. കൊച്ചിയിലേക്ക് ഇനി മദര്‍ഷിപ്പുകള്‍ ഒഴുകുമെന്ന് ഉദ്ഘോഷിച്ച മാധ്യമങ്ങള്‍
പോലും വല്ലാര്‍പാടത്തിന്റെ നഷ്ടക്കണക്കുകള്‍ നിരത്തുന്നു. വലിയ സ്വപ്ന പദ്ധതികളുടെ പേരില്‍ എല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞുമാറേണ്ടി വന്ന സാധാരണ ജനവിഭാഗങ്ങളോട് എന്ത് ഉത്തരമാണ് അധികാരികള്‍ക്ക് നല്‍കാനുള്ളത്?.