ഓഫ് ദി പിച്ച് / ബിജോ സിൽവേരി

ജൂഡ് ബെല്ലിംഗ്ഹാം
ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ജൂഡ് ബെല്ലിംഗ്ഹാം എന്ന 21 വയസുകാരന്. 2023 ല്‍ 19 വയസുപ്രായമുള്ളപ്പോഴാണ് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് സ്പാനീഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ജൂഡ് ബെല്ലിംഗ്ഹാം വന്‍ പ്രതിഫലത്തിന് എത്തപ്പെട്ടത്.
ലോകത്തിലെ ഒന്നാം നിര ക്ലബ്ബുകളായ ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരീസ് സെന്റ് ജെര്‍മന്‍ (പിഎസ്ജി), റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്സലോണ തുടങ്ങിയവരാണ് ജൂഡ് ബെല്ലിംഗ്ഹാമിനു വേണ്ടി കാവലിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറ്റ് തെളിയിച്ചു എന്നതാണ് ജൂഡിന്റെ കാലുകളെ പൊന്നണിയിച്ചത്.
ഇളം പ്രായത്തില്‍ തന്നെ കാല്പന്തിന്റെ ലോകത്തിലേക്ക് കടന്നുവന്ന ജൂഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ബര്‍മിംഗ്ഹാം സിറ്റിയില്‍ അണ്ടര്‍-8 ആയി ചേര്‍ന്നു. 2019 ഓഗസ്റ്റില്‍ 16 വയസ്സും 38 ദിവസവും പ്രായമുള്ളപ്പോള്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച്, ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2020 ജൂലൈയില്‍ അദ്ദേഹം ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ ചേര്‍ന്നു.
ആദ്യ മത്സരത്തില്‍ തന്നെ അവരുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി. ക്ലബ്ബിനായി മൂന്ന് സീസണുകളിലായി 132 മത്സരങ്ങളില്‍ പങ്കെടുത്തു; 2022 – 23 സീസണിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഡോര്‍ട്ട്മുണ്ടിനെ ലീഗില്‍ റണ്ണേഴ്സ് അപ്പാക്കി. ബുണ്ടസ് ലിഗ പ്ലെയര്‍ ഓഫ് ദി സീസണ് അവാര്‍ഡ് അക്കുറി ജൂഡിനായിരുന്നു. ആ വര്‍ഷം തന്നെ 21 വയസ്സിന് താഴെയുള്ള ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള രണ്ട് പ്രധാന അവാര്‍ഡുകളും അദ്ദേഹം നേടി: ഗോള്‍ഡന്‍ ബോയ്, കോപ ട്രോഫി

103 മില്യണ്‍ ഡോളറിനാണ് റയല്‍ മാഡ്രിഡുമായി കരാറില്‍ ഒപ്പുവച്ചത്. ആദ്യ സീസണില്‍, ബെല്ലിംഗ്ഹാമിന്റെ ടോപ് ലീഗ് സ്കോറര്‍ ആയി. ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും നേടാന്‍ അവരെ സഹായിച്ചു. ലാ ലിഗ പ്ലെയര്‍ ഓഫ് ദി സീസണായി ജൂഡ് തിരഞ്ഞെടുക്കപ്പെട്ടു . 2023 ലും 2024 ലും ഫിഫ്പ്രോ വേള്‍ഡ് 11 ല്‍ അദ്ദേഹം ഉള്‍പ്പെടുത്തി. 2024 ല്‍ ബാലണ്‍ ഡി ഓറിലും ഫിഫ ദി ബെസ്റ്റിലും മൂന്നാം സ്ഥാനം നേടി. ഇപ്പോള്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ എത്തിയിട്ടുണ്ട്.
കാല്പന്തില് ഏറ്റവുമധികം കഴിവും മികച്ച മാനസിക നിലയും ബുദ്ധിയും ഒത്തിണങ്ങേണ്ട ഇടമാണ് മിഡ്ഫീല്‍ഡ്. മധ്യനിരയില്‍ ആധിപത്യം നേടുന്ന ഒരു ടീമിനെ കീഴ്പ്പെടുത്തുന്നത് ദുഷ്കരമാണ്.
ജൂഡിന്റെ ഇപ്പോഴത്തെ ഫോം വിലിരുത്തിയാല് തന്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം കിരീടങ്ങള്‍ നേടുക, ഇംഗ്ലണ്ടിനെ അന്താരാഷ്ട്ര മഹത്വത്തിലേക്ക് നയിക്കുക, എന്നിവയാണ് ജൂഡിന്റെ മുന്നില്‍ നിലവിലുള്ള വെല്ലുവിളികള്‍. അതെല്ലാം നേടാനുള്ള കഴിവും ദൃഢനിശ്ചയവും അദ്ദേഹത്തിനുണ്ട്. 2024 അവസാനത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ അറ്റലാന്റയ്ക്കെതിരെ റയല്‍ മാഡ്രിഡ് നേടിയ 3-2 വിജയം പോലുള്ള നിരവധി മത്സരങ്ങളില്‍ ജൂഡിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. വമ്പന്‍ എതിരാളികളുമായുള്ള പോരാട്ടത്തില്‍ ഉന്നത സമ്മര്‍ദ്ദം അതിജീവിക്കാനുള്ള കഴിവാണ് ജൂഡിനെ പ്രത്യേകതയുള്ളവനാക്കുന്നത്. ഗോളടിപ്പിക്കാനും എതിരാളികളുടെ ഗോള്‍ ശ്രമം തടയാനുമുള്ള ടോട്ടല്‍ ഫുട്ബോളറായാണ് ജൂഡിനെ ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്.
ഒരു യൂറോപ്യന്‍-തെക്കേ അമേരിക്കന്‍ പ്രഫഷണല്‍ ഫുട്ബോളറെന്നാല് തീവ്രവും തിരക്കുപിടിച്ചതുമായ ലോകത്തില്‍ ജീവിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മിക്ക കളിക്കാരുടേയും കുടുംബജീവിതം തകര്‍ച്ചയിലുമാണ്. ജൂഡ് ബെല്ലിംഗ്ഹാം മികച്ച കുടുംബജീവിതം നിലനിര്‍ത്തുന്നയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഡെനിസും മാര്‍ക്കും അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം പിന്തുണ നല്കിയവരാണ്. പിതാവ് മാര്‍ക്ക്, ഒരു മികച്ച നോണ്‍-ലീഗ് കളിക്കാരനായിരുന്നു. ജൂഡിന്റെ കളിയോടുള്ള പ്രണയത്തിന് പ്രചോദനമായത് മാര്‍ക്കാണ്. ജൂഡിന്റെ ഫുട്ബോള്‍ കരിയറിനെ പിന്തുണയ്ക്കുന്നതില്‍ അമ്മ ഡെനിസും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ ജൂഡിന് അവസരം ലഭിച്ചപ്പോള്‍ അവനെ സഹായിക്കുന്നതിനായി ജര്‍മനിയിലേക്ക് അവര്‍ താമസം മാറ്റി. ജൂഡിന് ഒരു ഇളയ സഹോദരനുണ്ട്. ഫുട്ബോള്‍ താരം തന്നെയായ ജോബ് ബെല്ലിംഗ്ഹാം. ചേട്ടന്റെ പഴയ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ തന്നെയാണ് ജോബ് കുടിയേറിയിരിക്കുന്നത്.
ലോകഫുട്ബോളിലെ തന്നെ വളര്‍ന്നുവരുന്ന മികച്ച താരമെന്ന പ്രശസ്തി പക്ഷേ, ജൂഡിന്റെ തലയ്ക്കു പിടിച്ചിട്ടില്ല. ആരാധകരും പഴയ സുഹൃത്തുക്കളുമായി ഇടപഴകുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ് ഫുട്ബോളിനു പുറത്തുള്ള ജൂഡിന്റെ ജീവിതം.