പെമ്പ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയിൽ ആയുധ മുനയിൽ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്സിഡേറിയൻ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെൻറ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പതിനെട്ടോളം അക്രമികൾ വാക്കത്തികൾ, ഇരുമ്പ് ദണ്ഡുകൾ, തോക്കുകൾ എന്നിവയുമായി കോൺവെൻറ് പരിസരത്തു അതിക്രമിച്ച് കടക്കുകയായിരിന്നുവെന്നു ഇരയായ സന്യാസിനിയെ ഉദ്ധരിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി.
ആക്രമണകാരികളിൽ എട്ട് പേർ കോൺവെൻറിനുള്ളിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ പ്രവേശന കവാടങ്ങൾക്ക് കാവൽ നിന്നു. ഇതിനകം തന്നെ സുരക്ഷാ ഗാർഡുകളെ അക്രമികൾ കീഴടക്കിയിരിന്നു. കന്യാസ്ത്രീകളെ മിഷൻ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താൻ നിർബന്ധിച്ചുവെന്നും പിന്നീട് ഭീഷണി മുഴക്കുകയായിരിന്നുവെന്നും സിസ്റ്റർ ഒഫീലിയ റോബ്ലെഡോ പൊന്തിഫിക്കൽ സംഘടനയോട് വെളിപ്പെടുത്തി. കമ്പ്യൂട്ടറുകളും സെൽ ഫോണുകളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും അവർ എടുത്തുകൊണ്ടുപോയി. “ഞങ്ങളെ അകത്താക്കി ചാപ്പലിന് തീയിടുമെന്ന് ഞങ്ങൾ കരുതി. ഇതിനിടെ അവർ സിസ്റ്റർ എസ്പെരാൻസയെ ചാപ്പലിന്റെ മധ്യഭാഗത്ത് മുട്ടുകുത്തിച്ചു”.
എന്നിട്ട് തലയറുക്കാൻ വാക്കത്തി ഉയർത്തി. സിസ്റ്ററിനെ കൊല്ലരുതെന്ന് തങ്ങൾ കേണപേക്ഷിച്ചു, കരുണയ്ക്കായി ഞാൻ യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു. ഒടുവിൽ അവർ അവളെ വിട്ടയച്ചു. അവർ തങ്ങളുടെ മുറികളിൽ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്തുവെന്നും സിസ്റ്റർ പറയുന്നു. അതേസമയം മൊസാംബിക്കിലെ തന്നെ മിയേസ് ഗ്രാമത്തിൽ ലാ സാലെറ്റ് ഫാദേഴ്സിനെ ലക്ഷ്യമിട്ട് നടന്ന ഒരു കവർച്ചയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവർക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയർത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയർന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളിൽ നിന്നു ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു .