മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ആശിർവാദ് നിർമ്മിക്കുന്ന 37-മത് ചിത്രമാണിത് .ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘തുടക്കം’ എന്നാണ് പേര്.
പ്രണവ് മോഹൻലാലും, പിന്നീട് കല്യാണി പ്രിയദർശനും സിനിമയിൽ അരങ്ങേറിയതുമുതൽ വിസ്മയയും അഭിനയരംഗത്തേക്ക് എത്തുമോ എന്ന ചോദ്യം സജീവമായിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അവതരിപ്പിച്ചത്.
“പ്രിയപ്പെട്ട മായക്കുട്ടി, ചലച്ചിത്ര മേഖലയിലേക്കുള്ള നിൻ്റെ തുടക്കം ഈയൊരു തുടക്കത്തിലൂടെ ആകട്ടെ” എന്നാണ് മോഹൻലാൽ കുറിച്ചത്.
മോഹൻലാൽ എന്ന മഹാനടൻ്റെ മകളായി ജനിച്ചെങ്കിലും, കേവലം ആ പേരിൽ മാത്രം ഒതു ങ്ങാതെ തൻ്റേതായ കഴിവുകളിലൂടെയും അഭിരുചികളിലൂടെയും ഒരു വ്യക്തിത്വം രൂപപ്പെടുത്താൻ വിസ്മയ ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിസ്മയ, പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി.
ഒരു മികച്ച എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ്.
2021-ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ ഒരു കവിതാസമാഹാരം വിസ്മയ പുറത്തിറക്കിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു .
എഴുത്തിന് പുറമെ ചിത്രകലയിലും വിസ്മയക്ക് താൽപര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
സംവിധാനത്തിൽ താൽപര്യമുള്ള വിസ്മയ, ‘ഗ്രഹണം’ എന്നൊരു ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.
തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘2018’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ‘തുടക്കം’ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ജൂഡിൻ്റേത് തന്നെ .