പുസ്തകം / ഷാജി ജോര്‍ജ്
അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ശിഷ്യന് ഗുരുവിനോട് ചോദിക്കുന്നു. ഗുരു പറയുന്നു, കണ്ടുകൊണ്ടിരിക്കുന്നു… എവിടെ? നിന്റെ കണ്ണില്‍!… ഗ്രന്ഥകാരനും ഗാനരചയിതാവും പ്രഭാഷകനും യൂട്യൂബറുമായ ഫാ. വിന്‍സെന്റ് വാരിയത്തിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി.’കണ്ണാടി, കതക്, കടവ്.’ ആര്‍ക്കും ഹൃദയപൂര്‍വ്വം സ്വീകരിക്കാവുന്ന പുസ്തകം. മൂന്ന് ഭാഗങ്ങളുണ്ട് പുസ്തകത്തിന്; കണ്ണാടി, കതക്, കടവ്.
ഇത് മൂന്നു തലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. എഴുത്തുകാരന് ഇതിന് നല്കുന്ന അര്‍ത്ഥം ഇങ്ങനെയാണ്. കണ്ണാടി = സൈറ്റ് ബിയോണ്‍ണ്ട് ദി സൈറ്റ്, കതക് = നോക്ക് ആന്‍ഡ് ഓപ്പണ്‍, കടവ് =സെറ്റ് ഔട്ട് ഓഫ് യു റ്റു ടച്ച് ദി ഷോര്‍.
ചെറുമൊഴികള്‍ കൊണ്ടു സമ്പന്നമായ പുസ്തകത്തില്‍ നിന്ന് ഒന്നുകൂടി ഉദ്ധരിക്കട്ടെ.
ഭര്‍ത്താവ് ഗുരുവിനോട് പറയുന്നു;എന്റെ ഭാര്യ എത്ര നന്മനിറഞ്ഞവളാണ്!
ഗുരു പുഞ്ചിരിയോടെ പറഞ്ഞു, മറുവശം കൂടി കാണാന്‍ മറക്കരുത്.
കുറെ നാളുകള്‍ക്ക് ശേഷം ഇതേ മനുഷ്യന് തന്നെ വന്ന് ഗുരുവിനോട് പറഞ്ഞു: എന്റെ ഭാര്യ കരുതിയത് പോലെയല്ല, എത്ര വൃത്തികെട്ട സ്വഭാവമുള്ളവളാണ് ! ഗുരു അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു, മറുവശം കൂടി കാണാന്‍ മറക്കരുത്.
എന്തിന്റെയും മറുവശം കൂടി കണ്ടാലേ കാഴ്ച പൂര്‍ണ്ണമാകൂ…
ആര്‍ട്ടിസ്റ്റ് ഹരിദാസ് നരീക്കലാണ് ചിത്രങ്ങളും രൂപകല്പനയും കൊണ്ട് പുസ്തകത്തിന് ചാരുത പകര്‍ന്നത്. ഒപ്പം പുസ്തകനിര്‍മ്മിതിയിലെ ‘പ്രണതപ്പെരുമ’ മഴവില്ല് കണക്കെ തിളങ്ങി നില്ക്കുന്നു.
അവതാരികയില്‍ കെ.ജി.എസ് എഴുതുന്നു…
ഫാ. വിന്‍സന്റ് വാരിയത്തിന്റെ കുറിപ്പുകള്‍ ലളിതം, ഹ്രസ്വം, സാന്ദ്രം. കേന്ദ്രത്തില്‍ രത്നത്തരി പോലൊരു ജ്ഞാനത്തരി ഓരോ നുറുങ്ങിലും മുദ്രിതം. ആഴക്കാഴ്ചയിലേക്കൊരു വഴി. സന്ദര്‍ഭം, ആഖ്യാനം, ദര്‍ശനം, എല്ലാം സൂക്ഷ്മം. ഭാവന സംവാദാത്മകം. രണ്ട് നിലപാടുകള്‍ അനായാസം വെളിവാകുന്നു.
സെന്‍ കഥകളെ ഓര്‍മ്മിപ്പിക്കുന്ന അപരിചിതാനുഭൂതിയും ഉള്‍ക്കാഴ്ചയും ഇവയുടെ വശ്യത, ഗരിമ.
ആരും രസിക്കുന്ന കുറുങ്കഥകള്ക്കും മിന്നല്ക്കഥകള്ക്കും ഉയിര്. ഈ കാലത്തെ ജിവിതവും ചരിത്രവും ഉന്നയിക്കുന്ന സമസ്യകള്‍. സൂക്ഷ്മമാണ് ഇവയുടെ പെരുമ. ഇവയ്ക്കെല്ലാം ഉറവിടങ്ങള്‍ നാടോടിക്കഥകള്‍ വിളഞ്ഞ മലയാളക്കാടും മേടും.
അപൂര്ണ്ണതയില് നിന്ന് പൂര്‍ണ്ണത തേടിയുള്ള യാത്രയാണ് മനുഷ്യജീവിതം. അതിലെ അധ്യാത്മികവും ഭൗതികവുമായ അപൂര്‍ണ്ണതകള്‍ മറികടക്കാനുള്ള വഴികളാണ് ഈ നുറുങ്ങുകളിലൂടെ വാരിയത്തച്ചന്‍ പറയുന്നത്. അവയ്ക്ക് നാം കണ്ടെത്തുന്ന പുതിയ ഭാഷ്യങ്ങള്‍ അപരജീവിത സംവേദനത്തിനുള്ള മാര്‍ഗ്ഗങ്ങളുടെ വെളിച്ചം നല്‍കും.
അപരനിലേക്കുളള പാത തുറക്കുന്ന കതക്, അവന്റെ തോണിയില്‍ കയറാനുള്ള കടവ്, അവനോടൊപ്പം നടക്കാനുള്ള കനിവ്.