കൊച്ചി: ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. സത്യത്തിന്റെ ബോധനത്തിലും മാനവ സാഹോദര്യത്തിലും നന്മയിലും സേവനതല്പരതയിലും വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്ന മാതൃകാ വിദ്യാലയമായി വികസിക്കട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു
ഒരു നാട് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാണ് എന്നതിന്റെ തെളിവാണ് നൂറുവര്‍ഷത്തെ മഹിത പാരമ്പര്യമുള്ള ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനപങ്കാളിത്തത്തോടെ എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനായി എന്നത് – ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന് എംപി പറഞ്ഞു. നാടിന്റെ സാമൂഹിക, സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നല്കിയ പൊതുവിദ്യാഭ്യാസ ശൃംഖലയില്‍, സാധാരണക്കാരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തില്‍ ടെക്നോളജി കൂടി സമഗ്രമായി സംയോജിപ്പിക്കാനുള്ള ശ്രമം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ പുത്തന്‍ ശതാബ്ദിമന്ദിരത്തില്‍ പ്രകടമാണ്.
ശതാബ്ദിമന്ദിരത്തിന്റെ ആറു ക്ലാസ്മുറികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒന്നാംനില കൂടെ പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തികസഹായവും, പ്രീപ്രൈമറി, പ്രൈമറി, യുപി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സുരക്ഷിതമായും സൗജന്യനിരക്കിലും സ്കൂളില്‍ എത്തുന്നതിനും തിരിച്ചുപോകുന്നതിനുമായി ഒരു സ്കൂള്‍ബസ് ലഭ്യമാക്കുന്ന കാര്യവും താന്‍ പരിഗണിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റും അധ്യാപക-രക്ഷാകര്‍തൃ സമിതിയും വിദ്യാര്‍ഥികളും ചേര്‍ന്നു സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയായി ഹൈബി ഈഡന് പറഞ്ഞു.
വരാപ്പുഴ അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേര് ഫാ. ജയന് പയ്യപ്പിള്ളി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ നിര്‍മാണത്തിലെ പൊതുജനപങ്കാളിത്തം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപതയില്‍ നിന്ന് 15 ലക്ഷം രൂപയുടെ സഹായമാണ് ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.
ശതാബ്ദിമന്ദിരത്തിന് ടോയ്ലറ്റ് സമുച്ചയത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു. നേരത്തെ, സ്കൂള്‍ പാചകപ്പുരയ്ക്കായി 10 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ക്ലാസ്മുറികളിലേക്ക് ഡിജിറ്റല്‍ ഇന്ററാക്റ്റീവ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു സഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം നിവേദനത്തിനു മറുപടിയായി പറഞ്ഞു.
ഒന്നാം ക്ലാസ് മുറിയില്‍ അലങ്കാരമത്സ്യങ്ങളുടെ ചെറുകുളവും കിളിക്കൂടും പൂച്ചെടികളും ഉള്‍പ്പെടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന അധ്യയന അന്തരീക്ഷവും, ഡിജിറ്റല്‍ സ്മാര്‍ട്ട് ഇന്ററാക്റ്റീവ് ബോര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള അതിനൂതന അധ്യാപന സമ്പ്രദായവും വാഗ്ദാനം ചെയ്യുന്ന നവീന പ്രാഥമിക വിദ്യാലയത്തില്‍, ഒന്നാം ക്ലാസിലെ ഒരു മുറി ശീതീകരിച്ചതാണ്. ക്ലാസ് മുറികളെ തമ്മില്‍ വേര്‍തിരിക്കുന്ന ഷട്ടറുകള്‍ സ്വിച്ചിട്ടാല്‍ ഉയരും; പൊതുപരിപാടികള്‍ക്കായി വലിയ ഹാളായി ആ മുറികള്‍ രൂപാന്തരപ്പെടും. ഹാളിന്റെ ഉദ്ഘാടനം ഹൈബി ഈഡന് നിര്‍വഹിച്ചു.
ക്ലാസ്മുറികളിലെ ഫിഷ്പോണ്ട് ഉദ്ഘാടനം ഫാ. ജയന് പയ്യപ്പിള്ളിയും എറണാകുളം ജില്ലാ പഞ്ചായത്ത് മെംബര്‍ യേശുദാസ് പറപ്പിള്ളിയും നിര്‍വഹിച്ചു. കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ടി.ജെ. വിനോദും, കിളിക്കൂടുകളുടെ ഉദ്ഘാടനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിലും, സിസിടിവി ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷും നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ഫെലിക്സ് ചക്കാലക്കല്‍, ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ജോണി തൈക്കൂട്ടത്തില്‍, അസിസ്റ്റന്റ് മാനേജര്‍ എബിന് വിവേര, എല്‍എഫ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ജി. ജൂലിയ, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.ജി. സ്റ്റെന്‍സ്ലാവൂസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്മിത സ്റ്റാന്‍ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, പഞ്ചായത്ത് മെംബര്‍മാരായ ബെന്നി ഫ്രാന്‍സിസ്, മിനി വര്‍ഗീസ്, കെ.ജെ. ജയിംസ്, ഷൈമോള്‍ ജെംസണ്‍, ഷീജ പി.കെ, എല്‍എഫ് എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി.ഇ. ഫഹദ് എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദിമന്ദിരത്തിന്റെ ഡിസൈനര്‍ ആലയം ജോര്‍ജ്, കോണ്ട്രാക്റ്റര് ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവരെ ആദരിച്ചു.