ഇടുക്കി : ഇടുക്കി ജില്ലയിൽ കൊവിഡ് ജാഗ്രതപ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത നിർദേശം നൽകിയത്. ആദ്യപടിയായി ബോധവത്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.
ആശുപത്രിയിൽ പനിയുമായി എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എല്ലാ ആശുപത്രികളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവർ ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യണമെന്നും കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം . രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു. കേരളത്തിൽ ഇതുവരെ പന്ത്രണ്ട് കൊവിഡ് മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്