പുനലൂർ രൂപതയിലെ കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദേവാലയത്തിൽ അഭിവന്ദ്യ പിതാവിന്റെ കാനോനിക്കൽ സന്ദർശനവും സ്ഥൈര്യലേപന കൂദാശയും 2025 ജൂൺ 7, 8 തീയതികളിലായി നടത്തപ്പെട്ടു. പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ദേവാലയത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുകയും സ്ഥൈര്യലേപന കുദാശ നൽകുകയും ചെയ്തു.
ജൂൺ 7 വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പിതാവിനെ ദേവാലയത്തിൽ സ്വീകരിച്ചതിനു ശേഷം, സായാഹ്ന പ്രാർത്ഥനയ്ക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. പരേതർക്ക് വേണ്ടി പ്രാർത്ഥിക്കുകയും സെമിത്തേരി ആശിർവാദവും അതിനെ തുടർന്ന് നിർവഹിച്ചു. ദിവ്യകാരുണ്യ ആശിർവാദത്തിന് ശേഷം സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുന്ന കുട്ടികളെ അഭിവന്ദ്യ പിതാവ് നേരിൽകണ്ട് സംവദിച്ചു. തുടർന്ന് ഇടവകയിലെ അജപാലന സമിതി, ധനകാര്യസമിതി, ബി. ഇ. സി. ലീഡർമാർ, വിവിധ ശുശ്രൂഷ ഭാരവാഹികൾ, വിവിധ ഭക്ത സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ, കാറ്റിക്കിസം പ്രതിനിധികൾ അവരവരുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഒരു കോപ്പി അഭിവന്ദ്യ പിതാവിന് നൽകുകയും ചെയ്തു. ജൂൺ എട്ടാം തീയതി പെന്തക്കുസ്താ തിരുനാൾ ദിവസം ഇടവകയിലെ 50 പേർക്ക് സ്ഥൈര്യലേപന കൂദാശ നൽകി. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, മതബോധന അധ്യാപകർ, അജപാലന സമിതി അംഗങ്ങൾ, മാതാപിതാക്കൾ, അൾത്താര ശുശ്രൂഷകർ, ക്വയർ അംഗങ്ങൾ തുടങ്ങി ഇടവക അംഗങ്ങൾ എല്ലാം തന്നെ സന്നിഹിതരായിരുന്നു.