കൊച്ചി: പശ്ചിമ കൊച്ചിയിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ വീണ്ടും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കണ്ണമാലി – ചെറിയകടവ് – കാട്ടിപ്പറമ്പ് – ഭാഗങ്ങളിലാണ് കടലാക്രമണം അതീവ ഗൗരവമായി തുടരുന്നത്.
ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതി കണക്കിലെടുത്ത് അടിയന്തരപരിഹാരം കാണണമെന്നും എത്രയും പെട്ടെന്ന് തന്നെ രണ്ടാംഘട്ട കടൽഭിത്തിയുടെ നിർമ്മാണം പുനരാരംഭിക്കുകയും ചെയ്യണമെന്നും കെ.സി.വൈ.എം കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
യോഗം കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു.
വീടുകളിലേക്ക് ആർത്തിരമ്പി വരുന്ന കടൽ തീരദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കികൊണ്ടിരിക്കുകയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന് കാലങ്ങളായി ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്നെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം പരിഹാരം നീണ്ട് പോവുകയാണെന്നും ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആരോപിച്ചു .
നിലവിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ കടൽഭിത്തി നിർമ്മാണം പുത്തൻതോട് വരെ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ചുവന്ന നാടയിൽപ്പെട്ട് കടൽഭിത്തി നിർമ്മാണം ഇഴയുമ്പോൾ ദുരിതത്തിൽ ആവുന്നത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പശ്ചിമകൊച്ചിയിലെ നിവാസികളാണ്. ഉടനടി നടപടി സ്വീകരിക്കാത്ത പക്ഷം കടുത്ത സമര നടപടികളിലേക്ക് നീങ്ങുവാനും യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ലേ ആനിമേറ്റർ ലിനു തോമസ്, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, ട്രഷറർ ജോർജ് ജിക്സൺ, വൈസ് പ്രസിഡന്റുമാരായ ക്ലിൻ്റൺ ഫ്രാൻസീസ്, ജീവ റെജി, സെക്രട്ടറിമാരായ ഡയസ് ആൻ്റണി, സനൂപ് ദാസ്, അക്ഷയ മരിയ, അരുൺ ജോസ്, കണ്ണമാലി മേഖല എക്സിക്യൂട്ടീവ് ആൽവിൻ എന്നിവർ പ്രസംഗിച്ചു.