കോഴിക്കോട്: മലബാറില്‍ അനേകായിരം ജീവിതങ്ങളെ പ്രകാശപൂര്‍ണമാക്കുകയും ചരിത്രഗതിയില്‍ വിശ്വാസസാക്ഷ്യത്തിന്റെ നെടുങ്കോട്ടയായി നിലകൊള്ളുകയും ചെയ്ത കോഴിക്കോട് റോമന്‍ കത്തോലിക്കാ രൂപതയെ റോമിലെ പരിശുദ്ധ സിംഹാസനം അതിരൂപതയായി ഉയര്‍ത്തിയതിന് ദൈവത്തിന് കൃതജ്ഞതാസ്തോത്രം അര്‍പ്പിച്ച വടക്കന്‍ കേരളത്തിലെ വിശ്വാസിഗണത്തിന്റെയും വൈദിക-സന്ന്യസ്തവൃന്ദങ്ങളുടെയും ഭാരതസഭയുടെ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
സ്വര്‍ഗീയ അനുഗ്രഹവര്‍ഷത്തിന്റെ ആത്മീയനിറവുപോലെ കീര്‍ത്തനങ്ങളുടെ മഴ തോരാതെ പെയ്തിറങ്ങിയ അപരാഹ്ണത്തില്‍, കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയൊപോള്‍ദോ ജിറെല്ലി മുഖ്യകാര്‍മികത്വം വഹിച്ചു.
കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രഥമ മെത്രാപ്പോലീത്തയുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് പാപ്പായുടെ ലാറ്റിൻ ഭാഷയിലുള്ള അപ്പസ്തോലിക തിരുവെഴുത്ത് മലപ്പുറം ഫൊറോന വികാരി മോൺ.വിൻസെൻ്റ് അറക്കലും ഇംഗ്ലീഷ് ഭാഷയിൽ കോഴിക്കോട് ഫൊറോന വികാരി മോൺ. ജെറോം ചിങ്ങംതറയും മലയാള പരിഭാഷ കോഴിക്കോട് അതിരൂപത ചാൻസലർ ഫാ.സജീവ് വർഗീസും വായിച്ചതോടെ ദൈവജനം കൈയടികളോടെ സന്തോഷം പങ്കുവെച്ചു.
തുടർന്ന് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികന് മുന്നിൽ വിശ്വാസപ്രഖ്യാപനം നടത്തി. അപ പ്പസ്തോലിക നുൺ ഷ്യോ ആർച്ച് ബിഷപ്പ് ഡോ.ലെയോപോൾ ദോ ജിറെല്ലി കോഴിക്കോടിൻ്റെ പ്രഥമ മെത്രാപ്പോലിത്തക്ക് വേണ്ടി പ്രാർഥിച്ചു.
തുടർന്ന് ആർച്ച്ബിഷപ് ചക്കാലക്കലിനെ മെത്രാപ്പോലീത്തയുടെ ഭദ്രാസനപീഠത്തിലേക്ക് ആനയിച്ചു.തുടർന്ന് സഹകാർമികരായ മെത്രാപ്പോലീത്തമാരും മെത്രാൻമാരും വൈദികപ്രതിനിധികളും ഫൊറോന വികാരിമാരും സന്യാസഭാ സുപ്പീരിയർമാരും ദൈവജനത്തിൻ്റെ പ്രതിനിധികളായ അല്മായപ്രതിനിധികളും ആർച്ച്ബിഷപ്പിന് മുന്നിൽ വിധേയത്വം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ആർച്ച് ബിഷപ്പ്
ഡോ. ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.
‘ദൈവതിരുമനസ്സിനു വിധേയത്വം’ എന്ന ആപ്തവാക്യം തന്റെ എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ പ്രമാണവാക്യമായി സ്വീകരിച്ച് 26 വര്‍ഷം മുന്‍പ് കണ്ണൂരിന്റെ പ്രഥമ ബിഷപ്പായി അഭിഷിക്തനായ ഡോ. ചക്കാലക്കല്‍ കഴിഞ്ഞ 13 വര്‍ഷമായി കോഴിക്കോട് രൂപതയുടെ അജപാലകനെന്ന നിലയില്‍ തന്റെ ജനസമൂഹത്തെ മെട്രോപ്പൊളിത്തന് അതിരൂപതാ രൂപീകരണത്തിന്റെ മഹാനിയോഗത്തിനായി ഒരുക്കുകയായിരുന്നുവെന്ന് ഇന്നത്തെ തിരുകര്‍മങ്ങളുടെ പുണ്യസുരഭില ധന്യത വിളിച്ചോതി.

കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് വചനപ്രഘോഷണം നടത്തി. സിബിസിഐ പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സീറോമലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ച്ബിഷപ്പും എറണാകുളം-
അങ്കമാലി ആര്‍ക്കി എപ്പിസ്കോപ്പല്‍ വികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി,
ആർച്ചുബിഷപുമാരായ മാർ തോമസ് കൂറിലോസ്, മാർ തോമസ് തറയിൽ,
ബിഷപുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജോസഫ് പണ്ടാരശേരിൽ,
താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാർ പീറ്റർ കൊച്ചുപുരക്കൽ, മാർ അലക്സ് താരാമംഗലം, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്,
വരാപ്പുഴ ആര്‍ച്ച്ബിഷപ്പും കോഴിക്കോട് രൂപതയുടെ മുന്‍ മെത്രാനുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ പ്രതിനിധാനം ചെയ്ത് വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി,ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍,
കോഴിക്കോട് അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തിൽ
ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ തോമസ് ജെ.നെറ്റോ, തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതല , സി എസ് ഐ മലബാർ രൂപത ബിഷപ് ഡോ. റോയ് സി മനോജ്,
മന്ത്രി പി.എ മുഹമ്മദ് റിയാസ്, രാഘവൻ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്, ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മലാപ്പറമ്പ് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആര്‍ച്ച്ബിഷപ് ചക്കാലക്കലിനെയും കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും മോണ്‍സിഞ്ഞോര്‍മാരും സന്ന്യസ്തസഭാ സുപ്പീരിയര്‍ ജനറല്‍മാരും അല്മായ നേതാക്കളും ഉള്‍പ്പെടെയുള്ളവരെ സെന്റ് ജോസഫ് ദേവാലയാങ്കണത്തിലേക്ക് ആനയിച്ചത്.
ലത്തീന്‍, ഇംഗ്ലീഷ്, മലയാളം സ്തോത്രഗീതങ്ങളും പ്രാര്ഥനാസ്തവങ്ങളും ഉള്‍പ്പെടുന്ന ഭക്തിസാന്ദ്രവും പ്രൗഢമനോഹരവുമായ തിരുകര്‍മങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ദൈവജനം പങ്കുചേര്‍ന്നു.
ഫ്രാന്‍സിസ് പാപ്പാ ദിവംഗതനാകുന്നതിന് ഒരാഴ്ച മുന്‍പ്, കഴിഞ്ഞ ഏപ്രില്‍ 12ന് ഓശാന ഞായറിനു തലേന്നാണ് വടക്കന്‍ കേരളത്തിലെ മാതൃരൂപതയായ കോഴിക്കോടിനെ മെട്രോപ്പോളിറ്റന്‍ അതിരൂപതയായി ഉയര്‍ത്തിക്കൊണ്ടും 2012 മേയ് മുതല്‍ രൂപതാ മെത്രാനായി ശുശ്രൂഷ ചെയ്തുവന്ന ഡോ. വര്‍ഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുമുള്ള പേപ്പല്‍ ബൂളയില്‍ ഒപ്പുവച്ചത്.
കേരളത്തിലെ മൂന്നാമത്തെ റോമന്‍ കത്തോലിക്കാ അതിരൂപതയായി കോഴിക്കോടിനെ ഉയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പായുടെ സവിശേഷമായ കരുതലിനും കൃപാദാനങ്ങള്ക്കും നന്ദിയര്‍പ്പിക്കാനും പരിശുദ്ധ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) പ്രതിനിധി എന്ന നിലയിലും ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ റോമിലേക്കു പോയിരുന്നു. പാപ്പായുടെ സംസ്കാരകര്‍മങ്ങളില്‍ അദ്ദേഹം സഹകാര്‍മികത്വം വഹിച്ചു.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത്, മലബാര്‍ മേഖലയിലെ സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 527 വര്‍ഷം മുന്‍പ് കോഴിക്കോട്ട് എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ് നാവികസംഘത്തോടൊപ്പമുണ്ടായിരുന്ന ട്രിനിറ്റേറിയന്‍ മിഷനറി പേദ്രോ കൊവിലാമിന്റെയും മറ്റും നേതൃത്വത്തിലാണ്. മലബാര്‍ തീരത്തെ ആദ്യ ദേവാലയം വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തില്‍ 1500-ല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്.
ഇറ്റാലിയന്‍ കര്‍മലീത്തരുടെ അജപാലനശുശ്രൂഷയിലായിരുന്ന മലബാര്‍ അപ്പസ്തോലിക വികാരിയത്തില്‍ നിന്ന് ഒന്‍പതാം പീയൂസ് പാപ്പാ 1878-ല്‍ മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട് പ്രദേശങ്ങള്‍ വേര്‍പെടുത്തി ആ മേഖലയുടെ അജപാലന ചുമതല ഇറ്റലിയിലെ വെനീസിലെ ഈശോസഭാ പ്രോവിന്സിനെ ഏല്പിച്ചു. പിന്നീട് പീയൂസ് പതിനൊന്നാമന്‍ പാപ്പാ 1923-ല്‍ മംഗലാപുരം, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവയില്‍ നിന്ന് കുറെ ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് കോഴിക്കോട് രൂപതയ്ക്ക് രൂപം നല്കി.
1920-1970 കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കാനും അവര്‍ക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാനും കൃഷിചെയ്യാനുള്ള ഭൂമി കണ്ടെത്താനും അവരുടെ ആധ്യാത്മികശുശ്രൂഷകളും കൗദാശിക ജീവിതവും അടിസ്ഥാന സാമൂഹിക സംവിധാനങ്ങളും ക്രമീകരിക്കാനും മറ്റും നേതൃത്വം വഹിച്ചത് കോഴിക്കോട്ടെ ലത്തീന്‍ രൂപതയിലെ ജസ്യുറ്റ് മെത്രാന്മാരും വൈദികരും ദൈവജനവും ചേര്‍ന്നാണ്.
വടക്കന്‍ കേരളത്തില്‍ ഭാരതപ്പുഴയ്ക്ക് വടക്കായി സീറോ മലബാര്‍ സഭയ്ക്ക് പള്ളികളൊന്നും ഉണ്ടായിരുന്നില്ല. 1954-ല്‍ സീറോ മലബാര്‍ സഭയുടെ തലശേരി എപ്പാര്‍ക്കി സ്ഥാപിക്കുന്നതിന് റോമില്‍ നിവേദനം നല്കിയതും സുറിയാനി സമൂഹത്തിനായി തങ്ങളുടെ മുപ്പതിലേറെ പള്ളികളും കപ്പേളകളും വിദ്യാലയങ്ങളും അതുരശുശ്രൂഷാ കേന്ദ്രങ്ങളും ധാരാളം വസ്തുവകകളും സംഭാവന ചെയ്തതും കോഴിക്കോട് മെത്രാനായിരുന്ന ഇറ്റാലിയന്‍ ജസ്യുറ്റ് മിഷനറി ആല്‍ദോ മരിയ പത്രോണിയാണ്.
മൂന്ന് ഇറ്റാലിയന്‍ ജസ്യുറ്റ് മെത്രാന്മാര്‍ക്കുശേഷം 1980-ലാണ് ആദ്യത്തെ തദ്ദേശീയ മെത്രാന് മാക്സ് വെല്‍ വാലന്റൈന്‍ നൊറോണ കോഴിക്കോട്ട് അജപാലനശുശ്രൂഷ ആരംഭിച്ചത്. മാക്സ് വെല്‍ പിതാവ് പൗരോഹിത്യപട്ടം നല്കിയ രൂപതാ വൈദികരിലെ ആദ്യ ബാച്ചില്‍പെട്ട വൈദികനാണ് ഡോ. ചക്കാലക്കല്‍. കോട്ടപ്പുറം രൂപതയിലെ മാളപള്ളിപ്പുറത്ത് ജനിച്ച ആര്‍ച്ച്ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ 1981-ലാണ് കോഴിക്കോട് രൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2002-ല്‍ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും 2012-ല്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കലും കോഴിക്കോട് രൂപതയുടെ ചുമതലയേറ്റു.
1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി ഡോ. ചക്കാലക്കലിനെ നിയമിച്ചു. 2012-ല്‍ അദ്ദേഹത്തെ മാതൃരൂപതയായ കോഴിക്കോട്ടേക്ക് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്ഥലംമാറ്റുകയായിരുന്നു.
കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) സെക്രട്ടറി ജനറലായി മൂന്നു ടേമില്‍ സേവനം അനുഷ്ഠിക്കുകയും, കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) സെക്രട്ടറി ജനറലും വിവിധ കമ്മിഷന് ചെയര്‍മാനായും പ്രവര്‍ത്തിക്കുകയും ചെയ്ത ബിഷപ് ചക്കാലക്കല്‍ ഇപ്പോള്‍ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍സിബിസി) പ്രസിഡന്റും, ദൈവവിളികള്‍ക്കും സെമിനാരികള്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വേണ്ടിയുള്ള സിസിബിഐ കമ്മിഷന് ചെയര്‍മാനുമാണ്.
കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടൊപ്പം തന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലികൂടി ആഘോഷിച്ചാണ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മലബാറിലെ പ്രഥമ റോമന്‍ കത്തോലിക്കാ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുന്നത്. സ്ഥാപിതമായിട്ട് 102 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. കോഴിക്കോട് 1953 ഡിസംബര്‍ വരെ ബോംബെ അതിരൂപതാ പ്രവിശ്യയിലെ സാമന്ത രൂപതയായിരുന്നു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ സാമന്ത രൂപതയായി. ഇപ്പോള്‍, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടുന്ന മെട്രോപ്പൊളിറ്റന്‍ പ്രവിശ്യയായി കോഴിക്കോട് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.