കെ.ജെ സാബു
കുറച്ച് നാള് മുന്‍പാണ്, എറണാകുളം ജില്ലയിലെ ഒരു തീരഗ്രാമത്തില്‍ ഒരു കൗമാരക്കാരനെയും കൂട്ടരെയും എക്സൈസ് അധികാരികള്‍ എംഡിഎംഎ യുമായി പിടികൂടുന്നു. പിറ്റേന്ന് പ്രാദേശിക പത്രവാര്‍ത്തകളില്‍ പയ്യനെയും കൂട്ടാളികളെയും ട്രൗസര്‍ ഇടീപ്പിച്ച് നിര്‍ത്തി മനോഹരമായ വാര്‍ത്തയും ചിത്രവും വരുന്നു. പയ്യനെയും കൂട്ടരെയും റിമാന്‍ഡ് ചെയ്യും എന്നറിഞ്ഞ് നാട്ടുകാര്‍ നാല്ക്കവലകളില് ചര്‍ച്ചകള്‍ നടത്തുന്നു. ഇതേ സമയം. ധനികനായ പയ്യന് അവന്റെ കുടുംബത്തൊഴിലില്‍ വ്യാപൃതനായിരിക്കുന്നതും നാട്ടുകാര്‍ കാണൂന്നു.
കുമ്പിടിയാണ് കുമ്പിടി !കയ്യില്‍ കാശുള്ള കുടുംബത്തിലെ പിള്ളാരെ രണ്ടുഗ്രാം എംഡിഎംഎ സഹിതം പിടിച്ചാല്‍ രാത്രിക്കുരാത്രി കേസ്സിങ്ങനെ തേഞ്ഞുമാഞ്ഞ് പോകും. അല്ലാത്ത അപ്പാവികള്‍ കുടുങ്ങും. എക്സൈസുകാര് പിടുങ്ങും ! ഓര്‍ത്താല്‍ ചിരിവരും. വ്യാജ ചാരായം സുലഭമായിരുന്ന നാളുകളിലേത് പോലെ ഒരു കൊയ്ത്ത് കാലം കൂടി കുറെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈവന്നിരിക്കുന്നു.
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 110 പേരെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്ത. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2059 പേരെയാണ് ആ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. കാര്യങ്ങള്‍ ഏകദേശം വ്യക്തമാണ്. രാസലഹരി ഉപയോക്താക്കളെയും അതിന്റെ വിതരണക്കാരെയുമൊക്കെ ഏമാന്മാര്ക്ക് അറിയാം. അവരെ ‘വിശേഷദിവസങ്ങളില്‍’ പിടിക്കും. ഇത്ര കേസ് പിടിച്ചുവെന്ന് രേഖയുണ്ടാക്കും. പത്രക്കാര് മുന്നും പിന്നും നോക്കാതെ വാര്‍ത്തയും കൊടുക്കും. ആ കേസ് എന്തായി എന്ന് ആര് തിരക്കുന്നു !
കഴിഞ്ഞ ദിവസം മാത്രം വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 307.4 ഗ്രാം എംഡിഎംഎയും 2.3978 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. വിവിധ പരിശോധനകളിലായി എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്. ഇതില്‍ എത്ര ശതമാനം ഫലവത്താവുന്നു എന്ന് ഓഡിറ്റ് ചെയ്യപ്പെടുന്നില്ല.
പഞ്ചായത്തുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘങ്ങള്‍, പള്ളികള്‍ ഒക്കെ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നൊരു കലാപരിപാടി തുടങ്ങിയിട്ടുണ്ട്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ ആണതില്‍ ഏറിയകൂറും.
രാസലഹരികളില്‍ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് എംഡിഎംഎ അഥവാ മെഥിലീന്‍ ഡയോക്സി മെതാം ഫെറ്റമിന്‍ ആണ്.’ 2016 വരെ കേരളത്തില്‍ എംഡിഎംഎ കേസ് ഒന്നുപോലും ഉണ്ടായിരുന്നില്ല. എന്നാലിന്ന് അധികം കേസുകളും എംഡിഎംഎ ഉപയോഗിച്ചുള്ളവയാണ്.(വേണമെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ‘ഭരണനേട്ടമായി’ പ്രതിപക്ഷത്തിന് ഇത് കൊണ്ടാടാം. പക്ഷെ അതിനുള്ള ബുദ്ധിയൊന്നും അവര്‍ക്കില്ല) മാരകശക്തിയുള്ള ഇത് ഉപയോഗിച്ചു തുടങ്ങിയാല്‍ ഒറ്റത്തവണ കൊണ്ട് ഒരാള്‍ അതിന്റെ അടിമയാകും. അത്രയ്ക്ക് ആസക്തി വളര്‍ത്താനുള്ള കഴിവുണ്ടതിന്. മുന്‍കാലങ്ങളില്‍ രോഗാവസ്ഥയില്‍ വേദനാ സംഹാരിയായും മറ്റും ഉപയോഗിച്ചിരുന്ന ഈ രാസവസ്തു ഭാരതം ഉള്‍പ്പെടെ ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. കഴുത്തറുത്ത് മരിക്കാന്‍ ശ്രമിക്കുന്നതും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതും തലച്ചോറില്‍ സംഭവിക്കുന്ന എംഡിഎംഎ വിഷബാധ മൂലം ആണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് പ്രതിജ്ഞകൊണ്ട് തീരുന്നതല്ല പ്രശ്നം എന്ന് പറയുന്നത്.
കൊവിഡ് മഹാമാരി കുട്ടികളുടെ മാനസിക ബലം വലിയ തോതില്‍ കുറച്ചു. അതിനു ശേഷമാണ് പ്രശ്നങ്ങള്‍ വഷളായത് എന്നൊരുനിരീക്ഷണമുണ്ട് ഇത് അഡ്രസ്സ് ചെയ്യപ്പെട്ടിട്ടില്ല. നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളെ അലട്ടിയിട്ടുണ്ട്. അതുകൊണ്ട് അനുതാപപൂര്‍ണമായ സമീപനം സ്വീകരിക്കല്‍, ഫലപ്രദമായ ആശയവിനിമയം, വികാരങ്ങളെ അംഗീകരിക്കല്‍, പങ്കുവെയ്ക്കല്‍, കൗണ്‍സിലിങ് സെല്‍ എന്നിവ വഴി കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കണം. പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ കണ്ടാല്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടണം. കുട്ടികളെ ഫലപ്രദമായി നയിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മാനസികാരോഗ്യ സാക്ഷരത കൈവരിക്കണം. എല്ലാ വിദ്യാലയങ്ങളിലും ‘ഡോക്ടര്‍ ഇന്‍ കാള്‍ ‘ പദ്ധതിയും കൗണ്‍സിലിങ് സേവനവും ലഭ്യമാക്കണം. ഇതൊക്കെ നടക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ നടക്കുന്നുണ്ട് എന്നായിരിക്കും ഉത്തരം, ഫലവത്തായി നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാണുത്തരം.
കള്ളും കഞ്ചാവും വിട്ട് ന്യൂജന്‍ ലഹരിക്കുപിന്നാലെയാണിപ്പോള് യുവത്വം. എക്സൈസും പോലീസും സമീപകാലത്ത് പിടികൂടിയ കേസുകളുടെ എണ്ണംമാത്രം പരിശോധിച്ചാല്‍ മതി, ഇതിന്റെ ഗൗരവം വ്യക്തമാകും. എക്സൈസ് വകുപ്പ് ഈ വര്‍ഷമിതുവരെ വിവിധ കേസുകളിലായി 1.5 കോടി രൂപയിലധികം വിലമതിക്കുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പിടികൂടിയത്. പോലീസിന്റെ കണക്കുകൂടി ചേര്‍ത്താല്‍ ഇത് ഇരട്ടിയാകും. ഗ്രാമനഗര വ്യത്യാസമില്ലാതെ ജില്ലയിലേക്ക് ലഹരികള്‍ ഒഴുകിയെത്തുകയാണ്. ചെറിയ കളിയല്ല. ഗൗരവത്തോടെ ഇടപെട്ടില്ലെങ്കില്‍ പണികിട്ടും!