കോഴിക്കോട് : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും സംഗമം ‘സ്നേഹാർദ്രം പദ്ധതി’ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉത്ഘാടനം ചെയ്തു . കോഴിക്കോട് അതിരൂപതാ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതാ തലത്തൽ ആർച്ച് ബിഷപ്പിനോടൊപ്പമുള്ള ഒത്തുചേരലും അവർക്കായുള്ള പിന്തുണയുമാണ് പദ്ധതി .തുടർന്ന് ശാരീരിക-മാനസിക ആരോഗ്യ തലങ്ങളിൽ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നവർക്കായി, പ്രത്യേകം ഒരുക്കിയ ദിവ്യകാരുണ്യ ആരാധനയിൽ ആർച്ച് ബിഷപ്പ് രോഗികളായ ഓരോരുത്തരെയും പ്രത്യേകം ആശീർവദിച്ചു.

സഭ എന്നും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടെയാണ് നാം ഭിന്നശേഷിക്കാരെ സമീപിക്കേണ്ടത് അവരുടെ മനോഭാവം ഉൾക്കൊണ്ടുകൊണ്ടാണ്. അപ്പോൾ അവരെ ചേർത്തുനിർത്താനും ഹൃദയപൂർവ്വം സ്നേഹിക്കാനും കഴിയും അതാണ് സുവിശേഷ സത്തയുടെ സ്വാംശീകരണവും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഭിന്നശേഷിക്കാരായ ആളുകളുടെ ഒരു സംഗമം നടത്തുന്നത് എന്നുകൂടെ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു .അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടർ ജിജു പള്ളിപ്പറമ്പിൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് സ്നേഹോപഹാരം വികാരി ജനറൽ മോൻസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ നല്കി.

ഭിന്നശേഷിക്കാരുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് നിലമ്പൂർ കൊത്തലങ്കോ റിഹാബിലിറ്റേഷൻ ആൻഡ് റിസേർച്ച് സെൻ്റെറിലെ ഡയറക്ടർ ഫാദർ ഷോണി പെരുമ്പള്ളി ബോധവൽക്കരണം നടത്തി.
കുടുംബ സമിതി അസോസിയേറ്റ് ഡയറക്ടർ ഫാദർ ലാൽ ഫിലിപ്പ് സ്വാഗതവും ജനറൽ കോഡിനേറ്റർ ശ്രീ പാട്രിക് എം.എ. നന്ദിയും അർപ്പിച്ചു. പ്രോ ലൈഫ് ഡയറക്ടർ ഫാദർ ഡെന്നി മോസസ്, അപ്പോസ്തോലിക് കാർമൽ പ്രൊവിൻഷ്യൽ സിസ്റ്റർ ജസീന എ.സി.വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസ്സി എം.പി.വി, ആനിമേറ്റർ സിസ്റ്റർ ആൽമ എ.സി., ജനറൽ കൺവീനർ ജോളി ജെറോം എന്നിവർ സംസാരിച്ചു.
റിഹാബിലിറ്റേഷൻ സെൻ്റെറിലെ മക്കൾ അവതരിപ്പിച്ച കലാവിരുന്നും, സ്നേഹവിരുന്നും ഉണ്ടായിരുന്നു .