ബോബന് വരാപ്പുഴ
നിരവധി ചരിത്രപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജോര്‍ജ് അറയ്ക്കലിന്റെ സത്യം തുറന്നുപറയുന്ന പുസ്തകമാണ് ‘വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും’. ചാവറയച്ചനെ സംബന്ധിച്ച് പ്രചരിപ്പിച്ചു വരുന്ന ചില അസത്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുകയാണ്.
ലോകചരിത്രത്തില്‍ എവിടെയെങ്കിലും മരണമടഞ്ഞ ഒരാള്‍ക്ക് രണ്ട് കല്ലറകളുണ്ടോ…. ?
ഇനി ഉണ്ടെങ്കില്‍ തന്നെ യുക്തിപരമായോ വിശ്വാസപരമായോ അതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? പറഞ്ഞു വരുന്നത് വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ പേരില്‍ കൂനമ്മാവിലും കോട്ടയം മാന്നാനത്തുമുള്ള കല്ലറകളെക്കുറിച്ചാണ്. 1871 ജനുവരി 3 ന് കുര്യാക്കോസച്ചന് കൂനമ്മാവില്‍ വച്ച് മരിച്ചുവെന്നാണ് ചരിത്രം. ഈ സത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും നൈരാശ്യകരമായ ആ ഉദ്യമത്തില്‍ പരാജയപ്പെട്ട് അപമാനിതരായ ഒരു ഗൂഢസംഘത്തെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തില്‍ നിന്നും മനസിലാക്കാനാകും. വിശുദ്ധ കുര്യാക്കോസച്ചന്റെ മരണം 1871 ജനുവരി മൂന്നിന് മാന്നാനത്തു വെച്ചാണെന്ന് സര്‍വവിജ്ഞാന കോശത്തില്‍ തിരുകി കയറ്റിയത് (പേജ് 673) വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പ്രൊഫസറായിരുന്ന ഡോ: ജേക്കബ് വെള്ളിയാനാണ്. പിന്നീട് ഈ കണ്ടെത്തല്‍ അവര്‍ തന്നെ പരിഷ്കരിച്ച് 1871-കൂനമ്മാവ് കൊവേന്തയില്‍ വച്ച് നിര്യാതനായ എന്നാക്കി. (സെന്റ് ഫിലോമിനാസ് ദേവാലയമല്ല).
പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1889 മെയ് 24 ന് മാന്നാനം ആശ്രമദേവാലയത്തില് പ്രതിഷ്ഠിച്ചുവത്രേ. കൂനമ്മാവില്‍ 1837 ല്‍ സ്ഥാപിതമായ ലത്തിന് ദേവാലയം പരിഷ്കരിക്കുന്ന അവസരത്തിലെല്ലാം തന്നെ അതിന്റെ അടിത്തറയില്‍ നിത്യവിശ്രമത്തില്‍ കഴിയുന്ന എല്ലാവരുടെയും ഭൗതികവശിഷ്ടം സംരക്ഷിക്കുന്നവിധത്തിലാണ് തറ സംരക്ഷിച്ചിരിക്കുന്നത്. മുന്‍ റെക്ടര്‍ ഫാ: ആന്റണി ചെറിയ കടവില്‍ പറയുന്നു.
‘1871-ജനുവരി 3 ന് വിശുദ്ധ ഫിലോമിനായുടെ ആശ്രമമുറിയില്‍ വച്ച് ഫാ: ചാവറ കുര്യാക്കോസ് അന്തരിച്ചു. കൂനമ്മാവ് ഇടവക പള്ളിയില്‍ പൂജ്യശരീരം അടക്കം ചെയ്തു. അന്തരിച്ച മുറിയും അടക്കം ചെയ്തിരിക്കുന്ന കബറിടവും കൂനമ്മാവിന് മാത്രം സ്വന്തം. ‘ (പേജ്. 161)
കടുത്ത വാതപ്പനി ബാധിതനായിരുന്ന കുര്യാക്കോസച്ചനെ,അമ്പഴക്കാട്ടുള്ള ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും രോഗം മൂര്‍ച്ഛിക്കുകയാണുണ്ടായത്. ഈ അവസരത്തില്‍ മാന്നാനത്തേക്ക് പോകാമെന്ന സി.എം.ഐ. സഭയിലെ തന്റെ സഹപ്രവര്‍ത്തകരായിരുന്ന അച്ചന്മാരുടെ ഉപദേശം അദ്ദേഹം സ്വീകരിച്ചില്ല. കൂനമ്മാവിലേക്ക് മടങ്ങി, കാരണം കൂനമ്മാമില് വച്ച് തനിക്ക് മരിക്കണമെന്ന് ആ വിശുദ്ധന് അത്രയേറെ അഭിലഷിച്ചിരുന്നുവെന്നതാണ് സത്യം.
ചരിത്രത്തിന് നിരക്കാത്ത അസത്യങ്ങള്‍ക്കെതിരെ കൂനമ്മാവ് ചാവറ കള്‍ച്ചറല്‍ അസോസിയേഷന് 1990-ല്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ അന്യായം ഫയര്‍ ചെയ്യുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. കുര്യാക്കോസച്ചന് കൂനമ്മാവില്‍ വച്ച് മരിച്ചെന്ന ചരിത്ര സത്യം അംഗീകരിച്ച കോടതി പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഭൗതികാവശിഷ്ടം മാന്നാനത്തേക്ക് കൊണ്ടുപോയെന്ന വാദത്തെ തള്ളിക്കളയുകയും ചെയ്തു.
കുര്യാക്കോസച്ചന്റെ ഭൗതികാവശിഷ്ടം ഏതു വിധേനെയും കൈക്കലാക്കണമെന്ന ലക്ഷ്യത്തോടെ പ്രതിഫലം നല്കി ഒരാളെ ഏര്പ്പാടാക്കിയത്രെ. രാത്രി പള്ളിയില്‍ അതിക്രമിച്ചു കയറിയ ആ അക്രമി, തന്റെ ജോലി ആരംഭിക്കവേ ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളെ കണ്ട് ജീവനും കൊണ്ടോടി. അടുത്തുള്ള സെമിത്തേരിയിലെ അസ്ഥിക്കുഴിയില്‍ നിന്നും ഏതാനും അസ്ഥികളെടുത്ത് അയാള്‍ തന്ത്രപൂര്‍വ്വം സി.എം.ഐ.അച്ചന്മാരെ ഏല്‍പ്പിച്ചു. അവരത് മന്നാനത്തു കൊണ്ടുപോയി സ്ഥാപിക്കുകയും വണങ്ങുകയും ചെയ്തു. 1986- ജൂണ്‍ 22 ന് ആ കുഴിമാടം തുറന്ന് പരിശോധിച്ചപ്പോള്‍ ലഭിച്ചെന്ന് പറയപ്പെടുന്ന എല്ലുകളുടെ കൂട്ടത്തില്‍ ലഭിച്ച കീഴ്ത്താടി അസ്ഥി, വട്ട മുഖമുള്ള ഒരാളുടെതാണെന്ന് കാണുകയാല്‍ അത് കുരിയാക്കോസച്ചന്റെതാണെന്ന് നിഗമനത്തിലെത്തുകയുമാണുണ്ടായതെത്രെ.
ചരിത്ര സത്യം പോലും നിയമപരമായി അംഗീകരിച്ചു കിട്ടാന്‍ ചരിത്ര കുതുകികളായിരുന്ന കൂനമ്മാവിലെ നമ്മുടെ പിതാക്കന്മാര്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് മറ്റൊരു ചരിത്രം. അപ്പോള്‍ എന്തായിരുന്നു യഥാര്‍ത്ഥ ചരിത്രം.?
1857-ല്‍ കൂനമ്മാവില്‍ വരാപ്പുഴ വികാരിയത്ത് ലത്തീന്കാര്ക്കായി ഒരു കര്‍മ്മലീത്ത സന്ന്യാസാശ്രമം ആരംഭിച്ചപ്പോള്‍ അന്നത്തെ വരാപ്പുഴ വികാരി അപ്പോസ്തലിക്കായിരുന്ന ബെര്ണദീന് ബെച്ചിനെല്ലി പിതാവിന്റെ പ്രത്യേക ആഗ്രഹപ്രകാരം കുര്യാക്കോസച്ചനടക്കം ഏതാനും വൈദീകര്‍, മാന്നാനം കൊവേന്തയില്‍ നിന്നും ഇവിടെ വന്ന് റീത്തു ഭേദമെന്യേ ഒരുമിച്ചു താമസിച്ചു.
വികാര്‍ അപ്പസ്തോലിക്കായിരുന്ന അഭിവന്ദ്യ ബെര്ണദീന് ബെച്ചിനെല്ലി പിതാവാണ്, പില്ക്കാലത്ത് പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ചരിത്രപരമായ ഇടയലേഖനം പുറപ്പെടുവിച്ചത്. അതിന്റെ നല്ഫലങ്ങളാണ് പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസമടക്കമുള്ള നവോത്ഥാനത്തിന് മൂലക്കല്ലായി തീര്‍ന്നത്. അന്ന് പിതാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന , ഉത്തമനും മാതൃകാ പുരുഷനുമായൊരു പ്രചാരകനായിരുന്നു വിശുദ്ധനായ കുര്യാക്കോസച്ചന്….
1861-ല്‍ റോക്കോസ് ശീശ്മയുടെ സ്വാധീനത്തില്‍ വിശ്വാസികള്‍ വശംവദരായപ്പോള്‍ കുര്യാക്കോസച്ചനെ ബെച്ചിനെല്ലി പിതാവ് തന്റെ വികാരി ജനറലായി നിയമിക്കുകയും സുറിയാനി ക്രൈസ്തവരുടെ പ്രത്യക ചുമതല ഭരമേല്‍പ്പിക്കുകയും ചെയ്തു.
തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിയ അച്ചന് 1864 മുതല്‍ 1871 വരെ, ഏഴു വര്‍ഷക്കാലം കൂനമ്മാവ് ആശ്രമത്തില്‍ താമസിച്ചു സേവനം ചെയ്തു വരികെ 1871- ജനുവരി 3 ന് ഇടവക ദേവാലയത്തിനോട് ചേര്‍ന്നുള്ള ആശ്രമ മുറിയില്‍ വച്ച് മരിച്ചു.
പിറ്റേന്ന് 4-ാം തിയതി അദ്ദേഹത്തിന്റെ ഭൗതികദേഹം കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്തു. കുര്യാക്കോസച്ചന് അക്കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, കിണര്‍, കുളം, ചവിട്ടുകല്ല് എന്നിവ അടക്കം ഇവിടത്തെ മ്യൂസിയത്തില്‍ ഇന്നുമുണ്ട്. സമൂഹത്തില്‍ പേരും മതിപ്പുമുള്ള മഹത് വ്യക്തികളെക്കൊണ്ട് പറഞ്ഞെഴുതിപ്പിച്ചെന്ന പോലെ നിരവധി ജീവചരിത്രങ്ങള്‍ ഇന്ന് സുലഭമാണ്.